‘ആഗ്രഹിക്കാത്ത’ ഗർഭധാരണം; മുൻനിരയിലുള്ള 82 ജില്ലകളിൽ കേരളത്തിലെ നാലു ജില്ലകളും
text_fieldsന്യൂഡൽഹി: ആഗ്രഹിക്കാത്തതും അപ്രതീക്ഷിതവുമായ ഗർഭധാരണ നിരക്കിൽ മുമ്പിലുള്ള 82 ഇന്ത്യൻ ജില്ലകളിൽ കേരളത്തിലെ നാല് ജില്ലകളും. കോട്ടയം, പത്തനംതിട്ട, തിരുവനന്തപുരം, തൃശൂർ എന്നിവയാണ് ഇക്കാര്യത്തിൽ ദേശീയ ശരാശരിയെയും കവച്ചുവെക്കുന്നത്. ഡൽഹിയിലെ ആറും ബംഗാളിലെ മൂന്നും ജില്ലകൾ ഈ പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്.
കുടുംബാസൂത്രണ സേവനങ്ങളിലെ അഭാവം, ആൺകുഞ്ഞിനായുള്ള മുൻഗണനകൾ, ചെറിയ കുടുംബത്തിനായുള്ള ആഗ്രഹം എന്നിവയാണ് ‘അനാവശ്യ’ ഗർഭധാരണ നിരക്കുകൾ ഉയർത്തുന്നതെന്ന് ഗവേഷകർ ചൂണ്ടിക്കാട്ടുന്നു. ആഗ്രഹിക്കാത്ത ഗർഭധാരണ നിരക്ക് ദേശീയ ശരാശരിയേക്കാൾ വളരെ കൂടുതലുള്ള ജില്ലകളും അവർ പുറത്തുവിട്ടു. ദേശീയ ശരാശരിയനുസരിച്ച് 1,000 ഗർഭധാരണങ്ങളിൽ 91 എണ്ണം ഇത്തരം ഗർഭധാരണങ്ങളാണ് (9.1 ശതമാനം). ഇത് ഉയർന്ന വരുമാനമുള്ള രാജ്യങ്ങളിലെ 1,000ൽ 34 എന്ന ശരാശരിയുടെ മൂന്നിരട്ടിയാണ്.
എന്നാൽ, ജില്ലകളിലുടനീളമുള്ള വലിയ അസമത്വങ്ങൾ മറച്ചുപിടിക്കുന്നതാണ് ദേശീയ ശരാശരി. ദേശീയ തലസ്ഥാനത്തിന്റെ ഹൃദയഭാഗത്ത് ഡൽഹിയിൽ ആഗ്രഹിക്കാത്ത ഗർഭധാരണ നിരക്ക് 18.6 ശതമാനമാണ്. അഥവാ ദേശീയ ശരാശരിയുടെ ഇരട്ടിയിലധികം. ബംഗാളിലെ ബിർഭം, മാൾഡ, നോർത്ത് ദിനാജ്പൂർ എന്നിവയും കേരളത്തിലെ കോട്ടയം, പത്തനംതിട്ട, തിരുവനന്തപുരം, തൃശൂർ എന്നിവിടങ്ങളിൽ ഉൾപ്പെടുന്ന 82 ജില്ലകളിൽ അപ്രതീക്ഷിത ഗർഭധാരണ നിരക്ക് 15 ശതമാനത്തിൽ കൂടുതലാണ്. രാജ്യത്തെ 137 ജില്ലകളിൽ ഇത് 10 മുതൽ 15 ശതമാനം വരെയാണ്.
‘ആഗ്രഹിക്കാത്ത’ ഗർഭധാരണ വിഷയത്തിൽ പ്രത്യേക ശ്രദ്ധ ആവശ്യമായേക്കാവുന്ന ജില്ലകളിലേക്ക് തങ്ങളുടെ കണ്ടെത്തൽ വിരൽ ചൂണ്ടുന്നുവെന്ന് പഠനത്തിന് നേതൃത്വം നൽകിയ ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റിയിലെ ഡെമോഗ്രാഫറും ജിയോഗ്രഫി അസിസ്റ്റന്‍റ് പ്രഫസറുമായ ആദിത്യ സിങ് പറഞ്ഞു. ഉദാഹരണത്തിന്, കേരളത്തിലെ 14 ജില്ലകളിലെ നാലെണ്ണത്തിൽ ഉദ്ദേശിക്കാത്ത ഗർഭധാരണ നിരക്ക് ദേശീയ ശരാശരിയേക്കാൾ കൂടുതലാണ്. മികച്ച മാതൃ-ശിശു ആരോഗ്യ സൂചകങ്ങളുള്ള സംസ്ഥാനങ്ങളിലൊന്നാണ് കേരളം. നയനിർമാതാക്കൾക്ക് അസാധാരണമാംവിധം ഉയർന്ന നിരക്കുള്ള ജില്ലകൾക്ക് മുൻഗണന നൽകാം. പ്രത്യേകിച്ച് ഗർഭനിരോധന മാർഗങ്ങളുടെ ഉപയോഗം കുറവുള്ള ജില്ലകളിൽ -സിങ് ചൂണ്ടിക്കാട്ടുന്നു.
