അജ്മൽ കസബിനെ തിരിച്ചറിഞ്ഞ ദൃക്സാക്ഷി തെരുവിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ
text_fieldsമുംബൈ: 2008 നവംബർ 26ലെ മുംബൈ ഭീകരാക്രമണ കേസിലെ പ്രധാന പ്രതി അജ്മൽ കസബിനെ തിരിച്ചറിഞ്ഞ ദൃക്സാക്ഷിയെ തെരുവിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി.
കല്യാൺ സ്വദേശി ഹരിശ്ചന്ദ്ര ശ്രീവർധൻകറിനെയാണ് വീട്ടുകാർ ഉപേക്ഷിച്ചതിനെ തുടർന്ന് മുംബൈയിലെ തെരുവോരത്ത് അവശനിലയിൽ കണ്ടെത്തിയത്. ഒരു കടയുടമയും ഐ.എം കെയേഴ്സ് എന്ന സന്നദ്ധ സംഘടനയുമാണ് അദ്ദേഹത്തെ തെരുവിൽ നിന്ന് രക്ഷിച്ചത്.
തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് അജ്മൽ കസബിനെ തിരിച്ചറിഞ്ഞ പ്രധാന ദൃക്സാക്ഷിയാണിതെന്ന് മനസ്സിലാകുന്നത്. മുംബൈ ഭീകരാക്രമണത്തിൽ ഹരിശ്ചന്ദ്രക്ക് വെടിയേൽക്കകയും ചെയ്തിരുന്നു.
കാമ ഹോസ്പിറ്റലിന് പുറത്ത് കസബും കൂട്ടാളി അബു ഇസ്മായിലും വെടിയുതിർത്തപ്പോളാണ് ഹരിശ്ചന്ദ്രക്ക് പരിക്കേറ്റത്. പിന്നീട് കേസിലെ പ്രധാന ദൃക്സാക്ഷികളിലൊരാളായിരുന്നു ഹരിശ്ചന്ദ്ര.
ഡീൻ ഡിസൂസ എന്ന കടയുടമയാണ് അദ്ദേഹത്തെ തെരുവിൽ അവശനിലയിൽ കണ്ടെത്തിയത്. ഡീൻ വിവരമറിയിച്ചതിനെ തുടർന്ന് ഐ.എം കെയേഴ്സ് എന്ന സംഘടനയുടെ ഭാരവാഹി ഗയ്ക്വാദ് എത്തി ഹരിശ്ചന്ദ്രയെ കുളിപ്പിച്ച് ഭക്ഷണവും പുതുവസ്ത്രവും മറ്റും നൽകി.
ഭക്ഷണം കഴിക്കാനും സംസാരിക്കാനും വിസമ്മതിച്ച അദ്ദേഹം ഇടക്കിടെ ഹരിശ്ചന്ദ്ര, ബി.എം.സി, മഹാലക്ഷ്മി എന്നിങ്ങനെ മാത്രമാണ് പറഞ്ഞിരുന്നത്. തുടർന്ന് ബി.എം.സി കോളനിയിൽ നടത്തിയ അന്വേഷണത്തിൽ അദ്ദേഹത്തിന്റെ സഹോദരനെ കണ്ടെത്തി. അപ്പോഴാണ് മുംബൈ ഭീകരാക്രമണ കേസിലെ പ്രധാന ദൃക്സാക്ഷികളിലൊരാളാണ് ഇതെന്ന് തിരിച്ചറിയുന്നത്.
അഗ്രിപാദ പൊലീസുമായി ബന്ധപ്പെട്ടതിനെ തുടർന്ന് കല്യാണിലുള്ള ഹരിശ്ചന്ദ്രയുടെ മകന് യാത്രാ പാസ് അനുവദിച്ച് കിട്ടി. തുടർന്ന് മകന്റെ കൂടെ ഹരിശ്ചന്ദ്രയെ വീട്ടിലേക്കയച്ചു.
എന്നാൽ, അദ്ദേഹത്തെ സംരക്ഷിക്കാൻ കഴിയില്ലെന്ന നിലപാടാണ് വീട്ടുകാർക്കെന്ന് ഗയ്ക്വാദ് പറയുന്നു. ഏതെങ്കിലും ആശ്രമത്തിൽ അദ്ദേഹത്തെ കൊണ്ടുചെന്നാക്കാൻ സഹായിക്കണമെന്ന് വീട്ടുകാർ തന്നോട് ആവശ്യപ്പെട്ടതായും ഗയ്ക്വാദ് പറഞ്ഞു. രാജ്യത്തെ ആക്രമിച്ച ഒരു തീവ്രവാദിക്ക് പരമാവധി ശിക്ഷ നേടിക്കൊടുക്കുന്നതിൽ സുപ്രധാന പങ്ക് വഹിച്ച ഹരിശ്ചന്ദ്രയെ സഹായിക്കാൻ സുമനസ്സുകൾ മുന്നോട്ട് വരുമെന്ന പ്രതീക്ഷയിലാണ് ഐ.എം. കെയേഴ്സ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.