യു.പിയിൽ മായാവതി-ബി.ജെ.പി അന്തർധാര: ബി.എസ്.പി എത്ര സീറ്റ് പിടിക്കും? സമാജ്വാദി പാർട്ടിയുടെ എത്ര സീറ്റ് കളയും?
text_fieldsയു.പിയിൽ ബി.ജെ.പി നേരിടുന്ന തിരിച്ചടിക്കും സമാജ്വാദി പാർട്ടിയുടെ മുന്നേറ്റത്തിനുമിടയിൽ ബി.എസ്.പി-ബി.ജെ.പി അന്തർധാരക്ക് ശക്തമായ തെളിവുകൾ. ബി.ജെ.പിക്ക് കേവല ഭൂരിപക്ഷം കിട്ടാതെവരുന്നപക്ഷം മായാവതിയുടെ പാർട്ടി ബി.ജെ.പിയെ സർക്കാറുണ്ടാക്കാൻ സഹായിക്കുമെന്ന നിഗമനങ്ങൾ നിലനിൽക്കുന്നുണ്ട്. എന്നാൽ, അതിനുംമുമ്പേ, അഖിലേഷ് യാദവിന്റെ സ്ഥാനാർഥികളെ തോൽപിക്കാൻ സഹായിക്കുന്നവിധമാണ് ബി.എസ്.പിയുടെ സ്ഥാനാർഥി വിന്യാസമെന്ന് കാണിച്ചുതരുന്ന മണ്ഡലങ്ങൾ നിരവധി.
ബി.ജെ.പിക്കെതിരെ അഖിലേഷ് യാദവിന്റെ മുന്നേറ്റത്തിന് സഹായകമായി നിൽക്കുന്ന സുപ്രധാന ഘടകം യാദവ-മുസ്ലിം വോട്ടുകളുടെ ഏകീകരണമാണ്. അതിനൊപ്പം ആർ.എൽ.ഡിയുമായി ഉണ്ടാക്കിയ സഖ്യവും സമാജ്വാദി പാർട്ടിക്ക് മുതൽക്കൂട്ടാണ്. എന്നാൽ, മുസ്ലിം സ്ഥാനാർഥികൾക്ക് കൂടുതൽ സീറ്റു നൽകിയും ബി.ജെ.പിക്കെതിരെ ദുർബല സ്ഥാനാർഥികളെ നിർത്തിയും സമാജ്വാദി പാർട്ടിയുടെ സാധ്യതകൾ തകർക്കുന്നവിധമാണ് പല മണ്ഡലങ്ങളിലും ബി.എസ്.പിയുടെ കരുനീക്കം.
യു.പിയിൽ ആകെയുള്ള 403 സീറ്റിൽ 88ലും മായാവതി മുസ്ലിംകൾക്കാണ് സീറ്റ് നൽകിയിരിക്കുന്നത്. മുസ്ലിംകൾക്ക് കൂടുതൽ പ്രാതിനിധ്യം നൽകിയ പാർട്ടിയാണ് ബി.എസ്.പിയെന്ന പ്രതീതി ഉണ്ടാക്കാൻ ഇതുവഴി കഴിയുമെങ്കിലും, ഗുണഭോക്താവ് ബി.ജെ.പിയാണ് എന്നതാണ് മറുപുറം. 2017ൽ ബി.എസ്.പി നിർത്തിയ 100 മുസ്ലിം സ്ഥാനാർഥികളിൽ ജയിച്ചത് നാലു പേർ മാത്രം. സമാജ്വാദി പാർട്ടി ഇത്തവണ 66 മുസ്ലിംകൾക്കാണ് സീറ്റ് നൽകിയിരിക്കുന്നത്.
ചുരുങ്ങിയത് 28 മണ്ഡലങ്ങളിൽ സമാജ്വാദി പാർട്ടിക്കൊപ്പം ബി.എസ്.പിയും മുസ്ലിം സ്ഥാനാർഥിയെ നിർത്തിയിരിക്കുന്നത് അവിടങ്ങളിൽ ബി.ജെ.പിയുടെ സാധ്യത വർധിപ്പിക്കും. ഇതിനു പുറമെ, സമാജ്വാദി പാർട്ടിക്ക് മുസ്ലിം ഇതര സ്ഥാനാർഥികളുള്ള 44 സീറ്റിൽ ബി.എസ്.പി മുസ്ലിം സ്ഥാനാർഥിയെ നിർത്തിയിട്ടുണ്ട്. ബി.ജെ.പിയെ തോൽപിക്കാനുള്ള വ്യഗ്രതയിൽ മുസ്ലിം വോട്ട് ഇക്കുറി ഭിന്നിക്കില്ലെന്നു പറയുന്നുണ്ടെങ്കിലും, ബി.എസ്.പിയുടെ സ്ഥാനാർഥികൾ ചെറിയൊരു പങ്ക് മുസ്ലിം വോട്ട് പിടിക്കാതിരിക്കില്ല. അത് ഫലത്തെ സ്വാധീനിക്കും.
