ഗോഹത്യ നടത്തി മുസ്ലിംകളെ കുടുക്കാൻ നീക്കം; ബജ്റംഗ് ദൾ നേതാവ് അറസ്റ്റിൽ
text_fieldsമുറാദാബാദ്: ഛജ്ലെയ്ത് പൊലീസ് സ്റ്റേഷനിലെ എസ്.എച്ച്.ഒയെ മാറ്റിക്കാനും മുസ്ലിംകളെ കുടുക്കാനും ബജ്റംഗ് ദൾ നേതാവ് ഗോഹത്യ സംഘടിപ്പിച്ചു. സംഭവത്തിൽ ബജ്റംഗ് ദൾ ജില്ല പ്രസിഡന്റ് സുമിത് ബിഷ്ണോയ്, അനുയായികളായ രമൺ ചൗധരി, രാജീവ് ചൗധരി, ഗോഹത്യ നടത്തിയ ശഹാബുദ്ദീൻ എന്നിവരെ മുറാദാബാദ് പൊലീസ് അറസ്റ്റ് ചെയ്തു.
ശഹാബുദ്ദീന്റെ കൂട്ടാളി നഈം അടക്കം രണ്ടുപേരെ തിരയുന്നു. നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടക്കാതെവന്നതോടെ എസ്.എച്ച്.ഒയെ മാറ്റിക്കുകയായിരുന്നു സുമിത് ബിഷ്ണോയിയുടെ ലക്ഷ്യമെന്നും മഖ്സൂദ് എന്നയാളോടുള്ള പകതീർക്കലാണ് ശഹാബുദ്ദീന്റെ ലക്ഷ്യമെന്നും ജില്ല സീനിയർ പൊലീസ് സൂപ്രണ്ട് ഹേമരാജ് മീണ പറഞ്ഞു.
ഹരിദ്വാറിലേക്കടക്കം തീർഥാടകർ പോകുന്ന കൻവാർ പേത്ത് റോഡിൽ കഴിഞ്ഞ16ന് പശുവിന്റെ തല കൊണ്ടിടുകയായിരുന്നു. പശുവിനെ സംഘടിപ്പിക്കാൻ ശഹാബുദ്ദീന് ബിഷ്ണോയ് 2000 രൂപ നൽകി.
ഇതിൽ പൊലീസ് നടപടിയുണ്ടാകാതിരുന്നതോടെ കഴിഞ്ഞ 28ന് മറ്റൊരിടത്ത് പശുവിന്റെ അവശിഷ്ടങ്ങൾ കൊണ്ടിട്ടു. സംഭവസ്ഥലത്ത് വസ്ത്രവും ഇതിൽ മഖ്സൂദ് എന്നയാളുടെ ഫോട്ടോയുള്ള പഴ്സും ഉപേക്ഷിച്ചിരുന്നു.
ചോദ്യം ചെയ്യലിനിടെ മഖ്സൂദ് ശഹാബുദ്ദീന്റെ പേര് വെളിപ്പെടുത്തി. തുടർന്നുള്ള അന്വേഷണത്തിൽ ഗൂഢാലോചന കണ്ടെത്തുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.