ബി.ജെ.പി കളത്തിലിറക്കിയ ‘രാമായൺ’ സീരിയലിലെ ‘ശ്രീരാമൻ’ പിന്നിൽ
text_fieldsന്യൂഡൽഹി: ഉത്തർപ്രദേശിലെ മീററ്റ് മണ്ഡലത്തിൽ ബി.ജെ.പി കളത്തിലിറക്കിയ ‘രാമായൺ’ സീരിയലിലെ ‘ശ്രീരാമൻ’ പിന്നിൽ. ‘രാമായൺ’ ടെലിവിഷൻ സീരിയലിൽ ശ്രീരാമന്റെ വേഷമിട്ട അരുൺ ഗോവിലാണ് 24,905 വോട്ടിന് പിന്നിലായത്. എതിർസ്ഥാനാർഥി സമാജ് വാദി പാർട്ടിയിലെ സുനിത വർമ 3,84,047 വോട്ടുമായി മുന്നേറുമ്പോൾ ഗോവിലിന് 3,59,142 വോട്ടുമാത്രമാണ് ഇതുവരെ ലഭിച്ചത്.
തെരഞ്ഞെടുപ്പിന് മാസങ്ങൾക്ക് മുമ്പ് രാമക്ഷേത്ര പ്രതിഷ്ഠ ചടങ്ങ് നടത്തി വോട്ടർമാരെ സ്വാധീനിക്കാനുള്ള നീക്കത്തിന് പിന്നാലെയാണ് പാർട്ടിയുടെ അഞ്ചാം സ്ഥാനാർഥി പട്ടികയിൽ ‘ശ്രീരാമൻ’ ഇടം പിടിച്ചത്. എന്നാൽ, രാമക്ഷേത്രം നിലനിൽക്കുന്ന ഫൈസാബാദിലടക്കം ബി.ജെ.പി പിന്നിലേക്ക് പോയതാണ് വോട്ടെണ്ണുമ്പോൾ കാണുന്നത്.
ഉത്തർ പ്രദേശിലെ സ്വന്തം നാട് ഉൾപ്പെടുന്ന മീററ്റ് മണ്ഡലത്തിലാണ് 66കാരൻ ജനവിധി തേടി ഇറങ്ങിയത്. മൂന്നു തവണ മണ്ഡലത്തിൽ എം.പിയായിരുന്ന രാജേന്ദ്ര അഗർവാളിനെ മാറ്റിയായിരുന്നു രംഗപ്രവേശം.
2021ൽ ബി.ജെ.പി അംഗത്വമെടുത്ത ഗോവിൽ ജനുവരിയിൽ അയോധ്യയിൽ നടന്ന രാമക്ഷേത്ര പ്രതിഷ്ഠ ചടങ്ങിലേക്ക് ക്ഷണിക്കപ്പെട്ട അതിഥികളിൽ ഒരാളായിരുന്നു. 1977ൽ പുറത്തിറങ്ങിയ ‘പഹേലി’ എന്ന സിനിമയിലൂടെയായിരുന്നു ഗോവിലിന്റെ അഭിനയ രംഗത്തെ അരങ്ങേറ്റം. എന്നാൽ, 1980കളിൽ ദൂരദർശൻ സംപ്രേഷണം ചെയ്ത രാമാനന്ദ് സാഗറിന്റെ ‘രാമായൺ’ എന്ന പരമ്പരയിലെ ശ്രീരാമന്റെ വേഷം ഗോവിലിനെ ടെലിവിഷൻ പ്രേക്ഷകരുടെ ഇഷ്ടതാരമാക്കി. ശേഷം നിരവധി സിനിമകളിലും ടെലിവിഷൻ പരമ്പരകളിലും അഭിനയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.