യു.പിയിലെ പൊളിച്ചുമാറ്റലുകൾ നിയമാനുസൃതം, കലാപവുമായി ബന്ധമില്ല; യു.പി സർക്കാർ സുപ്രീം കോടതിയിൽ
text_fieldsന്യൂഡൽഹി: പ്രവാചക നിന്ദക്കെതിരെ നടന്ന പ്രതിഷേധങ്ങൾക്ക് പിന്നാലെ ഉത്തർപ്രദേശിൽ അടുത്തിടെയുണ്ടായ പൊളിക്കലുകൾ നിയമാനുസൃതമാണെന്ന് യു.പി സർക്കാർ സുപ്രീംകോടതിയിൽ. കലാപകാരികൾക്കെതിരെ പ്രത്യേക നിയമപ്രകാരമാണ് നടപടിയെടുത്തതെന്ന് സർക്കാർ കോടതിയെ അറിയിച്ചു. ഒരു പ്രത്യേക സമുദായത്തെ ലക്ഷ്യമിട്ട് യു.പിയിൽ നടന്ന പൊളിച്ചു മാറ്റലുകൾ ചോദ്യം ചെയ്തുള്ള ഹരജിയിലാണ് സംസ്ഥാന സർക്കാർ മറുപടി നൽകിയത്.
ഹരജിക്കാരന് പിഴ ചുമത്തി ഹരജി തള്ളികളയണമെന്ന് സർക്കാർ കോടതിയോട് ആവശ്യപ്പെട്ടു. അനധികൃത നിർമാണങ്ങൾക്കെതിരെയാണ് പൊളിക്കൽ നടപടി ഉണ്ടായത്. ഇതുമായി ബന്ധപ്പെട്ട് വളരെ കാലങ്ങൾക്ക് മുമ്പ് തന്നെ ഉടമക്ക് നോട്ടീസ് നൽകിയിരുന്നു. ഹരജിക്കാരൻ പൊളിക്കലുകളെ കലാപവുമായി തെറ്റായി ബന്ധിപ്പിക്കുകയാണെന്നും യു.പി സർക്കാർ കോടതിയിൽ ആരോപിച്ചു. നിയമനടപടികൾ പാലിച്ചതിന് ശേഷമാണ് പ്രാദേശിക അധികാരികൾ കെട്ടിടം പൊളിച്ച് മാറ്റിയത്. പ്രയാഗ്‌രാജിലെ അക്രമവും ജാവേദ് മുഹമ്മദിന്‍റെ വീട് പൊളിച്ചു മാറ്റിയതുമായി യാതൊരു ബന്ധവുമില്ലെന്ന് സർക്കാർ കോടതിയിൽ വാദിച്ചു.
ഇസ്ലാമിക സംഘടനയായ ജമിയത്ത് ഉലമ-ഇ-ഹിന്ദ് സമർപ്പിച്ച ഹരജിയിൽ മറുപടി ആവശ്യപ്പെട്ട് ജൂൺ 16നാണ് സുപ്രീം കോടതി യു.പി സർക്കാരിന് നോട്ടീസ് അയച്ചത്. പൊളിക്കലുകൾ നിയമാനുസൃതമായിരിക്കണമെന്നും പ്രതികാര നടപടിയുണ്ടാകാൻ പാടില്ലെന്നും കോടതി നിരീക്ഷിച്ചു.
കാൺപൂരിലെ രണ്ട് കെട്ടിട നിർമാതാക്കൾ നിയമവിരുദ്ധമായാണ് നിർമാണം നടന്നതെന്ന് സമ്മതിച്ചിട്ടുണ്ടെന്നും നഗരാസൂത്രണ നിയമപ്രകാരമുള്ള നടപടികൾ കലാപത്തിന് വളരെ മുമ്പുതന്നെ ആരംഭിച്ചിരുന്നെന്നും സർക്കാർ അവകാശപ്പെട്ടു. കലാപകാരികൾക്കെതിരെ ക്രിമിനൽ നിയമപ്രകാരം കർശനമായ നടപടിയെടുക്കുമെന്നും യു.പി സർക്കാർ കോടതിയെ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.