മോദിയുമായി യു.പി ബി.ജെ.പി അധ്യക്ഷൻ കൂടിക്കാഴ്ച നടത്തി; നേതൃതലത്തില്‍ അഴിച്ചുപണിക്ക് സാധ്യത
text_fieldsന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി യു.പി ബി.ജെ.പി അധ്യക്ഷൻ ഭൂപേന്ദ്ര സിങ് ചൗധരി. മുഖ്യമന്ത്രി യോഗി ആദിത്യനാഥും ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയും തമ്മിൽ അഭിപ്രായവ്യത്യാസമുണ്ടെന്ന ഊഹാപോഹങ്ങൾ പ്രചരിക്കുന്നതിനിടെയാണ് കൂടികാഴ്ച. ഉത്തര്‍പ്രദേശില്‍ സംഘടനാതലത്തില്‍ അടിമുടി അഴിച്ചുപണി ഉണ്ടാകുമെന്നാണ് റിപ്പോർട്ട്.
ലോക്സഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് ശേഷം നടന്ന കൂടികാഴ്ചയിൽ പാർട്ടിയെ ബാധിക്കുന്ന സംഘടനാ കാര്യങ്ങളെക്കുറിച്ച് ഭൂപേന്ദ്ര സിങ് മോദിയെ അറിയിച്ചതായാണ് റിപ്പോർട്ട്. കഴിഞ്ഞ ദിവസം ചൗധരിയും മൗര്യയും ബി.ജെ.പി അധ്യക്ഷൻ ജെ.പി നദ്ദയുമായി കൂടിക്കാഴ്ച നടത്തി.
"സർക്കാറിനെക്കാൾ വലുതാണ് സംഘടന, സംഘടനയേക്കാൾ വലുതാകാൻ ആർക്കും കഴിയില്ല" എന്ന് പാർട്ടി പരിപാടിയിൽ സംസാരിക്കവെ കേശവ് പ്രസാദ് മൗര്യ പറഞ്ഞതിന് ദിവസങ്ങൾക്ക് ശേഷമാണ് യോഗങ്ങൾ നടന്നത്. യോഗി ആദിത്യനാഥിന്‍റെയും ബി.ജെ.പി അധ്യക്ഷൻ ജെ.പി നദ്ദയുടെയും സാന്നിധ്യത്തിലായിരുന്നു മൗര്യയുടെ പരാമർശം. അമിത ആത്മവിശ്വാസമാണ് തെരഞ്ഞെടുപ്പ് തിരിച്ചടിക്ക് കാരണമെന്ന് മുഖ്യമന്ത്രി ആരോപിച്ചു.
മൗര്യ എക്‌സിൽ എഴുതിയ കുറിപ്പിലും സംഘടനയാണ് വലുത് എന്ന സന്ദേശം ആവർത്തിച്ചു. അദ്ദേഹത്തിന്‍റെ പോസ്റ്റ് ബി.ജെ.പിയെ പരിഹസിക്കുന്നതിനായി പ്രതിപക്ഷം ഉപയോഗിക്കുകയും ചെയ്തു. എന്നാൽ സംസ്ഥാന തലത്തിലും ദേശീയ തലത്തിലും ബി.ജെ.പി ശക്തമാണെന്നും 2027 ലെ യു.പി നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയിക്കുമെന്നും കേശവ് പ്രസാദ് മൗര്യ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.