കോവിഡ് രോഗികൾക്ക് സ്വന്തം സ്കൂട്ടിയിൽ ഓക്സിജൻ സിലിണ്ടറെത്തിച്ച് പെൺകുട്ടി
text_fieldsഷാജഹാൻപുർ: കോവിഡ് മഹാമാരിക്കിടയിലെ ദുരന്തങ്ങൾക്കിടയിലും പ്രതീക്ഷയുടെ കിരണവുമായി എത്തുന്ന ചില വാർത്തകളുണ്ട്. അത്തരത്തിലുള്ള ഒന്നാണ് യു.പിയിലെ ഷാജഹാൻപുരിൽ നിന്നുള്ള പെൺകുട്ടിയുടെ കഥ. അർഷി എന്നാണ് അവളുടെ പേര്. തന്‍റെ സ്കൂട്ടിയിലാണ് ആവശ്യക്കാർക്ക് അർഷി ഓക്സിജൻ സിലിണ്ടറുകളെത്തിച്ച് കൊടുക്കുന്നത്.
'എന്‍റെ പിതാവിന് ഓക്സിജൻ സിലിണ്ടർ ആവശ്യം നേരിട്ടപ്പോൾ വലിയ ബുദ്ധിമുട്ടനുഭവിച്ചിട്ടുണ്ട്. സർക്കാർ രോഗികൾക്കുവേണ്ടി ഒന്നും ചെയ്യാത്തതിനാലാണ് ഞാൻ ഇത് ചെയ്യുന്നത്. തന്‍റെ കൈയിൽ നിന്നും പൈസയെടുത്താണ് സിലിണ്ടറുകൾ നിറക്കുന്നത്. വീടുകളിൽ കഴിയുന്ന കോവിഡ് രോഗികൾക്ക് സർക്കാർ ഓക്സിജൻ നൽകുന്നില്ല.' അർഷി പറഞ്ഞു.
കോവിഡ് ബാധിച്ച് പിതാവിന്‍റെ അവസ്ഥ തീരെ മോശമായപ്പോൾ ഓക്സിജനുവേണ്ടി താൻ പലരേയും സമീപിച്ചു. ആർക്കും ഒന്നും ചെയ്യാനായില്ല. ഒരു ബന്ധുവും സുഹൃത്തുക്കളും ചേർന്നാണ് വീട്ടിൽ രണ്ട് ഓക്സിജൻ സിലിണ്ടറുകളെത്തിച്ചു തന്നത്. താൻ കടന്നുപോയ അവസ്ഥയിലൂടെ മറ്റാരും കടന്നുപോകരുതെന്ന കരുതലാണ് അർഷിക്ക്.
പിതാവ് കോവിഡ് നെഗറ്റീവയതിനുശേഷം 18 തവണ ഓക്സിജൻ സിലിണ്ടറുകൾ നിറച്ച് പലർക്കായി നൽകി. വിദ്യാർഥിനിയായ അർഷി തന്നെയാണ് ഇതിനുവേണ്ട പൈസയും കണ്ടെത്തുന്നത്. ഓരോ രോഗിയുടെ വിളി വരുമ്പോഴും ഓക്സിജൻ കൊടുത്തയാൾക്ക് സുഖമായോ എന്ന് അന്വേഷിക്കും. പിന്നീട് ആ വീട്ടിൽ സ്കൂട്ടിയിൽ പോയി സിലിണ്ടറെടുത്ത് അടുത്തയാൾക്ക് കൊടുക്കും. - അർഷി പറഞ്ഞു.
ഷാജഹാൻപുർ നിവാസികൾ അർഷിയെ ഇപ്പോൾ 'ഓക്സിജൻ വാലി ബേട്ടിയ' എന്നാണ് വിളിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.