നോയിഡയിലെ 40 നില സൂപ്പർടെക്ക് ഇരട്ട ടവർ 28ന് പൊളിക്കും; ക്രമീകരണങ്ങൾ അവസാനഘട്ടത്തിൽ
text_fieldsന്യൂഡൽഹി: റിയൽ എസ്റ്റേറ്റ് ഡെവലപ്പറായ സൂപ്പർടെക്ക് ഡൽഹി നോയിഡയിൽ അനധികൃതമായി നിർമ്മിച്ച 40 നില ഇരട്ട ടവറുകൾ പൊളിച്ചു നീക്കാനുള്ള ക്രമീകരണങ്ങൾ അവസാനഘട്ടത്തിൽ. ആഗസ്റ്റ് 28 ഉച്ചക്ക് 2.30ന് നിയന്ത്രിത സ്ഫോടനത്തിൽ ഇരട്ട ടവറുകൾ പൊളിച്ചു നീക്കും. ഇതിനുള്ള ഒരുക്കങ്ങൾ നടന്നുവരുന്നതായി റെസിഡന്‍റ്സ് വെൽഫയർ അസോസിയേഷൻ (ആർ.ഡബ്ല്യു.എ) വൈസ് പ്രസിഡന്‍റ് എ. സച്ചാർ വ്യക്തമാക്കി.
ആഗസ്റ്റ് 28ന് രാവിലെ ഏഴുമണിയോടെ പ്രദേശവാസികളെ ഒഴിപ്പിക്കുകയും പ്രദേശത്തേക്കുള്ള വാഹന ഗതാഗതം പൂർണമായും വിലക്കുകയും ചെയ്യും. പ്രദേശത്തെ വൈദ്യുതി വിതരണം, ജലവിതരണം അടക്കമുള്ളവ നിർത്തിവെക്കും. ഉച്ചക്ക് 12 മണിയോടെ പ്രദേശത്ത് നിന്ന് എല്ലാവരെയും ഒഴിപ്പിക്കും. തുടർന്ന് സർക്കാർ ഉദ്യോഗസ്ഥർ അവസാനവട്ട പരിശോധന പൂർത്തിയാക്കിയ ശേഷം 2.30 സ്ഫോടനം നടത്തും.
ശബ്ദ നിയന്ത്രിത സ്ഫോടനത്തിനായി 3700 കിലോഗ്രാം സ്ഫോടകവസ്തുവാണ് 40 നിലകളിലായി സ്ഥാപിക്കുന്നത്. സ്ഫോടകവസ്തുക്കളെ വയറുമായി ബന്ധിപ്പിക്കുന്നത് വരുന്ന മൂന്നു ദിവസത്തിനുള്ളിൽ പൂർത്തിയാകും. കുത്തബ് മിനാറിനേക്കാൾ ഉയരമുള്ള സൂപ്പർടെക്കിന്റെ ഇരട്ട ടവറുകൾ ഒമ്പത് സെക്കൻഡിനുള്ളിൽ നിലംപതിക്കും. ഇന്ത്യയിൽ പൊളിക്കപ്പെടുന്ന ഏറ്റവും ഉയരം കൂടിയ കെട്ടിടമാണ് സൂപ്പർടെക്കിന്റെ ഇരട്ട ടവറുകൾ.
അപെക്‌സ് (32 നിലകൾ), സെയാൻ (29 നിലകൾ) എന്നിവ പൊളിക്കുന്നതിലൂടെ ഏകദേശം 35,000 ക്യുബിക് മീറ്റർ അവശിഷ്ടങ്ങളാണ് അവശേഷിപ്പിക്കുക. ഈ അവശിഷ്ടങ്ങൾ നീക്കം ചെയ്യാൻ കുറഞ്ഞത് മൂന്ന് മാസമെങ്കിലും വേണ്ടി വരും.
നോയിഡ അതോറിറ്റി ഉദ്യോഗസ്ഥരുമായി ഒത്തുകളിച്ച് അനധികൃതമായാണ് സൂപ്പർടെക് ലിമിറ്റഡ് കെട്ടിട നിർമാണം നടത്തിയതെന്ന് നേരത്തെ സുപ്രീംകോടതി കണ്ടെത്തിയിരുന്നു. ഇതേതുടർന്ന് നിർമാണത്തിലിരിക്കുന്ന 40 നിലകളുള്ള ഇരട്ട ടവറുകൾ മൂന്ന് മാസത്തിനുള്ളിൽ പൊളിച്ച് നീക്കാൻ 2021 ആഗസ്റ്റ് 31ന് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു.
കൂടാതെ, വീട് വാങ്ങിയവരുടെ മുഴുവൻ തുകയും ഫെബ്രുവരി 28നോ അതിനുമുമ്പോ തിരികെ നൽകണമെന്ന് കോടതി നിർദേശിച്ചു. തുടർന്ന് പരീക്ഷണാടിസ്ഥാനത്തിൽ നടത്തിയ സ്ഫോടനത്തിൽ കെട്ടിടഘടന പ്രതീക്ഷിച്ചതിലും ശക്തമാണെന്ന് സ്ഥിരീകരിച്ച സാഹചര്യത്തിൽ ഈ വർഷം മെയ് 22നുള്ളിൽ കെട്ടിടം പൊളിക്കാനായി കോടതി സാവകാശം നൽകി. എന്നാൽ, പൊളിക്കുന്നതിന് കൂടുതൽ സ്ഫോടകവസ്തുക്കൾ ആവശ്യമാണെന്ന് അധികൃതർ അറിയിച്ചതിനെ തുടർന്ന് സമയപരിധി നീട്ടി ആഗസ്റ്റ് 28 വരെ സുപ്രീംകോടതി നീട്ടുകയായിരുന്നു.
2020 ജനുവരിയിൽ കുണ്ടന്നൂർ കായൽ തീരത്ത് അനധികൃതമായി നിർമിച്ച കൊച്ചി മരടിലെ അഞ്ച് ഫ്ലാറ്റ് സമുച്ചയങ്ങൾ ഹൈകോടതി നിർദേശത്തെ തുടർന്ന് നിയന്ത്രിത സ്ഫോടനത്തിൽ പൊളിച്ചുനീക്കിയിരുന്നു. തീരദേശ പരിപാലന നിയമം ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് മരടിലെ ഹോളി ഫെയ്ത്ത് എച്ച് 2 ഒ, ആൽഫ സെറിൻ (ഇരട്ട ടവർ), ജെയിൻ കോറൽ കോവ്, ഗോൾഡൻ കായലോരം എന്നീ ഫ്ലാറ്റുകൾ ജനുവരി 11, 12 തീയതികളിലായി സ്ഫോടനം വഴി പൊളിച്ചത്. 325ഓളം കുടുംബങ്ങളെ വാസസ്ഥലത്ത് നിന്നും മാറ്റിയ ശേഷമായിരുന്നു സർക്കാർ കോടതി വിധി നടപ്പാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.