യു.പിയിൽ ദലിത് യുവാവ് കസ്റ്റഡിയിൽ മരിച്ചു; പൊലീസുകാരന് സസ്പെൻഷൻ
text_fields
ലഖ്നോ: ഉത്തർ പ്രദേശിലെ റായ്ബറേലി ജില്ലയിൽ അനധികൃതമായി കസ്റ്റഡിയിൽ പാർപ്പിച്ച 19കാരൻ മരിച്ച സംഭവത്തിൽ പ്രതിഷേധം ശക്തമായി. കസ്റ്റഡി മർദനത്തെ തുടർന്നാണ് മരണമെന്ന യുവാവിൻെറ കുടുംബാംഗങ്ങളുടെ പരാതിയിൽ പൊലീസ് സ്റ്റഷൻ ഇൻ ചാർജിനെ സ്സ്പെൻഡ് ചെയ്തു.
ബൈക്ക് മോഷ്ടിച്ചുവെന്നാരോപിച്ച് പിടിയിലായ യുവാവിന് കോവിഡ് ലക്ഷണങ്ങളായ ന്യൂമോണിയ, ശ്വാസതടസ്സം എന്നിവ അനുഭവപ്പെട്ടിരുന്നതായാണ് പൊലീസ് നൽകിയ വിശദീകരണം. ഞായറാഴ്ച രാവിലെ ജില്ല ആശുപത്രിയിൽ വെച്ചാണ് യുവാവ് മരിച്ചതെന്നാണ് പൊലീസ് പറയുന്നത്.
മോനു എന്നറിയപ്പെടുന്ന മോഹിത്തിനെയാണ് ബൈക്ക് മോഷണ സംഘവുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് വെള്ളിയാഴ്ച പൊലീസ് പിടികൂടിയത്. കേസിൽ നാലുപേർ നേരത്തെ പിടിയിലായിരുന്നു. പട്ടികജാതി വിഭാഗക്കാരനായ മോനുവിനെയും മറ്റ് നാലുപേരെയും 24 മണിക്കൂർ അനധികൃതമായി തടവിൽ പാർപ്പിക്കുകയായിരുന്നു. മരണവാർത്ത പുറത്തുവന്നതിന് പിന്നാലെ കസ്റ്റഡി മർദനം നടത്തിയെന്നാരോപിച്ച് ബന്ധുക്കളും നാട്ടുകാരും ചേർന്ന് പൊലീസ് സ്റ്റേഷന് മുന്നിൽ സമരം തുടങ്ങി.
'അവർ എന്നെയും സഹോദരനെയും പിടികൂടി. താക്കോൽ എവിടെയെന്ന് അവർ മോനുവിനോട് ചോദിക്കുന്നുണ്ടായിരുന്നു. പൊലീസുകാർ അവനെ ക്രൂരമായി മർദിച്ചു'- മോനുവിൻെറ സഹോദരൻ സോനു പറഞ്ഞു. സോനുവിനെ പിടികൂടിയ ശേഷം പിന്നീട് വിട്ടയക്കുകയായിരുന്നു.
'ശനിയാഴ്ച വൈകീട്ട് വയറുവേദന അനുഭവപ്പെട്ടതിനെത്തുടർന്ന് മോനുവിനെ സമീപത്തെ ആശുപത്രിയിൽ കൊണ്ടുപോയി മരുന്ന് വാങ്ങി നൽകി. ഞായറാഴ്ച രാവിലെ അസുഖം കൂടിയതിനെത്തുടർന്ന് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ന്യൂമോണിയക്കൊപ്പം ശ്വാസതടസവും അനുഭവപ്പെട്ടതായാണ് ഡോക്ടർമാർ പറഞ്ഞത്. ശരീരത്തിൽ മുറിവേറ്റ പാടുകൾ ഉണ്ടായിരുന്നില്ല. 11 മണിയോട് കൂടിയായിരുന്നു മരണം. മരിച്ചയാളുടെ കുടുംബത്തിൻെറ പരാതിയിൽ രണ്ട് പൊലീസുകാർക്കെതിരെ അന്വേഷണം നടത്തും'- റായ്ബറേലി പൊലീസ് ചീഫ് സ്വപ്നിൽ മംഗെയിൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.