യു.പിയിലെ പൊലീസ് സ്റ്റേഷനിൽ ഗംഗാജലംകൊണ്ട് ശുദ്ധീകരണവും തിലകക്കുറിയും; ശാന്ത സ്വഭാവത്തിനെന്ന് മറുപടി
text_fieldsമീററ്റ്: ഉത്തർപ്രദേശിലെ പൊലീസ് സ്റ്റേഷനിലെത്തുന്നവർക്ക് ഗംഗാജലം കൊണ്ട് ശുദ്ധികലശം. മീററ്റ് ജില്ലയിലെ നൗചാണ്ഡി പൊലീസ് സ്റ്റേഷനിലാണ് സംഭവം.
സ്റ്റേഷനിലെത്തുവരെ ആദ്യം നെറ്റിയിൽ തിലകം ചാർത്തും. ശേഷം ഗംഗാനദിയിൽനിന്നുള്ള ജലം അവരുടെ മേൽ തളിക്കും. തിരിച്ചുപോകാൻ നേരം ഒരു കുപ്പി ഗംഗാജലം സൗജന്യമായി നൽകുകയും ചെയ്യും. മന്ത്രങ്ങൾ ഉരുവിട്ടുകൊണ്ടാണ് ചടങ്ങുകളെല്ലാം.
മീററ്റ് ജില്ലയിലെ ജനങ്ങളെ സുരക്ഷിതരാക്കാൻ സ്റ്റേഷൻ ഹൗസ് ഓഫിസർ പ്രേം ചന്ദ് ശർമയുടെ നേതൃത്വത്തിലാണ് സ്റ്റേഷനിലെ ശുദ്ധികലശം ആരംഭിച്ചത്. കോവിഡ് 19നെ തുടർന്ന് പൊതു സ്ഥലങ്ങളിലോ ഓഫിസുകളിലോ കയറുേമ്പാഴും ഇറങ്ങുേമ്പാഴും സാനിറ്റൈസർ ഉപയോഗിക്കുന്നത് നിർബന്ധമാക്കിയിരുന്നു. എന്നാൽ അതിനുപുറമെയാണ് എസ്.എച്ച്.ഒയുടെ വകയായി ഗംഗാജലംകൊണ്ട് ശുദ്ധീകരണവും.
പ്രേം ചന്ദ് ശർമ സന്ദർശകരുടെ തലയിൽ ഗംഗാജലം തളിക്കുന്നതിന്‍റെ വിഡിയോ പുറത്തുവന്നു. മന്ത്രങ്ങൾ ഉരുവിട്ടുകൊണ്ടാണ് ശുദ്ധികലശവും. ശേഷം കുഴമ്പുരൂപത്തിലുള്ള തിലകം നെറ്റിയിൽ ചാർത്തുകയും ചെയ്യും. സ്റ്റേഷനിലെ ഡെസ്കിൽ ഗംഗാജലത്തിന്‍റെ കുപ്പി നിരത്തിവെച്ചിരിക്കുന്നതും വിഡിയോയിൽ കാണാം.
ഗംഗാജലവും ചന്ദനവും ഉപയോഗിക്കുന്നതിലൂടെ ശാന്ത സ്വഭാവം കൈവരുമെന്ന് പ്രേം ചന്ദ് ശർമ പറയുന്നു. 'എന്‍റെ പരീക്ഷണം വിജയിച്ചു. ജനങ്ങളെ ഇപ്പോൾ ശാന്തരായി കാണാൻ സാധിക്കുന്നു. അവർ ഇവിടെ വരികയും ശാന്തരായി പരാതികൾ നൽകുകയും ചെയ്യും. ഈ നൗചാണ്ഡി പ്രദേശം മുഴുവൻ ഇപ്പോൾ ശാന്തമാണ്. എങ്കിലും അക്രമികൾക്കെതിരായ പൊലീസ് നടപടികളിൽനിന്ന് ഞങ്ങൾ പിന്മാറില്ല' -പ്രേം ചന്ദ് ശർമ പറയുന്നു.
പ്രേം ചന്ദിന്‍റെ നടപടിയെക്കുറിച്ച് തങ്ങൾക്ക് അറിയില്ലെന്നായിരുന്നു മുതിർന്ന ഓഫിസർമാരുടെ പ്രതികരണം. 'എല്ലാ പൊലീസ് സ്റ്റേഷനുകളിലും സാനിറ്റൈസർ സൂക്ഷിക്കും. എന്നാൽ ഗംഗാജലം സൂക്ഷിക്കുന്നത് എന്തിനാണെന്ന് അറിയില്ല. എനിക്ക് ഇതിനെക്കുറിച്ച് അറിയില്ല. സംഭവം അന്വേഷിക്കും' -പൊലീസ് സൂപ്രണ്ട് വിനീത് ഭട്നഗർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.