സിദ്ദീഖ് കാപ്പന് ജാമ്യം നൽകരുതെന്ന് യു.പി സർക്കാർ സുപ്രീംകോടതിയിൽ
text_fieldsന്യൂഡൽഹി: രണ്ടു വർഷമായി യു.പി ജയിലിൽ കഴിയുന്ന പത്രപ്രവർത്തകൻ സിദ്ദീഖ് കാപ്പന് ജാമ്യം നൽകാനാവില്ലെന്ന് യു.പി സർക്കാർ സുപ്രീംകോടതിയിൽ. കുറ്റപത്രം സമർപ്പിച്ചുകഴിഞ്ഞെങ്കിലും കാപ്പൻ പങ്കാളിയായ തീവ്രവാദ ശൃംഖലയെക്കുറിച്ച് കൂടുതൽ അന്വേഷണം നടക്കുകയാണ്. കേസിൽ ഗുരുതര ഭീഷണി നേരിട്ട സാക്ഷികൾക്ക് ദോഷമുണ്ടാക്കുന്നതാണ് ജാമ്യമെന്നും സത്യവാങ്മൂലത്തിൽ യു.പി സർക്കാർ വിശദീകരിച്ചു.
അലഹബാദ് ഹൈകോടതിയും ജാമ്യം നിഷേധിച്ചതിനെ തുടർന്ന് സുപ്രീംകോടതിയിലെത്തിയ സിദ്ദീഖ് കാപ്പന്‍റെ കാര്യത്തിൽ നിലപാട് വ്യക്തമാക്കാൻ ആവശ്യപ്പെട്ടതിനെ തുടർന്നാണ് യു.പി സർക്കാറിന്‍റെ സത്യവാങ്മൂലം. അന്തിമ തീർപ്പിന് കേസ് വെള്ളിയാഴ്ച കോടതി പരിഗണിക്കാനിരിക്കുകയാണ്.
യു.പി സർക്കാറിന്‍റെ സത്യവാങ്മൂലത്തിലെ വിശദീകരണങ്ങൾ ഇങ്ങനെ: സിദ്ദീഖ് കാപ്പന് പോപുലർ ഫ്രണ്ട്, യുവജന സംഘടനയായ കാമ്പസ് ഫ്രണ്ട് എന്നിവയുമായി ഗാഢബന്ധമുണ്ട്. ദേശവിരുദ്ധ അജണ്ടയുള്ള സംഘടനയാണ് പോപുലർ ഫ്രണ്ട്. കാമ്പസ് ഫ്രണ്ടിന് പണം സമാഹരിക്കുന്ന കൂട്ടുപ്രതി റഊഫ് ശരീഫിന്‍റെയും മറ്റും വിപുല ഗൂഢാലോചനയിൽ പങ്കാളിയാണ് സിദ്ദീഖ് കാപ്പൻ.
പൗരത്വഭേദഗതി നിയമം, ബാബരി മസ്ജിദുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധി, ഹാഥറസ് സംഭവം തുടങ്ങിയവയുമായി ബന്ധപ്പെട്ട അക്രമാസക്ത പ്രതിഷേധങ്ങൾ അടക്കം രാജ്യത്ത് മതവിദ്വേഷം വളർത്തുകയും ഭീകരത പരത്തുകയും അജണ്ടയുടെ ഭാഗമാണ്. തൊടുപുഴ കോളജിലെ കൈവെട്ടുസംഭവം, എൻ.ഐ.എ ഏറ്റെടുത്ത നാരാത്ത് ക്യാമ്പ് തുടങ്ങിയവ പോപുലർ ഫ്രണ്ടിന്‍റെ ഗൂഢാലോചനക്കും ഭീകര ചെയ്തികൾക്കും ഉദാഹരണമാണ്.
പഴയ കലാപക്കേസുകളിലെ പ്രതികൾക്കൊപ്പം ഹാഥറസിന് പോയപ്പോഴാണ് സിദ്ദീഖ് കാപ്പനെ അറസ്റ്റുചെയ്തത്. കാമ്പസ് ഫ്രണ്ടിന്‍റെ ദേശീയ ട്രഷററായ അതീഖുർറഹ്മാൻ മുസഫർനഗർ കലാപത്തിലും കാമ്പസ് ഫ്രണ്ട് ഡൽഹി ചാപ്റ്റർ മുൻ ജനറൽ സെക്രട്ടറിയായ മസൂദ് അഹ്മദ് ബഹ്റൈച് കലാപത്തിലും കുറ്റാരോപിതരാണ്. പത്രപ്രവർത്തകനെന്ന നിലയിൽ തൊഴിൽപരമായ ചുമതലകളുമായാണ് ഹാഥറസിലേക്ക് പോയതെങ്കിൽ അത് കലാപക്കേസിൽ ഉൾപ്പെട്ടവർക്കൊപ്പമാകില്ല.
ഹാഥറസിൽ ഇരയുടെ കുടുംബത്തെ കാണാനും വിദ്വേഷവും ഭീകരതയും വളർത്താനും പുറപ്പെട്ട പോപുലർ ഫ്രണ്ട്, കാമ്പസ് ഫ്രണ്ട് സംഘത്തിന്‍റെ ഭാഗമായിരുന്നു കാപ്പൻ. കാമ്പസ് ഫ്രണ്ട് ദേശീയ ജനറൽ സെക്രട്ടറിയും കൂട്ടുപ്രതിയുമായ റഊഫ് ശരീഫിന്‍റെ നിർദേശപ്രകാരം, അയാളിൽനിന്ന് പണവും വാങ്ങിയാണ് ഈ സംഘം ഹാഥറസിന് തിരിച്ചത്. സഞ്ചരിച്ച കാറിൽനിന്ന് കണ്ടെടുത്ത 17 പേജ് ലഘുലേഖകൾ കലാപം, ഒളിപ്രവർത്തനം തുടങ്ങിയവയെക്കുറിച്ച് വിശദീകരിക്കുന്നതാണ്.
