ലംപി വൈറസ്: നാല് സംസ്ഥാനങ്ങളുമായുള്ള കന്നുകാലി വ്യാപാരം നിരോധിച്ച് യു.പി
text_fieldsലക്ക്നോ: കന്നുകാലികളിൽ ലംപി വൈറസ് പടരുന്നത് തടയാൻ നാല് അയൽ സംസ്ഥാനങ്ങളുമായുള്ള കന്നുകാലി വ്യാപാരം നിരോധിച്ച് യു.പി സർക്കാർ. രാജസ്ഥാൻ, മധ്യപ്രദേശ്, ഹര്യാന, ഡൽഹി എന്നിവിടങ്ങളിൽ നിന്നുള്ള വ്യാപാരമാണ് നിരോധിച്ചത്. 28 ജില്ലകളിൽ നിന്നുള്ള കന്നുകാലികളുടെ അന്തർ ജില്ലാ നീക്കത്തിന് 'ലോക്ക് ഡൗൺ' ഏർപ്പെടുത്തിയതായും മൃഗ സംരക്ഷണ വകുപ്പ് മന്ത്രി ധരംപാൽ സിങ് പറഞ്ഞു.
14 സംസ്ഥാനങ്ങളിൽ വൈറസ് പടർന്നിട്ടുണ്ട്. മനുഷ്യരിലെ കൊറോണ വൈറസ് പോലെ മാരകമാണ് കന്നുകാലികളിലെ ലംപി രോഗം. ഇത് കണക്കിലെടുത്താണ് സർക്കാരിന്റെ കന്നുകാലി വ്യാപാര നിരോധന നടപടിയെന്ന് മന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് രോഗം ബാധിച്ചത് 26,197 പശുക്കൾക്കാണ്. അതിൽ 16,872 പശുക്കളെ രക്ഷിക്കാനായി. ഝാൻസി, ആഗ്ര, അലിഗർ, മീററ്റ്, സഹാറൻപുർ, മൊറാദാബാദ്, ബറേലി ഡിവിഷനുകളിലെ 28 ജില്ലകളിലാണ് വൈറസ് പടർന്നിട്ടുള്ളത്. അവിടങ്ങളിൽ നിന്നുള്ള കന്നുകാലികൾ ജില്ലക്ക് പുറത്തു പോകുന്നതിൽ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
ദുരിതാശ്വാസത്തിനും രക്ഷാപ്രവർത്തനത്തിനുമായി ലഖ്‌നൗവിൽ കൺട്രോൾ റൂം തുറന്നു.
രാജ്യത്ത് പശുക്കളിലും കാളകളിലുമാണ് വൈറസ് പടർന്നിട്ടുള്ളത്. വൈറസ് മൃഗങ്ങളിൽ നിന്നോ അവയുടെ പാലിൽ നിന്നോ മനുഷ്യരിലേക്ക് പകരില്ല എന്നാണ് വിദഗ്ധർ വ്യക്തമാക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.