വാക്സിന്‍ എടുക്കാത്തവർക്കും 15 വയസിന് താഴെയുള്ളവർക്കും റിപ്പബ്ലിക് ദിന പരേഡിന് പ്രവേശനമില്ല
text_fieldsന്യൂഡൽഹി: രണ്ടു ഡോസ് വാക്സിൻ എടുക്കാത്തവരെയും 15 വയസിന് താഴെയുള്ളവരെയും റിപ്പബ്ലിക് ദിന പരേഡ് കാണാന്‍ അനുവദിക്കില്ലെന്ന് വ്യക്തമാക്കി ഡൽഹി പൊലീസ് മാർഗ നിർദേശങ്ങൾ പുറപ്പെടുവിച്ചു. ജനുവരി 26 ന് രാജ്പഥിൽ നടക്കുന്ന ചടങ്ങിൽ മാസ്ക്ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക തുടങ്ങിയ എല്ലാ കോവിഡ് മാനദണ്ഡങ്ങളും നിർബന്ധമായും പാലിക്കണമെന്നും പൊലീസ് അറിയിച്ചു.
റിപ്പബ്ലിക് ദിന പരേഡിന്‍റെ വേദി സന്ദർശകർക്കായി രാവിലെ 7 മണി മുതൽ തുറക്കുമെന്ന് മാർഗനിർദ്ദേശത്തിൽ പറയുന്നുണ്ട്. പാർക്കിങ് പരിമിതമായതിനാൽ സന്ദർശകരോട് കാർപൂൾ അല്ലെങ്കിൽ ടാക്സി ഉപയോഗിക്കാനാണ് നിർദ്ദേശം. ഓരോ പാർക്കിങ് കേന്ദ്രങ്ങളിലും റിമോട്ട് നിയന്ത്രണത്തിലുള്ള കാർ ലോക്ക് കീകൾ നിക്ഷേപിക്കുന്നതിനുള്ള സംവിധാനങ്ങൾ ഉണ്ടായിരിക്കും.
പരേഡ് കാണാന്‍ വരുന്നവർ നിർബന്ധമായും സാധുതയുള്ള തിരിച്ചറിയൽ കാർഡ് കൈവശം വെക്കേണ്ടതുണ്ട്. അടുത്തിടെ റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി ഡൽഹിയിൽ യു.എ.വികൾ, പാരാഗ്ലൈഡറുകൾ, ഹോട്ട് എയർ ബലൂണുകൾ എന്നിവ പറത്തുന്നത് നിരോധിച്ചിരുന്നു.
71 ഡി.സി.പിമാരും 213 എ.സി.പിമാരും 753 ഇൻസ്പെക്ടർമാരും ഉൾപ്പെടെ 27,723 പൊലീസുകാരെ സുരക്ഷാ ചുമതലകൾക്കായി ഡൽഹിയിൽ വിന്യസിച്ചിട്ടുണ്ടെന്നും റിപ്പബ്ലിക് ദിനം കണക്കിലെടുത്ത് തീവ്രവാദ വിരുദ്ധ നടപടികൾ ശക്തമാക്കിയിട്ടുണ്ടെന്നും ഡൽഹി പോലീസ് കമ്മീഷണർ രാകേഷ് അസ്താന പറഞ്ഞു. തീവ്രവാദ വിരുദ്ധ നടപടികളുടെ ഭാഗമായി വാഹനങ്ങൾ, ഹോട്ടലുകൾ, ലോഡ്ജുകൾ എന്നിവ കേന്ദ്രീകരിച്ച് പരിശോധകൾ ശക്തമാക്കും.
കഴിഞ്ഞ രണ്ട് മാസത്തിനുള്ളിൽ തീവ്രവാദ വിരുദ്ധ നടപടികൾ ഊർജിതമാക്കിയതായും കമ്മീഷണർ അവകാശപ്പെട്ടു. പൊതുജനങ്ങൾക്ക് അസൗകര്യം ഉണ്ടാകാതിരിക്കാൻ ഗതാഗത ക്രമീകരണങ്ങളെക്കുറിച്ചും റൂട്ടുകളിൽ ഏർപ്പെടുത്തിയിരിക്കുന്ന പ്രത്യേക നിയന്ത്രണങ്ങളെക്കുറിച്ചുമുള്ള മാർഗരേഖ ഇതിനോടൊപ്പം നൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.