യു.പി തെരഞ്ഞെടുപ്പ്; 403 സീറ്റുകളിലും മത്സരിക്കുമെന്ന് ശിവസേന
text_fieldsമുംബൈ: ഉത്തർപ്രദേശ് നിയമസഭ തെരഞ്ഞെടുപ്പിൽ എല്ലാ സീറ്റിലും മത്സരിക്കുമെന്ന് ശിവസേന. നിലവിൽ ഒരു പാർട്ടിയുമായും ശിവസേനക്ക് സഖ്യമില്ല. എന്നാൽ, സഖ്യ സാധ്യത തള്ളികളയാനും ശിവസേന തയാറായില്ല.
തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ ചർച്ച ചെയ്യുന്നതിനായി ശിവസേന നേതാക്കൾ ലഖ്നോവിൽ യോഗം ചേർന്നിരുന്നു. ഇതിൽ സംസ്ഥാനത്തെ എല്ലാ സീറ്റുകളിലും മത്സരിക്കാനാണ് തീരുമാനം.
സംസ്ഥാനത്തെ ക്രമസമാധാന നില തകരാറിലായെന്നും മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ നേതൃത്വത്തിൽ സംസ്ഥാനത്ത് കാട്ടുഭരണമാണ് നടക്കുന്നതെന്നുമായിരുന്നു യു.പി ശിവസേന തലവൻ താക്കുർ അനിൽ സിങ്ങിന്‍റെ പ്രതികരണം.
വിദ്യാഭ്യാസമേഖല, ആരോഗ്യമേഖല, കോവിഡ് മഹാമാരി പ്രതിസന്ധി, കർഷക പ്രക്ഷോഭം തുടങ്ങിയവ ഉയർത്തിക്കാട്ടി തെരഞ്ഞെടുപ്പിനെ നേരിടാനാണ് ശിവസേനയുടെ തീരുമാനം.
2017െല നിയമസഭ തെരഞ്ഞെടുപ്പിൽ 403 സീറ്റുകളിൽ 312എണ്ണം നേടി ബി.ജെ.പി നേതൃത്വത്തിലുള്ള യോഗി ആദിത്യനാഥ് സർക്കാർ അധികാരത്തിലേറുകയായിരുന്നു. 2022ന്‍റെ തുടക്കത്തിൽ യു.പി നിയമസഭ തെരഞ്ഞെടുപ്പ് നടക്കുമെന്നാണ് കണക്കുകൂട്ടൽ. 2024ലെ ലോക്സഭ തെരഞ്ഞെടുപ്പിന്റെ ഗതി യു.പി തെരഞ്ഞെടുപ്പിലുടെ അറിയാനാകുമെന്നാണ് നിരീക്ഷകരുടെ വിലയിരുത്തൽ.
ബി.ജെ.പി, എസ്.പി, ബി.എസ്.പി, കോൺഗ്രസ് തുടങ്ങിയ പ്രധാന പാർട്ടികൾ യു.പി തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾക്ക് തുടക്കമിട്ടിട്ടുണ്ട്. തങ്ങളുടെ ഭരണകാലത്ത് യു.പിയിൽ നടത്തിയ വികസന പ്രവർത്തനങ്ങൾ നിരത്താൻ എസ്.പി, ബി.എസ്.പി, കോൺഗ്രസ് നേതൃത്വത്തെ ബി.ജെ.പി അധ്യക്ഷൻ ജെ.പി. നഡ്ഡ വെല്ലുവിളിച്ചിരുന്നു. നാലുവർഷം യോഗി ആദിത്യനാഥിന്‍റെ നേതൃത്വത്തിലുള്ള ബി.ജെ.പി സർക്കാർ നടത്തിയ വികസനപ്രവർത്തനങ്ങൾ പ്രതിപക്ഷ പാർട്ടികൾ സംസ്ഥാനത്ത് നടത്തിയില്ലെന്നായിരുന്നു നഡ്ഡയുടെ വാദം.
അതേസമയം, കോവിഡ് മഹാമാരി, അഞ്ജാത രോഗം തുടങ്ങിയ സമയങ്ങളിൽ സംസ്ഥാന സർക്കാർ കനത്ത പരാജയമാണെന്നാണ് പ്രതിപക്ഷത്തിന്‍റെ ആരോപണം.
കോൺഗ്രസിന്‍റെ സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ടും തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ വിലയിരുത്തുന്നതിനും കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി യു.പിയിൽ തമ്പടിച്ചിട്ടുണ്ട്. അഴിമതി, കുറ്റകൃത്യങ്ങൾ, സ്ത്രീകൾക്കെതിരായ അതിക്രമം, കോവിഡ് പ്രതിസന്ധി, തൊഴിലില്ലായ്മ, ആരോഗ്യമേഖലയുടെ പരാജയം എന്നിവ ഉയർത്തിക്കാട്ടിയാകും കോൺഗ്രസ് തെരഞ്ഞെടുപ്പിനെ നേരിടുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.