പല രോഗികൾക്ക് ഒരേ സിറിഞ്ച് ഉപയോഗിച്ചു; യു.പിയിൽ പെൺകുട്ടിക്ക് എച്ച്.ഐ.വി ബാധ
text_fieldsലഖ്നൗ: ഒരേ സിറിഞ്ച് ഉപയോഗിച്ച് പല രോഗികളെ കുത്തിവച്ചതിനെ തുടർന്ന് യു.പിയിൽ പെൺകുട്ടിക്ക് എച്ച്.ഐ.വി ബാധ. ഇറ്റായിലെ റാണി അവന്തി ബായ് ലോധി സർക്കാർ മെഡിക്കൽ കോളജിലാണ് ഞെട്ടിക്കുന്ന സംഭവം. ഫെബ്രുവരി 20ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച പെൺകുട്ടിക്കാണ് എച്ച്.ഐ.വി ബാധ സ്ഥിരീകരിച്ചത്.
ഒരേ സിറിഞ്ച് നിരവധി രോഗികളിൽ ഡോക്ടർ ഉപയോഗിച്ചതിനെത്തുടർന്ന് കുട്ടിക്ക് എച്ച്.ഐ.വി പോസിറ്റീവ് ആയെന്ന റിപ്പോർട്ടിൽ മെഡിക്കൽ കോളജ് പ്രിൻസിപ്പലിനോട് വിശദീകരണം തേടിയതായി ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി ബ്രജേഷ് പഥക് പറഞ്ഞു. സംഭവത്തിൽ കുറ്റക്കാരെന്ന് കണ്ടെത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.
സംഭവത്തിൽ പെൺകുട്ടിയുടെ മാതാപിതാക്കൾ ജില്ലാ മജിസ്‌ട്രേറ്റ് അങ്കിത് കുമാർ അഗർവാളിന് പരാതി നൽകിരുന്നു. ആശുപത്രിയിൽ ഒരേ സിറിഞ്ചിൽ നിന്ന് നിരവധി കുട്ടികൾക്ക് കുത്തിവയ്പ്പ് നൽകിയതായി പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. എച്ച്.ഐ.വി ബാധിച്ച ആരോ ഒരാളെ കുത്തിവച്ച സിറിഞ്ച് തന്നെ തങ്ങളുടെ കുട്ടിക്കും ഉപയോഗിച്ചതിനെ തുടർന്നാണ് രോഗബാധ ഉണ്ടായതെന്നും ബന്ധുക്കൾ പറയുന്നു.
അതേസമയം, കുട്ടിക്ക് എച്ച്.ഐ.വി പോസിറ്റീവ് ആണെന്ന് കണ്ടെത്തിയപ്പോൾ അന്നു രാത്രി തന്നെ തങ്ങളെ ആശുപത്രിയിൽ നിന്ന് ജീവനക്കാർ നിർബന്ധിച്ച് പുറത്താക്കിയതായി ബന്ധുക്കൾ ആരോപിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ചീഫ് മെഡിക്കൽ ഓഫീസർ (സി.എം.ഒ)ക്ക് ജില്ലാ മജിസ്‌ട്രേറ്റ് നിർദേശം നൽകി.
സംഭവത്തെക്കുറിച്ച് താൻ അറിഞ്ഞിട്ടുണ്ടെന്നും ജില്ലാ മജിസ്‌ട്രേറ്റ് അന്വേഷണത്തിന് നിർദേശിച്ചിട്ടുണ്ടെന്നും ഇറ്റാ സി.എം.ഒ ഉമേഷ് കുമാർ ത്രിപാഠി പറഞ്ഞു. അന്വേഷണം പൂർത്തിയാക്കിയ ശേഷം റിപ്പോർട്ട് ജില്ലാ മജിസ്‌ട്രേറ്റിന് സമർപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ സംഭവത്തിൽ പ്രതികരിക്കാൻ ആശുപത്രി അധികൃതർ തയാറായിട്ടില്ല.
ഇറ്റായിലെ മെഡിക്കൽ കോളജിൽ ഒരേ സിറിഞ്ച് ഉപയോഗിച്ച് ഡോക്ടർ നിരവധി രോഗികൾക്ക് കുത്തിവെപ്പ് നൽകിയതിനെ തുടർന്ന് ഒരു കുട്ടിക്ക് എച്ച്.ഐ.വി പോസിറ്റീവായ സംഭവം ശ്രദ്ധയിൽപ്പെട്ടു. സംഭവത്തിൽ മെഡിക്കൽ കോളജ് പ്രിൻസിപ്പലിൽ നിന്ന് വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്. കുറ്റക്കാരനെന്നു കണ്ടെത്തുന്ന ഡോക്ടർക്കെതിരെ കർശന നടപടിയെടുക്കും- ഉപമുഖ്യമന്ത്രി ബ്രജേഷ് പഥക് ട്വീറ്റ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.