അമ്മയില്ലാത്ത കുഞ്ഞാണിതെന്ന് കരഞ്ഞു പറഞ്ഞിട്ടും കരളലിയാതെ പൊലീസ്; യു.പിയിൽ നിന്നുള്ള ക്രൂര ദൃശ്യങ്ങൾ -വിഡിയോ
text_fieldsഒരു കുഞ്ഞിനെ മാറോടടക്കി പിടിച്ചു നിൽക്കുന്നയാളെ പൊലീസ് ലാത്തിക്കൊണ്ട് പൊതിരെ തല്ലുന്നു, ഭയന്ന് കരയുന്ന കുഞ്ഞുമായി അയാൾ ഒാടി രക്ഷപ്പെടാൻ ശ്രമിക്കുേമ്പാൾ പൊലീസ് പിറകെയെത്തി വളഞ്ഞു പിടിക്കുന്നു, കുഞ്ഞിനെ പറിച്ചെടുക്കാൻ നോക്കുന്ന പൊലീസിനോട് 'അതിനെ വെറുതെവിടൂ, അമ്മയില്ലാത്ത കുഞ്ഞാണിത്' എന്ന് പറഞ്ഞ് നിസഹായനായി അയാൾ കരയുന്നു.. ഒരു സിനിമയിലെ കരളലിയിപ്പിക്കുന്ന സീനുകളൊന്നുമല്ല ഇത്. കഴിഞ്ഞ ദിവസം ഉത്തർപ്രദേശിലെ കാൺപൂർ ദേഹാത്തിൽ ജില്ലാ ആശുപത്രി വളപ്പിൽ പൊതുജനങ്ങളുടെ കൺമുന്നിൽ അരങ്ങേറിയ സംഭവങ്ങളാണിത്. ആരോ പകർത്തിയ ഈ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലായി.
ഭയന്നു കരയുന്ന ഒരു കുഞ്ഞിനെ മാറത്തടക്കി പിടിച്ചു നിൽക്കുന്നയാളെ ഒരു പൊലീസ് ഉദ്യേഗസ്ഥൻ ലാത്തികൊണ്ട് നിർദയം തല്ലുന്നതാണ് ദൃശ്യങ്ങളിൽ ആദ്യം കാണുന്നത്. സമീപത്തായി പൊലീസ് വാഹനവും മറ്റു പൊലീസ് ഉദ്യോഗസ്ഥരുമൊക്കെയുണ്ട്. കുഞ്ഞിനെ ഉപദ്രവിക്കരുതെന്ന് നിലവിളിച്ചുകൊണ്ട് അയാൾ ഒാടി രക്ഷപ്പെടാൻ ശ്രമിക്കുന്നതും കാണാം. എന്നാൽ, പിറകെ ഒാടിയെത്തുന്ന പൊലീസ് അയാളെ തടഞ്ഞു നിർത്തുന്നു. ഈ സമയമത്രയും നിലവിളിച്ചു കരയുകയാണ് അയാളുടെ മാറിൽ അള്ളിപ്പിടിച്ചിരിക്കുന്ന ചെറിയ കുട്ടി.
കുട്ടിയെ അയാളിൽ നിന്ന് പറിച്ചെടുക്കാനും പൊലീസ് ശ്രമിക്കുന്നുണ്ട്. നിലവളിച്ചു കരയുന്ന കുട്ടി അയാളിൽ നിന്നുള്ള പിടിവിടുന്നില്ല. 'അമ്മയില്ലാത്ത കുഞ്ഞാണിത്്, അതിനെ ഉപദ്രവിക്കരുത്' എന്ന് കരഞ്ഞു പറയുന്നുണ്ട് അടിയേറ്റയാൾ. എന്നാൽ, പൊലീസിന്‍റെ ക്രൂരതയിൽ അൽപം പോലും അയവു വരുന്നില്ല.
ഉത്തർപ്രദേശിലെ കാൺപൂർ ദേഹാത്തിലെ അക്ബർപൂർ ജില്ലാ ആശുപത്രിയിലാണ് സംഭവം. ഒ.പി ഡിപ്പാർട്ടുമെന്‍റിലെ സമരവുമായി ബന്ധപ്പെട്ടാണ് പൊലീസ് അവിടെ എത്തിയതെന്നാണ് പ്രാഥമികമായി ലഭിക്കുന്ന വിവരം. മർദനമേറ്റയാൾ ജില്ലാ ആശുപത്രിയിലെ ജീവനക്കാരനാണെന്നും റിപ്പോർട്ടുകളുണ്ട്. അതേസമയം, മർദനമേറ്റയാളുടെ സഹോദരനാണ് ആശുപത്രിയിലെ ജീവനക്കാരനെന്നും ജീവനക്കാരനായ സഹോദരനെ പൊലീസ് കസ്റ്റഡിയിലെടുത്തപ്പോൾ തടയാൻ ശ്രമിച്ചയാളിനാണ് മർദനമേറ്റതെന്നും മറ്റു ചില റിപ്പോർട്ടുകളുമുണ്ട്.
പൊലീസ് ക്രൂരതയുടെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെ സംഭവത്തിൽ പൊലീസിനെതിരെ പ്രതിഷേധമുയർന്നു. ചെറിയ തോതിൽ ബലം പ്രയോഗിക്കുക മാത്രമാണ് ചെയ്തതെന്നായിരുന്നു പൊലീസിന്‍റ ആദ്യ വിശദീകരണം. സ്ഥിരമായി ശല്യമുണ്ടാക്കുന്നയാളുടെ സഹോദരനാണ് മർദനമേറ്റതെന്നും പൊലീസ് വിശദീകരിച്ചിരുന്നു. പ്രതിഷേധം ശക്തമായതോടെ, സംഭവത്തിൽ അന്വേഷണം നടത്തുമെന്നും കുറ്റക്കാരായ പൊലീസുകാർക്കെതിരെ നടപടി എടുക്കുമെന്നും യു.പി പൊലീസ് ട്വീറ്റ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.