ബീഫുണ്ടെന്ന് ആരോപിച്ച് വീടിനുള്ളിലേക്ക് അതിക്രമിച്ച് കയറി യു.പി പൊലീസ്; ഹൃദയാഘാതം മൂലം സ്ത്രീ മരിച്ചു
text_fieldsലഖ്നോ: ബീഫ് ഉണ്ടെന്ന് ആരോപിച്ച് വീടിനുള്ളിലേക്ക് അതിക്രമിച്ച് കയറി യു.പി പൊലീസ്. ബിജ്നോർ ജില്ലയിയെ ഖട്ടായി ഗ്രാമത്തിലാണ് സംഭവമുണ്ടായത്. വീടിനുള്ളിലേക്ക് അതിക്രമിച്ച് കയറി പൊലീസ് 55കാരിയോട് മോശമായി പെരുമാറുകയും ഇതേ തുടർന്ന് ഇവർക്ക് ഹൃദയാഘാതമുണ്ടാവുകയുമായിരുന്നുവെന്ന് കുടുംബാംഗങ്ങൾ പറഞ്ഞു. റസിയയെന്ന സ്ത്രീയാണ് മരിച്ചത്.
നാല് കോൺസ്റ്റബിൾമാരാണ് വീടിനുള്ളിലേക്ക് അതിക്രമിച്ച് കയറിയത്. ബീഫില്ലെന്ന് പൊലീസുകാരോട് പറഞ്ഞെങ്കിലും അവർ അത് കേൾക്കാൻ തയാറായില്ല. ഫ്രിഡ്ജ് ഉൾപ്പെടെ തുറന്ന് കാണിച്ചുവെങ്കിലും വീട്ടിൽ നിന്നും പുറത്ത് പോകാൻ പൊലീസ് തയാറായില്ല. പകരം വീട്ടിലെ ഗൃഹോപകരണങ്ങൾ നശിപ്പിക്കുകയാണ് അവർ ചെയ്തത്. ഇതിനിടെ 55കാരിക്ക് ഹൃദയാഘാതമുണ്ടാവുകയായിരുന്നു. ഇവരെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പൊലീസുകാരുടെ സംഘത്തിൽ വനിത ഉദ്യോഗസ്ഥർ ഉണ്ടായിരുന്നില്ലെന്നും കുടുംബം ആരോപിച്ചു.
സംഭവത്തിന് പിന്നാലെ സമാജ്‍വാദി പാർട്ടി എം.എൽ.എ മനോജ് കുമാർ പരാസിന്റെ നേതൃത്വത്തിലുള്ള സംഘം ജില്ലാ പൊലീസ് മേധാവിയെ കണ്ട് കൂടുതൽ ശക്തമായ നടപടികൾ ആവശ്യപ്പെട്ടു. പ്രാദേശിക പാർട്ടി നേതാക്കളും മുസ്‍ലിം നേതാക്കളും സംഘത്തിലുണ്ടായിരുന്നു.
അതേസമയം, സ്ത്രീയുടെ മരണത്തിന് പൊലീസ് റെയ്ഡുമായി ബന്ധമില്ലെന്ന് കിർതാപൂർ പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ ജയ് ഭഗവാൻ സിങ് പറഞ്ഞു. ആസ്തമ രോഗിയായ റസിയ നാല് വർഷമായി ചികിത്സയിലാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ഇവരുടെ വീട്ടിൽ നിന്നും ബീഫ് കണ്ടെത്തിയില്ലെന്ന് ബിജ്നോർ എസ്.പി അഭിഷേക് ഝാ പറഞ്ഞു. കേസിൽ വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.