പന്തയത്തിൽ ജയിക്കാൻ വിവാഹവേദിയിൽ വെച്ച് വരൻ വധുവിനെ ചുംബിച്ചു; പെൺകുട്ടി വിവാഹത്തിൽ നിന്ന് പിൻമാറി
text_fieldsബറേലി: പന്തയത്തിന്റെ ഭാഗമായി വിവാഹവേദിയിൽ വെച്ച് വരൻ വധുവിനെ ചുംബിച്ചു. പിന്നാലെ വധു വിവാഹത്തിൽ നിന്ന് പിൻമാറുകയും ചെയ്തു. യു.പിയിലെ സംഭാലിൽ ചൊവ്വാഴ്ച രാത്രിയാണ് സംഭവം. ക്ഷണിക്കപ്പെട്ട 300 അതിഥികൾക്കു മുന്നിൽ വെച്ചാണ് വരൻ വധുവിനെ ഉമ്മവെച്ചത്. വിവാഹ ചടങ്ങിനിടെ ഇരുവരും പരസ്പരം മാല ചാർത്തിയതിനു തൊട്ടു പിന്നാലെയായിരുന്നു വരന്റെ സ്നേഹപ്രകടനം. ഞെട്ടിപ്പോയ വധു വേദിയിൽ നിന്ന് ഇറങ്ങിപ്പോയി. അതിനു ശേഷം പൊലീസിൽ വിവരമറിയിക്കുകയും ചെയ്തു.
സുഹൃത്തുക്കളുമായുള്ള പന്തയത്തിന്റെ ഭാഗമായാണ് വരൻ തന്നെ ചുംബിച്ചതെന്നും അദ്ദേഹത്തിന്റെ സ്വഭാവത്തെ കുറിച്ച് സംശയമുണ്ടെന്നും പെൺകുട്ടി പറഞ്ഞു.
പൊലീസ് ഒത്തുതീർപ്പിനു ശ്രമിച്ചെങ്കിലും പെൺകുട്ടി തയാറായില്ല. അതോടെ വിവാഹം വേണ്ടെന്നു വെക്കുകയായിരുന്നു. ബിരുദധാരിയാണ് 23 വയസുള്ള പെൺകുട്ടി. ''വേദിയിൽ ഒരുപാട് ആളുകളുടെ മുന്നിൽ വെച്ച് എന്റെ ശരീരത്തിൽ അയാൾ മോശമായി സ്പർശിച്ചു. അത് അവഗണിക്കുകയായിരുന്നു. പിന്നീടാണ് എന്നെ നാണംകെടുത്തി ആൾക്കൂട്ടത്തിനു മുന്നിൽ വെച്ച് ചുംബിച്ചത്. ഇത്രയും ആളുകളുടെ മുന്നിൽ എന്റെ അഭിമാനം പോലും പരിഗണിക്കാതെ മോശമായി പെരുമാറിയ ഒരാളുടെ ഭാവിയിലെ പെരുമാറ്റം എന്തായിരിക്കും? അതാണ് അയാൾക്കൊപ്പം ജീവിക്കാനാകില്ലെന്ന് തീരുമാനമെടുത്തത്.''-പെൺകുട്ടി പറഞ്ഞു.
മാതാപിതാക്കളും പെൺകുട്ടിക്ക് പിന്തുണ നൽകി ഒപ്പമുണ്ട്. ആചാരപരമായി വിവാഹം നടന്നിട്ടുണ്ട്. എന്നാൽ വധു വരനെ വേണ്ടെന്നു വെച്ച സാഹചര്യത്തിൽ കാര്യങ്ങൾ ശാന്തമായി കുറച്ചു ദിവസങ്ങൾക്കുശേഷം തീരുമാനം എടുക്കുമെന്നും പൊലീസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.