പഠനത്തിനാധാരമായ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ 2019-21ലെ നാഷണൽ ഫാമിലി ഹെൽത്ത് സർവേയിൽ 636,000 വീടുകളിൽനിന്ന് 219,000 ഗർഭിണികളെ ഉൾപ്പെടുത്തി. 9.1 ശതമാനം ഗർഭധാരണങ്ങളും അമ്മമാർ ഉദ്ദേശിക്കാത്തതോ അനാവശ്യമോ തെറ്റായതോ എന്നിങ്ങനെ അതിൽ തരംതിരിച്ചിരിക്കുന്നു. ബീഹാറിൽ 30, ഉത്തർപ്രദേശിൽ 14, മധ്യപ്രദേശിൽ 8, ഡൽഹിയിൽ 6, ഹരിയാനയിൽ 4, ബംഗാൾ, ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിൽ 3 വീതം ജില്ലകളിൽ 15 ശതമാനത്തിലധികം ഗർഭധാരണം നടക്കുന്നതായി ബി.എം.സി പ്രെഗ്നൻസി ആൻഡ് ചൈൽഡ് ബർത്ത് ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു.
കേരളത്തിലേതുപോലെ ഡൽഹി, ഹരിയാന, പടിഞ്ഞാറൻ ഉത്തർപ്രദേശ് എന്നിവിടങ്ങളിലെ ഉയർന്ന നിരക്കുകൾ ആശ്ചര്യജനകമാണ്. എന്നാൽ വ്യത്യസ്ത സ്ഥലങ്ങളിൽ കാരണവും വ്യത്യസ്തമായിരിക്കാം -ഗവേഷകയും പഠനത്തിന്റെ സഹ എഴുത്തുകാരിയുമായ മഹാശ്വേത ചക്രബർത്തി പറഞ്ഞു. കേരളത്തിലെ ഉയർന്ന നിരക്കുകൾ ഗർഭനിരോധന മാർഗങ്ങളിലേക്കോ മെച്ചപ്പെട്ട പ്രത്യുൽപാദന ആരോഗ്യ വിദ്യാഭ്യാസ ബോധവൽക്കരണത്തിലേക്കോ കൂടുതൽ ശ്രദ്ധ ആവശ്യമാണെന്നാണ് സൂചിപ്പിക്കുന്നതെന്നും ഗവേഷകർ പറയുന്നു.
നഗരവൽക്കരിക്കപ്പെട്ട ഡൽഹി, ഹരിയാന, പടിഞ്ഞാറൻ ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ സാംസ്കാരിക മുൻഗണനകളും സാമൂഹിക മാനദണ്ഡങ്ങളും ഉള്ളതായി ഗവേഷകർ അനുമാനിക്കുന്നു. ഡൽഹിയിലോ ഹരിയാനയിലോ താരതമ്യേന സമ്പന്നമായ ജില്ലകളിലെ ഉയർന്ന നിരക്ക് ഒരു ആൺകുഞ്ഞിനോട് ദീർഘകാലമായി നിലനിൽക്കുന്ന സാംസ്കാരിക മുൻഗണനകളിൽ നിന്ന് ഉണ്ടായാതാവാം. എന്നാൽ ചിലപ്പോൾ ഇത് ഒരു ചെറിയ കുടുംബത്തോടുള്ള മുൻഗണനയുടെ ഫലവുമാകാം. മാതാപിതാക്കൾക്ക് ചെറിയ കുടുംബം മതിയെന്നാണെങ്കിൽ ‘അധിക’ കുട്ടിയെ ഉദ്ദേശിക്കാത്ത ഗർഭധാരണമായി അവൾ തരംതിരിച്ചേക്കാം. ഒരു ചെറിയ കുടുംബം നിലനിർത്താനുള്ള സമ്മർദം തന്നെ ‘ആകസ്മിക ഗർഭധാരണ’ത്തിന്റെ എണ്ണമേറ്റും - മഹാശ്വേത ചക്രബർത്തി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.