യു.പിയിൽ ദലിത് യുവതിയെ കൊന്ന് ചാക്കിലാക്കി; കൊലപാതകം ബി.ജെ.പിയെ പിന്തുണച്ചതിനെന്ന് കുടുംബം
text_fieldsലഖ്നോ: ഉത്തർപ്രദേശിലെ കർഹൽ മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ് നടക്കുന്നതിനിടെ ദലിത് യുവതിയെ കൊന്ന് ചാക്കിലാക്കിയ നിലയിൽ കണ്ടെത്തി. ബി.ജെ.പിക്ക് വോട്ട് ചെയ്യരുതെന്ന സമാജ്വാദി പാർട്ടി നേതാക്കളുടെ ആവശ്യം നിരസിച്ചതിനെ തുടർന്നാണ് യുവതിയെ കൊല ചെയ്തതെന്ന് ബന്ധുക്കൾ ആരോപിച്ചു. ബുധനാഴ്ച പുലർച്ചെ വീട്ടിൽനിന്ന് കാണാതായ 23കാരിയുടെ മൃതദേഹം മണിക്കൂറുകൾക്കു ശേഷമാണ് കണ്ടെത്തിയത്. യുവതിയുടെ പിതാവ് നൽകിയ പരാതിയിൽ കേസെടുത്ത പൊലീസ്, സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ അറസ്റ്റ് ചെയ്തു.
അറസ്റ്റിലായ പ്രശാന്ത് യാദവ് രണ്ട് ദിവസം മുമ്പ് യുവതിയുടെ വീട്ടിലെത്തുകയും, ഏത് പാർട്ടിക്ക് വോട്ടുചെയ്യുമെന്നും ചോദിച്ചതായി പിതാവ് പറഞ്ഞു. പ്രധാനമന്ത്രിയുടെ ഭവന പദ്ധതി പ്രകാരം കുടുംബത്തിന് വീട് കിട്ടിയതിനാൽ ബി.ജെ.പിക്ക് വോട്ട് നൽകുമെന്നായിരുന്നു യുവതിയുടെ മറുപടി. എന്നാൽ താമര ചിഹ്നത്തിന് വോട്ട് നൽകരുതെന്നും സമാജ്വാദ് പാർട്ടിയുടെ ചിഹ്നമായ സൈക്കിളിന് വോട്ട് നൽകണമെന്നും ആവശ്യപ്പെട്ട് ഇയാൾ യുവതിയെ ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറയുന്നു.
യുവതിയുടെ മരണത്തെത്തുടർന്ന് സമാജ്വാദ് പാർട്ടിക്കുനേരെ രൂക്ഷവിമർശനവുമായി ബി.ജെ.പി രംഗത്തുവന്നിട്ടുണ്ട്. സൈക്കിൾ ചിഹ്നത്തിന് വോട്ട് നൽകാൻ തയാറാകാത്ത ഒറ്റ കാരണത്തിന് പ്രശാന്ത് യാദവും സഹായികളും ചേർന്ന് യുവതിയെ കൊലചെയ്തെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ ഭൂപേന്ദ്ര സിങ് ചൗധരി എക്സിൽ കുറിച്ചു. സംഭവത്തിൽ സമാജ്വാദ് പാർട്ടി ഇതുവരെ പ്രതികരിച്ചിട്ടില്ല. വിശദമായ അന്വേഷണം വേണമെന്നും കുറ്റക്കാർക്ക് കടുത്ത ശിക്ഷ നൽകണമെന്നും പാർട്ടിയുടെ സ്ഥാനാർഥി തേജ്പ്രതാപ് യാദവ് പറഞ്ഞു.
യു.പിയിൽ ഇന്ന് ഒമ്പത് മണ്ഡലങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. സമാജ്വാദ് പാർട്ടിയും ബി.ജെ.പിയും തമ്മിൽ ശക്തമായ മത്സരം നിലനിൽക്കുന്ന മണ്ഡലങ്ങളാണ് ഇവയിലേറെയും. ഇതിനിടെയാണ് യുവതിയുടെ മരണവുമായി ബന്ധപ്പെട്ട വിവാദമുയരുന്നത്. സിറ്റിങ് എം.എൽ.എമാർ പാർലമെന്റ് തെരഞ്ഞെടുപ്പിൽ വിജയിച്ചതോടെയാണ് ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. സമാജ്വാദ് പാർട്ടി പ്രവർത്തകരെ വോട്ട് ചെയ്യാൻ പൊലീസ് അനുവദിക്കുന്നില്ലെന്ന ആരോപണവുമായി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് രംഗത്തുവന്നിരുന്നു. എന്നാൽ തോൽക്കാൻ പോവുകയാണെന്ന് ഉറപ്പായപ്പോൾ സമാജ്വാദ് പാർട്ടി അടിസ്ഥാനമില്ലാത്ത ആരോപണങ്ങൾ ഉന്നയിക്കുകയാണെന്ന് ബി.ജെ.പി തിരിച്ചടിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.