സമാജ്വാദി പാർട്ടിയുടെ യാദവവോട്ടിൽ വിള്ളൽവീഴ്ത്തുന്ന വിധമുള്ള സ്ഥാനാർഥിവിന്യാസവുമുണ്ട്. സമാജ്വാദി പാർട്ടി ജയിക്കുന്ന പല മണ്ഡലങ്ങളിലും മായാവതി നിർത്തിയിരിക്കുന്നത് യാദവ സ്ഥാനാർഥികളെയാണ്. ഇവരും ചെറിയൊരു പങ്ക് വോട്ടു പിടിക്കുമെന്ന് ഉറപ്പ്. എസ്.പിയും ബി.എസ്.പിയും യാദവരെ സ്ഥാനാർഥികളാക്കിയിരിക്കെ, മൽഹാനി സീറ്റിൽ ബി.ജെ.പിയുടെ ഠാകുർ സ്ഥാനാർഥിക്ക് ജയസാധ്യത വർധിക്കുന്നത് ഉദാഹരണം.ബി.ജെ.പി നേരിടുന്ന ബ്രാഹ്മണകോപം മുതലാക്കാൻ ബി.എസ്.പി തുടക്കത്തിൽ ചില നീക്കങ്ങൾ നടത്തിയെങ്കിലും, ഈ സ്ഥാനാർഥികളുടെ വിന്യാസത്തിലും ഒളിച്ചുകളി പ്രകടമാണ്. ഒരു പതിറ്റാണ്ടായി അധികാരത്തിനു പുറത്താണെങ്കിലും 2007ൽ പിന്നാക്ക, ബ്രാഹ്മണ, മുസ്ലിം വോട്ട് ഏകീകരിക്കുകവഴി മൂന്നിൽ രണ്ടു ഭൂരിപക്ഷത്തോടെ ഭരണംപിടിച്ച പാർട്ടിയാണ് ബി.എസ്.പി. കഴിഞ്ഞ തവണ 64 ബ്രാഹ്മണർക്ക് സീറ്റ് നൽകിയതിൽ നാലു പേരാണ് ജയിച്ചതെങ്കിൽ, ഇക്കുറി 54 പേർക്കാണ് സീറ്റ്. ബി.ജെ.പിക്ക് 62 ബ്രാഹ്മണ സ്ഥാനാർഥികളുണ്ട്. സമാജ്വാദി പാർട്ടിക്ക് 34; കോൺഗ്രസിന് 48.
ബി.ജെ.പി പ്രമുഖർക്കെതിരായ പ്രതിപക്ഷനിരയുടെ പോരാട്ടത്തിലും മായാവതി കണ്ടറിഞ്ഞുകളിച്ചിട്ടുണ്ട്. സമാജ്വാദി പാർട്ടിയുടെയും കോൺഗ്രസിന്റെയും സ്ഥാനാർഥികൾക്ക് കിട്ടേണ്ട വോട്ടുകൾ ചിതറുന്ന സാഹചര്യമാണ് അതുവഴി ഉണ്ടായിരിക്കുന്നത്. കോൺഗ്രസിന്റെ തട്ടകമായിരുന്ന റായ്ബറേലി, മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മണ്ഡലമായ ഗോരഖ്പുർ, ഉപമുഖ്യമന്ത്രി കേശവ്പ്രസാദ് മൗര്യയുടെ മണ്ഡലമായ സിറാത് തുടങ്ങിയവ ഉദാഹരണമാണ്.
മായാവതി നയിക്കുന്ന ബി.എസ്.പിയുടെ ദലിത് വോട്ടുബാങ്ക് പൊളിച്ച് ബി.ജെ.പി ശക്തി വർധിപ്പിച്ച സാഹചര്യങ്ങൾക്കിടയിൽ തന്നെയാണിത്. 2012ൽ 25.19 ആയിരുന്ന ബി.എസ്.പിയുടെ വോട്ടു ശതമാനം 2017ൽ 22.23ഉം 2019ൽ 19.42ഉം ശതമാനമായി ചുരുങ്ങി. ഇക്കുറി രണ്ടു ഡസനിൽ കൂടുതൽ സീറ്റ് മായാവതി പിടിക്കാനിടയില്ലെന്നാണ് വിലയിരുത്തൽ. അത്യാവശ്യ ഘട്ടമുണ്ടായാൽ അവർ തുണക്കുമെന്ന് ബി.ജെ.പി കണക്കു കൂട്ടുകയും ചെയ്യുന്നു. മായാവതിക്കാകട്ടെ, കേന്ദ്ര അന്വേഷണ ഏജൻസികളെ പേടിക്കാതെയും വയ്യ. ഈ സാഹചര്യങ്ങൾക്കിടയിലാണ് കഴിഞ്ഞ ദിവസങ്ങളിൽ ഭായ്-ബഹൻ എന്ന മട്ടിൽ ആഭ്യന്തരമന്ത്രി അമിത് ഷായും മായാവതിയും പരസ്പരം പുകഴ്ത്തിയത്. രാഷ്ട്രീയ പ്രവചനങ്ങൾ എന്തായിരുന്നാലും ഈ നിയമസഭ തെരഞ്ഞെടുപ്പിൽ മായാവതിയുടെ പങ്ക് പ്രസക്തമാണെന്നാണ് അമിത് ഷാ പറഞ്ഞത്. അത് തിരിച്ചറിഞ്ഞ വിശാലതക്ക് മായാവതി നന്ദി പറഞ്ഞു. യു.പി തെരഞ്ഞെടുപ്പിനുശേഷം വരുന്ന ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിൽ മായാവതിക്ക് ബി.ജെ.പി അർഹമായ പരിഗണന നൽകുമെന്ന ഊഹാപോഹങ്ങൾ നിലനിൽക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.