യുവാക്കളെ മതംമാറ്റകേസിൽ കുടുക്കിയ യു.പി പൊലീസിനെതിരെ കോടതി: ‘സാങ്കൽപിക കഥക്ക് നിയമരൂപം നൽകാൻ പൊലീസ് ശ്രമിച്ചു, പരിഷ്കൃത സമൂഹത്തെ ആശങ്കപ്പെടുത്തുന്നു’
text_fieldsലഖ്നൗ: നിർബന്ധിത മതപരിവർത്തമാരോപിച്ച് ഹിന്ദുത്വനേതാക്കളുടെ പരാതിയിൽ രണ്ട് യുവാക്കൾക്കെതിരെ കേസെടുത്ത യു.പി പൊലീസിനെതിരെ രൂക്ഷവിമർശനവുമായി കോടതി. അഭിഷേക് ഗുപ്ത (41), കുന്ദൽ ലാൽ എന്നിവർക്കെതിരെ നിയമവിരുദ്ധ മതപരിവർത്തന നിരോധന നിയമം- 2021 പ്രകാരം ബറേലി പൊലീസാണ് കേസെടുത്തത്. ഇവർ ഹിന്ദുക്കളെ ക്രിസ്തു മതത്തിലേക്ക് മതപരിവർത്തനം നടത്തിയെന്നായിരുന്നു കേസ്. നിയമം ദുരുപയോഗം ചെയ്ത പൊലീസ് നടപടിയെ അപലപിച്ച ബറേലി കോടതി, ഈ കേസ് പരിഷ്കൃത സമൂഹത്തെ ആശങ്കപ്പെടുത്തുന്നതാണെന്നും ചൂണ്ടിക്കാട്ടി.
'പബ്ലിസിറ്റിക്ക് വേണ്ടി പരാതിക്കാർ നൽകിയ പരാതിക്കും സമ്മർദത്തിനും വഴങ്ങി അടിസ്ഥാനരഹിതവും കെട്ടിച്ചമച്ചതും സാങ്കൽപികവുമായ കഥയ്ക്ക് നിയമരൂപം നൽകാനുള്ള ശ്രമമാണ് പൊലീസ് നടത്തിയത്. ഇതുമൂലം പൊലീസിൻ്റെ മാത്രമല്ല, കോടതിയുടെയും വിലപ്പെട്ട സമയവും അധ്വാനവും പണവും പാഴായി'- അഡീഷണൽ സെഷൻസ് ജഡ്ജി ജ്ഞാനേന്ദ്ര ത്രിപാഠി കൂട്ടിച്ചേർത്തു.
2022 മെയ് മാസത്തിൽ ബറേലിയിലെ ബിച്ച്പുരി ഗ്രാമത്തിൽ പ്രാർഥനാ യോഗത്തിനിടെ ഇരുവരും ഹിന്ദു സമുദായാംഗങ്ങളെ പ്രലോഭനത്തിലൂടെ ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്തുവെന്ന് ആരോപിച്ചാണ് പൊലീസ് എഫ്.ഐ.ആർ ഫയൽ ചെയ്തത്. എന്നാൽ, ഇരുവർക്കുമെതിരായ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് കോടതി കണ്ടെത്തി. തങ്ങളുടെ നിക്ഷിപ്ത താൽപര്യങ്ങൾക്കായി എഫ്.ഐ.ആർ ഫയൽ ചെയ്ത് ഏതൊരു വ്യക്തിക്കും മറ്റൊരാൾക്കെതിരെ ക്രിമിനൽ നടപടികൾ ആരംഭിക്കാവുന്ന അവസ്ഥയാണെന്ന് കോടതി ചൂണ്ടിക്കാട്ടി. ബാഹ്യശക്തികളാൽ സ്വാധീനിക്കപ്പെട്ട പൊലീസിന്റെ കൃത്യവിലോപമാണ് കേസെന്നും കോടതി വ്യക്തമാക്കി.
കൃത്യവിലോപം നടത്തിയ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നിയമനടപടി സ്വീകരിക്കാനും കോടതി ഉത്തരവിട്ടു. “ഈ കേസിൽ കുറ്റാരോപിതനായ അഭിഷേക് ഗുപ്തയ്ക്ക് ജോലി നഷ്ടപ്പെടുക മാത്രമല്ല, സാമ്പത്തികവും സാമൂഹികവുമായ നഷ്ടവും അനുഭവിക്കേണ്ടി വന്നു. കുന്ദൻ ലാൽ സംഭവസ്ഥലത്ത് ഉണ്ടായിരുന്നതായി ഒരു സാക്ഷി പോലും വിവരിച്ചിട്ടില്ല”- കോടതി ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.