ഗോരഖ്പൂരിൽ ഹോളി ആഘോഷങ്ങൾക്ക് നിയുക്ത മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നേതൃത്വം നൽകും
text_fieldsലഖ്നോ: വ്യാഴാഴ്ച വൈകീട്ട് ഗോരഖ്പൂരിൽ നടക്കുന്ന 'ഹോളിക ദഹൻ' ഘോഷയാത്രക്ക് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നേതൃത്വം നൽകുമെന്ന് ഭാരവാഹികൾ അറിയിച്ചു. കോവിഡ് മഹാമാരി കാരണം കഴിഞ്ഞ രണ്ട് വർഷമായി ഈ പരിപാടികൾ സംസ്ഥാനത്ത് നടന്നിരുന്നില്ല. മൂന്ന് ദിവസത്തെ സന്ദർശനത്തിനായി യോഗി ആദിത്യനാഥ് വ്യാഴാഴ്ച വൈകീട്ട് ഗോരഖ്പൂരിലെത്തുമെന്നും ശനിയാഴ്ച നടക്കുന്ന ഭഗവാൻ നർസിങ് ഹോളിശോഭായാത്രക്കും അദ്ദേഹം നേതൃത്വം നൽകുമെന്ന് ക്ഷേത്രം സെക്രട്ടറി ദ്വാരിക തിവാരി പറഞ്ഞു.
മഹന്ത് ദിഗ്വിജയ്നാഥ്, യോഗി മഹന്ത് വൈദ്യനാഥ് എന്നിവർക്ക് ശേഷം പീഠത്തിന്റെ തലവനായ യോഗി ആദിത്യനാഥ് സാമൂഹിക സൗഹാർദ്ദ സമീപനങ്ങളിലാണ് ആഘോഷങ്ങൾ നടത്തുന്നതെന്ന് തിവാരി അഭിപ്രായപ്പെട്ടു. ബി.ജെ.പി, ആർ.എസ്.എസ് നേതാക്കളും പ്രവർത്തകരും ഘോഷയാത്രയിൽ അണിനിരക്കും.
ചടങ്ങിനായി ഡ്രോൺ ക്യാമറകൾ ഉൾപ്പടെയുള്ള കർശന സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നും ഭാരവാഹികൾ അറിയിച്ചു. ഘോഷയാത്രക്ക് മുമ്പ് 'ഹോളിക ദഹൻ' സംബന്ധിച്ച ഒരു പരിപാടിയിലും യോഗി പങ്കെടുക്കുമെന്ന് അവർ കൂട്ടിച്ചേർത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.