രാമക്ഷേത്ര പ്രതിഷ്ഠാദിനം: രാമായണപാരായണം നടത്തണം; ജില്ലാഭരണകൂടങ്ങൾക്ക് യു.പി സർക്കാർ ഉത്തരവ്
text_fieldsലഖ്നോ: രാമക്ഷേത്ര പ്രതിഷ്ഠാദിനത്തോട് മുന്നോടിയായി രാമയാണപാരായണവും പ്രാർഥന സദസ്സുകളും നടത്താൻ ജില്ലാഭരണകൂടങ്ങളോട് നിർദേശിച്ച് യു.പി സർക്കാർ. ജില്ലാ ടൂറിസം കൗൺസിലിന്റെ ചെലവിൽ 2024 ജനുവരി 14 മുതൽ 22 വരെയാണ് പരിപാടി നടക്കുക. വാല്മീകി ക്ഷേത്രങ്ങളിൽ രാമായണപാരായണം നടത്തണമെന്നാണ് ജില്ല മജിസ്ട്രേറ്റുമാർക്കുള്ള ഉത്തരവിൽ യു.പി ചീഫ് സെക്രട്ടറി ശങ്കർ മിശ്ര വ്യക്തമാക്കുന്നത്.
ദലിത്‍ വിഭാഗങ്ങളിൽ നിന്നുള്ള ആളുകളായിരിക്കും പ്രധാനമായും വാല്മീകി ക്ഷേത്രങ്ങളിൽ പ്രാർഥനക്കെത്തുക .ദലിത് വിഭാഗത്തെ രാമക്ഷേത്ര പ്രതിഷ്ഠാദിന ചടങ്ങിലേക്ക് അടുപ്പിക്കാനുള്ള നീക്കമാണ് ബി.ജെ.പി നടത്തുന്നതെന്നും അവരുടെ ഹിന്ദുത്വ അജണ്ടയുടെ ഭാഗമാണ് ഇതെന്നുമാണ് ദലിത് ചിന്തകർ പറയുന്നത്. അടുത്ത പൊതുതെരഞ്ഞെടുപ്പിൽ ദലിതരുടെ വോട്ടുകൾ നേടാനുള്ള ബി.ജെ.പി തന്ത്രം മാത്രമാണിതെന്ന വിമർശനവും ഉയർന്നിട്ടുണ്ട്.
യു.പിയിൽ 22 ശതമാനവും ദലിതരാണ്. ഇവരുടെ വോട്ടുകൾ 80 ലോക്സഭ സീറ്റുകളുള്ള യു.പിയിൽ നിർണായകമാണ്. മായാവതിയുടെ നേതൃത്വത്തിലുള്ള ബി.എസ്.പിക്കാണ് യു.പിയിൽ ദലിതർ വോട്ട് ചെയ്യാറ്. ഈ വോട്ടുബാങ്കിൽ കണ്ണുവെച്ചാണ് ബി.ജെ.പിയുടെ നീക്കം.
യോഗി ആദിത്യനാഥ് സർക്കാർ വാല്മീകി രാമായണത്തിലും വാല്മീകി ക്ഷേത്രങ്ങളിലും ശ്രദ്ധചെലുത്തുന്നത് ദലിത് വിഭാഗത്തെ പാർട്ടിയോട് അടുപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന് ലഖ്നോ യൂനിവേഴ്സിറ്റി പ്രൊഫസറും ദലിത് ചിന്തകനുമായ രവികാന്ത് ചന്ദൻ പറഞ്ഞു. വലിയൊരു വിഭാഗം ദലിത് യുവാക്കൾ ബി.ജെ.പി വിട്ട് പോവുകയാണ്. അവരെ പിടിച്ചുനിർത്താനുള്ള പാർട്ടിയുടെ നീക്കമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.