വഴങ്ങാതെ സർക്കാർ; സമരം ശക്തമാക്കി കർഷകർ
text_fieldsന്യൂഡൽഹി: സർക്കാറിന്റെ യുദ്ധമുറക്കു മുന്നിൽ മുട്ടുമടക്കാതെ ‘ദില്ലി ചലോ’ മാർച്ചുമായി മുന്നോട്ടുപോകുമെന്ന് സമരമുഖത്തുള്ള കർഷകർ. സമരം നിർത്തിവെച്ച് ചർച്ചക്ക് അവസരമൊരുക്കണമെന്ന കേന്ദ്രസർക്കാറിന്റെ ആവശ്യം കർഷകർ തള്ളി. പഞ്ചാബിൽ വ്യാഴാഴ്ച ഉച്ചക്ക് 12 മുതൽ നാലു മണിക്കൂർ ട്രെയിൻ തടയൽ പ്രഖ്യാപിക്കുകയും ചെയ്തു. പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങും കൃഷിമന്ത്രി അർജുൻ മുണ്ടയുമടക്കമുള്ള മന്ത്രിമാർ ബുധനാഴ്ച യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി. വ്യാഴാഴ്ച വൈകീട്ട് ചണ്ഡിഗഢിൽ വീണ്ടും കർഷകരുമായി ചർച്ച നടത്താൻ തീരുമാനിച്ചു.
കാർഷിക വിളകൾക്ക് അധ്വാനത്തിനും വിയർപ്പിനുമൊത്ത വില കിട്ടാനായി കർഷകർ ചൊവ്വാഴ്ച ആരംഭിച്ച സമരം രണ്ടുദിവസം പിന്നിട്ടു.
സാധാരണക്കാരെ വലക്കുന്നതാണ് സമരമെന്നും നിയമപരിരക്ഷയോടെ മിനിമം താങ്ങുവില സമ്പ്രദായം കൊണ്ടുവരണമെന്ന ആവശ്യം പെട്ടെന്ന് നടപ്പാക്കാൻ കഴിയില്ലെന്നും കൃഷിമന്ത്രി അർജുൻ മുണ്ടെ പറഞ്ഞു. ഡൽഹിയിലേക്ക് പുറപ്പെട്ട പഞ്ചാബിൽനിന്നുള്ള കർഷകർക്ക് ഹരിയാനയിലേക്ക് പ്രവേശിക്കാൻ രണ്ടുദിവസമായിട്ടും സാധിച്ചില്ല. അതിർത്തികളിൽ ഹരിയാന പൊലീസുമായി സംഘർഷം തുടരുകയാണ്. ഇതുവരെ 60 പേർക്ക് പരിക്കേറ്റതായി കർഷക സംഘടനകൾ അറിയിച്ചു. 24 പൊലീസുകാർക്കും പരിക്കേറ്റു.
പഞ്ചാബ്-ഹരിയാന അതിർത്തി പ്രദേശമായ ശംഭുവിലാണ് രൂക്ഷമായ സംഘർഷം തുടരുന്നത്. പൊലീസ് റോഡ് തടസ്സപ്പെടുത്തി നിരത്തിവെച്ച കോൺക്രീറ്റ് ബ്ലോക്കുകൾ പ്രതിഷേധക്കാർ ട്രാക്ടറുകളുടെ സഹായത്തോടെ കെട്ടിവലിച്ച് നീക്കി. മൂന്നു പാളികൾ തകർത്ത് ഹരിയാനയിലേക്ക് കടക്കാനുള്ള ശ്രമം തുടരുകയാണ്. പൊലീസിന്റെ ബാരിക്കേഡുകൾ മറികടക്കാൻ ബുൾഡോസർ ഇറക്കിയാണ് കർഷകരുടെ പുതിയ നീക്കം. കൂടുതൽ കർഷകരെത്തിയതോടെ ശംഭു അതിർത്തിയിൽ കിലോമീറ്ററുകളോളം നീളത്തിൽ ട്രാക്ടറുകൾ നിരന്നു.
ഖനൗരിയും കഴിഞ്ഞദിവസങ്ങളിൽ മണിക്കൂറോളം യുദ്ധക്കളമായി. എണ്ണത്തിൽ കുറവായതോടെ കർഷകർ ആദ്യം പിൻവലിഞ്ഞു. ഹരിയാനയിൽനിന്നുള്ള കർഷകരും എത്തിയതോടെ സംഘർഷം രൂക്ഷമായി. ഡൽഹി അതിർത്തിയിലെ പൊലീസ് സന്നാഹം കൂടുതൽ ശക്തമാക്കി. നിരീക്ഷണത്തിന് കൂടുതൽ സി.സി.ടി.വി കാമറകൾ സ്ഥാപിച്ചു. പുലർച്ചെപോലും സമരക്കാർക്കിടയിലേക്ക് ഹരിയാന പൊലീസ് ഡ്രോണുകൾവഴി കണ്ണീർവാതക ഷെല്ലുകൾ പ്രയോഗിച്ചതായി കർഷകർ പറഞ്ഞു. പൊലീസ് പ്രയോഗിച്ച പ്ലാസ്റ്റിക്, റബർ ബുള്ളറ്റുകൾ കർഷക നേതാക്കൾ വാർത്തസമ്മേളനത്തിൽ പ്രദർശിപ്പിച്ചു. കണ്ണീർവാതക ഷെല്ലുകൾ വർഷിക്കാൻ വരുന്ന ഡ്രോണുകളെ കർഷകർ പട്ടം പറത്തിയാണ് തടയുന്നത്.
ഹരിയാന പൊലീസ് അതിർത്തി കടന്ന് ഡ്രോൺ വഴി കണ്ണീർവാതക ഷെല്ലുകൾ വർഷിക്കുന്നത് ചോദ്യം ചെയ്ത് പഞ്ചാബ് സർക്കാർ രംഗത്തുവന്നു. ഹരിയാന സർക്കാറിന് പഞ്ചാബ് നോട്ടീസ് അയച്ചിട്ടുണ്ട്. പരിക്കേറ്റ കർഷകരുടെ ചികിത്സ ചെലവ് വഹിക്കുമെന്ന് പഞ്ചാബ് സർക്കാർ അറിയിച്ചു.
ചികിത്സയിൽ കഴിയുന്ന കർഷകരെ പഞ്ചാബ് ആരോഗ്യ മന്ത്രി ബുധനാഴ്ച സന്ദർശിച്ചു. പരിക്കേറ്റവരുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഫോണിൽ സംസാരിച്ചു.
കേന്ദ്ര സർക്കാർ നടപടിയിൽ വിമർശനവുമായി കോൺഗ്രസ് നേതാക്കളും രംഗത്തുവന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.