യു.പി തെരഞ്ഞെടുപ്പ് ചൂടിലേക്ക്; അഞ്ചു കേന്ദ്രമന്ത്രിമാരെ യു.പിയിലേക്ക് നിയോഗിച്ച് ബി.ജെ.പി
text_fieldsന്യൂഡൽഹി: ആറു മാസത്തിനകം നിയമസഭയുടെ കാലാവധി തീരുന്ന യു.പി തെരഞ്ഞെടുപ്പു ചൂടിലേക്ക്. വിവിധ പാർട്ടികൾ തെരഞ്ഞെടുപ്പു ക്രമീകരണങ്ങൾ ഊർജിതമാക്കി. കേന്ദ്ര, സംസ്ഥാന സർക്കാറുകൾക്കെതിരായ സമരമുഖം കർഷകരും ശക്തിപ്പെടുത്തി.
യു.പിയിലും നിയമസഭ തെരഞ്ഞെടുപ്പു നടക്കാനിരിക്കുന്ന മറ്റു നാലു സംസ്ഥാനങ്ങളിലും പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കാൻ ബി.ജെ.പി കേന്ദ്രമന്ത്രിമാരെ നിയോഗിച്ചു. വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാനാണ് യു.പിയുടെ തെരഞ്ഞെടുപ്പു പ്രവർത്തന ചുമതല. അദ്ദേഹത്തെ സഹായിക്കാൻ സംസ്ഥാനത്തേക്ക് നാലു കേന്ദ്രമന്ത്രിമാരെയും നിശ്ചയിച്ചു. അനുരാഗ് ഠാകുർ, അർജുൻറാം മേഘ്വാൾ, ശോഭ കരന്തലജെ, അന്നപൂർണ ദേവി എന്നിവരെയാണ് നിയോഗിച്ചത്.
യു.പിക്കൊപ്പം പഞ്ചാബ്, ഉത്തരാഖണ്ഡ്, ഗോവ, മണിപ്പൂർ എന്നിവിടങ്ങളിലേക്കും അടുത്ത വർഷം നിയമസഭ തെരഞ്ഞെടുപ്പു നടക്കുകയാണ്. ഉത്തരാഖണ്ഡിെൻറ ചുമതല മന്ത്രി പ്രഹ്ലാദ് ജോഷിക്കും പഞ്ചാബിെൻറ ചുമതല മന്ത്രി ഗജേന്ദ്രസിങ് ശെഖാവതിനും നൽകി. മഹാരാഷ്ട്ര മുൻമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിനാണ് ഗോവയുടെ ചുമതല. മണിപ്പൂർ ചുമതല കേന്ദ്രമന്ത്രി ഭൂപേന്ദ്ര യാദവിന്.
2024ലെ ലോക്സഭ തെരഞ്ഞെടുപ്പിെൻറ സെമിഫൈനലെന്ന നിലയിലാണ് യു.പിയിലെയും മറ്റു നാലിടങ്ങളിലെയും നിയമസഭ തെരഞ്ഞെടുപ്പിനെ കാണുന്നത്. തെരഞ്ഞെടുപ്പു ഫലം തുടർന്നുള്ള പ്രവണതകളെ സ്വാധീനിക്കും. അതേസമയം, യു.പി ത്രികോണ മത്സരത്തിലേക്കാണ് നീങ്ങുന്നത്. 2007ൽ സ്വീകരിച്ച തന്ത്രം വീണ്ടും പ്രയോഗിക്കാനൊരുങ്ങുകയാണ് ബി.എസ്.പി നേതാവ് മായാവതി. ദലിത്, ബ്രാഹ്മണ േവാട്ടുകൾ ചേർത്തുനിർത്താനുള്ള നീക്കമാണ് മായാവതി നടത്തുന്നത്. ഠാകുർ വിഭാഗക്കാരനായ മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായി യു.പിയിലെ ബ്രാഹ്മണ വിഭാഗം ഏറെ അകന്ന നിലയിലാണ്.
കഴിഞ്ഞ പഞ്ചായത്തു തെരഞ്ഞെടുപ്പിൽ സമാജ്വാദി പാർട്ടിയാണ് യു.പിയിൽ മേൽക്കൈ നേടിയത്. ഇൗ സാഹചര്യം പരമാവധി പ്രയോജനപ്പെടുത്തി അധികാരം തിരിച്ചുപിടിക്കാനുള്ള തീവ്രശ്രമമാണ് അഖിലേഷ് യാദവിെൻറ നേതൃത്വത്തിൽ നടക്കുന്നത്. എന്നാൽ, അധികാരം നിലനിർത്താമെന്ന ഉറച്ച പ്രതീക്ഷയിലാണ് ബി.ജെ.പി. 2017ലെ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് 40 ശതമാനം വോട്ടാണ് കിട്ടിയത്. ബി.എസ്.പിക്കും സമാജ്വാദി പാർട്ടിക്കും 22 ശതമാനം വീതം വോട്ടു കിട്ടി. നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട കോൺഗ്രസിന് ആറു ശതമാനം വോട്ടു മാത്രമാണ് കിട്ടിയത്. ഇക്കുറി എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീൻ ഉവൈസി യു.പിയിൽ ന്യൂനപക്ഷ വോട്ട് നേടി സ്വാധീനമുറപ്പിക്കാനുള്ള നീക്കങ്ങളിലാണ്.
കാർഷിക നിയമങ്ങൾക്കെതിരെ മാസങ്ങളായി സമരം ചെയ്യുന്ന കർഷകർ പോരാട്ടം ശക്തമാക്കിയിട്ടുണ്ട്. ഇത് യു.പിയിലും പഞ്ചാബിലും ബി.ജെ.പിയെ കടുത്ത പ്രതിസന്ധിയിലാക്കും.
കർഷക സമരം ഒതുക്കാനും കർഷകരെ പ്രീണിപ്പിക്കാനുമുള്ള വഴികൾ തേടുകയാണ് ബി.ജെ.പി. ബുധനാഴ്ച നടന്ന കേന്ദ്രമന്ത്രിസഭ യോഗം ഗോതമ്പിെൻറയും കടുകിെൻറയും മറ്റും താങ്ങുവില വർധിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.