അയോധ്യ ഭൂമിയിടപാടിൽ യു.പി സർക്കാർ അന്വേഷണത്തിന് ഉത്തരവിട്ടു
text_fieldsലക്നൗ: അയോധ്യ ഭുമിയിടപാടിൽ ഉത്തർപ്രദേശ് സർക്കാർ അന്വേഷണത്തിന് ഉത്തരവിട്ടു. ബാബരി മസ്ജിദ് തകർത്ത ഭൂമിയിൽ രാമക്ഷേത്രം പണിയുന്നതിനുള്ള സുപ്രീംകോടതി വിധിക്കു പിന്നാലെ ബി.ജെ.പി നേതാക്കളും ബന്ധുക്കളും സംസ്ഥാന സർക്കാർ ജീവനക്കാരും വൻതോതിൽ ഭൂമി വാങ്ങിക്കൂട്ടിയതായി ആരോപണം ഉയർന്നിരുന്നു.
ഭൂമി ഇടപാടിൽ അന്വേഷണത്തിന് ഉത്തരവിട്ട യോഗി ആദിത്യനാഥ്, ഒരാഴ്ചക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാനും ആവശ്യപ്പെട്ടു. രാമക്ഷേത്രത്തിന്‍റെ പേരിൽ കോടികളുടെ ഭൂമി തട്ടിപ്പ് നടന്നതായും കേന്ദ്ര സർക്കാർ കഴിഞ്ഞവർഷം സ്ഥാപിച്ച രാമ ക്ഷേത്ര ട്രസ്റ്റാണ് തട്ടിപ്പിനു പിന്നിലെന്നുമാണ് ഉത്തർപ്രദേശിലെ പ്രതിപക്ഷ പാർട്ടികളുടെ ആരോപണം. രേഖകൾ സഹിതം ഒരാഴ്ചക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാനാണ് മുഖ്യമന്ത്രി ആവശ്യപ്പെട്ടിരിക്കുന്നതെന്ന് യു.പി അഡീഷനൽ ചീഫ് സെക്രട്ടറി മനോജ് കുമാർ സിങ് പറഞ്ഞു. മാധ്യമവാർത്തകളെ തുടർന്നാണ് മുഖ്യമന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടത്.
സ്പെഷൽ സെക്രട്ടറി റാങ്കിലുള്ള ഓഫിസറുടെ നേതൃത്വത്തിലാണ് കേസ് അന്വേഷിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി. റവന്യു വകുപ്പിലെ സ്പെഷൽ സെക്രട്ടറി ശ്യാം മിശ്രക്കാണ് അന്വേഷണ ചുമതലയെന്നാണ് വിവരം. 2020 ഫെബ്രുവരിയിലാണ് മോദി സർക്കാർ രാമക്ഷേത്ര നിർമാണത്തിനായി ശ്രീരാമ ജന്മഭൂമി തീർഥ ക്ഷേത്ര എന്ന പേരിൽ ട്രസ്റ്റ് രൂപവത്കരിക്കുന്നത്. ക്ഷേത്ര നിർമാണത്തിന്‍റെ മേൽനോട്ടമാണ് ചുമതല. മാർച്ച് 18ന് ഒരു വ്യക്തിയിൽനിന്ന് 1.208 ഹെക്ടർ ഭൂമി രണ്ടു കോടി രൂപക്ക് വാങ്ങിയ രണ്ട് റിയൽ എസ്റ്റേറ്റ് ഏജന്‍റുമാർ മിനിറ്റുകൾ കഴിഞ്ഞ് രാമ ജന്മഭൂമി ട്രസ്റ്റിന് വിറ്റത് 18.5 കോടിക്കാണെന്ന് ആരോപണം ഉയർന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.