‘ലവ് ജിഹാദി’ലൂടെ ഹിന്ദു യുവതികളെ മതം മാറ്റുന്നു -യു.പി കോടതി
text_fieldsബറേലി (യു.പി): ഹിന്ദു യുവതികളെ ആസൂത്രിതമായി മതം മാറ്റാൻ മുസ്ലിം യുവാക്കൾ ‘ലവ് ജിഹാദ്’ പ്രയോഗിക്കുന്നതായി യു.പിയിലെ ബറേലി അഡീഷനൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് ജഡ്ജി രവികുമാർ ദിവാകർ. ഹിന്ദു യുവതിയെ ‘ആനന്ദ്’ എന്ന പേരിൽ പ്രണയം നടിച്ച് വശത്താക്കിയശേഷം ഭീഷണിപ്പെടുത്തി നിരന്തരം ബലാത്സംഗം ചെയ്തുവെന്ന കേസിൽ മുഹമ്മദ് ആലിം എന്ന 25കാരന് ജീവപര്യന്തം തടവുശിക്ഷ വിധിക്കവേയാണ് ജഡ്ജിയുടെ പരാമർശം.
ഹിന്ദു യുവതികളെ പ്രണയം നടിച്ച് വശത്താക്കിയശേഷം വിവാഹം കഴിച്ച് ഇസ്ലാമിലേക്ക് മതം മാറ്റുകയാണ്. ഇന്ത്യയിൽ ആധിപത്യം സ്ഥാപിക്കാൻ ചില സാമൂഹിക വിരുദ്ധർ ജനസംഖ്യാ യുദ്ധത്തിലൂടെയും അന്താരാഷ്ട്ര ഗൂഢാലോചനയിലൂടെയും ‘ലവ് ജിഹാദ്’ ആയുധമാക്കുകയാണ്.
പാകിസ്താനിലെയും ബംഗ്ലാദേശിലെയും സാഹചര്യങ്ങൾ സൃഷ്ടിക്കുകയെന്ന വലിയ ലക്ഷ്യം മുൻനിർത്തിയാണ് ‘ലവ് ജിഹാദ്’. രാജ്യത്തിന്റെ പരമാധികാരത്തിനും ഐക്യത്തിനും അഖണ്ഡതക്കും ഇത് ഭീഷണിയാണ്. മനഃശാസ്ത്ര യുദ്ധത്തിലൂടെയും വിവാഹം, ജോലി തുടങ്ങിയ പ്രേരണകളിലൂടെയുമാണ് മതപരിവർത്തനം നടക്കുന്നതെന്ന് പറഞ്ഞ കോടതി, വിദേശ ധനസഹായത്തെക്കുറിച്ചുള്ള ആശങ്കയും പ്രകടിപ്പിച്ചു. സർക്കാർ ഫലപ്രദമായി ഇടപെട്ടില്ലെങ്കിൽ ഗുരുതര പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്നും ജഡ്ജി വിശദീകരിച്ചു.
വിധിപ്പകർപ്പ് ചീഫ് സെക്രട്ടറിക്കും ഡി.ജി.പിക്കും അയച്ചുകൊടുക്കണമെന്നും കോടതി ഉത്തരവിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.