പത്രപ്രവർത്തകനെന്ന നിലയിലാണ് ഹാഥറസിൽ പോയതെന്ന കാപ്പന്‍റെ വാദം വസ്തുത മൂടിവെക്കലാണ്. കാപ്പൻ പ്രവർത്തിച്ച 'അഴിമുഖം' വാർത്താപോർട്ടലിന്‍റെ എഡിറ്റർ നൽകിയ മൊഴിയിൽ എവിടെയും ഹാഥറസിലേക്ക് കാപ്പനെ നിയോഗിച്ചതായി പറഞ്ഞിട്ടില്ല. ഹാഥറസിലേക്ക് പോകുന്നുവെന്ന് 2020 ഒക്ടോബർ അഞ്ച് അർധരാത്രി 12.10ന് ഓഫിസിലേക്ക് കാപ്പൻ വാട്സ്ആപ് സന്ദേശം അയച്ചുവെന്ന് മാത്രമാണ് അതിലുള്ളത്.
2018ൽ അടച്ചുപൂട്ടിയ തേജസ് പത്രത്തിലായിരുന്നു നേരത്തേ കാപ്പൻ. അത് പോപുലർ ഫ്രണ്ടിന്‍റെ മുഖപത്രമാണ്. കാപ്പനെ അറസ്റ്റുചെയ്തപ്പോൾ പിടിച്ച നാല് തിരിച്ചറിയൽ കാർഡുകളിൽ രണ്ടെണ്ണം തേജസിന്‍റേതായിരുന്നു. മതസ്പർധ വളർത്താൻ ലക്ഷ്യമിട്ടാണ് പത്രം പ്രവർത്തിക്കുന്നതെന്ന് കേരള ഹൈകോടതി നിയോഗിച്ച സ്വതന്ത്ര സമിതിയടക്കം നിരീക്ഷിച്ചിരുന്നു. ഇത്തരം റിപ്പോർട്ടുകളുടെ പശ്ചാത്തലത്തിലാണ് പത്രം പൂട്ടാൻ നിർബന്ധിതമായത്. തേജസിന്‍റെ എഡിറ്റർ ഇൻ ചീഫ് പി. കോയയുമായി അടുത്ത ബന്ധം തുടർന്നിരുന്നുവെന്ന് വാട്സ്ആപ് ചാറ്റുകളിൽ വ്യക്തമാണ്. ഭീമാ കൊറേഗാവ് ആക്ടിവിസ്റ്റുകൾക്കെതിരെ സർക്കാറിന്‍റെ റെയ്ഡ് ഉണ്ടാകുമെന്ന മുന്നറിയിപ്പ് കാപ്പന് പി. കോയ നൽകിയിരുന്നു. എഴുതി വൈറലാക്കാൻ കഴിയുന്ന സ്റ്റോറികളെക്കുറിച്ച് കാപ്പന് പി. കോയ സന്ദേശം അയക്കാറുണ്ടായിരുന്നു. വർഗീയ കാഴ്ചപ്പാടുള്ള അത്തരം കുറിപ്പുകൾ അഴിമുഖത്തിൽ കാപ്പൻ എഴുതി. അത് പി. കോയക്ക് അയച്ചുകൊടുക്കാറുമുണ്ടായിരുന്നു.
കേസിൽ ഗുരുതര ഭീഷണി നേരിട്ട സാക്ഷികൾക്ക് കാപ്പന്‍റെ മോചനം ദോഷംചെയ്യും. പൊലീസിന് ചില വിവരങ്ങൾ നൽകിയ പത്രപ്രവർത്തകൻ വി.വി. ബിനു അത്തരമൊരു സാക്ഷിയാണ്. ബിഹാറിൽ താമസിക്കുന്ന അദ്ദേഹത്തിനുനേരെ വധഭീഷണിയും സമൂഹ മാധ്യമങ്ങളിലൂടെയുള്ള ആക്രമണവും ഉണ്ടായി. നേരിട്ട് ഹാജരാകാതെ സ്പെഷൽ ടാസ്ക് ഫോഴ്സിന് മൊഴി ഇ-മെയിൽചെയ്ത ബിനു ജീവഭയത്തിലായിരുന്നു.
അറസ്റ്റിനു തൊട്ടുമുമ്പുള്ള ആഴ്ചകളിൽ സ്വന്തം അക്കൗണ്ടിലെത്തിയ 45,000 രൂപയുടെ ഉറവിടം വിശദീകരിക്കാൻ കാപ്പന് കഴിഞ്ഞില്ല. വീടു പണിയാൻ മിച്ചംപിടിച്ച 25,000 രൂപയും സുഹൃത്തുക്കളിൽനിന്ന് കടം വാങ്ങിയ 20,000 രൂപയുമാണ് അതെന്ന് കാപ്പൻ ഇപ്പോഴത്തെ ഹരജിയിൽ അവകാശപ്പെടുന്നുണ്ട്.
എന്നാൽ തേജസ് പത്രത്തിന്‍റെ ശമ്പളമെന്നാണ് ഹൈകോടതിയോട് വിശദീകരിച്ചത്. പണത്തിന്‍റെ ഉറവിടത്തെക്കുറിച്ച് കാപ്പൻതന്നെ പരസ്പരവിരുദ്ധമായി സംസാരിക്കുന്നത് ഇതിൽ വ്യക്തമാണ് -സത്യവാങ്മൂലത്തിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.