സ്ത്രീധനമായി ആവശ്യപ്പെട്ടത് ഫോർച്യൂണർ, കിട്ടിയത് വാഗൺ ആർ; വരൻ വിവാഹത്തിൽ നിന്ന് പിന്മാറി
text_fieldsലഖ്നോ: വധുവിന്‍റെ വീട്ടുകാർ സ്ത്രീധനമായി ടോയോറ്റ ഫോർച്യൂണർ കാർ നൽകാത്തതിനെ തുടർന്ന് സർക്കാർ കോളജ് അധ്യാപകനായ വരൻ വിവാഹത്തിൽ നിന്ന് പിന്മാറി. ഉത്തർപ്രദേശിലെ ഗാസിയാബാദിലാണ് സംഭവം.വധുവിന്റെ പിതാവിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ അധ്യാപകനെതിരെ സ്ത്രീധന നിരോധന നിയമപ്രകാരം പൊലീസ് കേസെടുത്തു.
വിവാഹത്തിന് ഒരു മാസം മുമ്പ് വധുവിന്റെ കുടുംബത്തോട് സ്ത്രീധനമായി ഇയാൾ ഫോർച്യൂണർ ആവശ്യപ്പെട്ടിരുന്നതായി പൊലീസ് പറഞ്ഞു. എന്നാൽ കുടുംബം ഇതിന് വിസമ്മതിച്ചു. ഇതോടെ വിവാഹത്തിൽ നിന്ന് പിന്മാറിയെന്നറിയിച്ച് യുവതിയുടെ ഫോണിലേക്ക് ഇയാൾ സന്ദേശമയച്ചു.
പൊലീസ് എഫ്.ഐ.ആറിൽ പറയുന്നതനുസരിച്ച്, 2022 ജൂൺ 19 നാണ് വിവാഹ നിശ്ചയം നടന്നത്. ശേഷം 2023 ജനുവരി 30ന് വിവാഹം നടത്താൻ ഇരു കുടുംബങ്ങളും തീരുമാനിച്ചു. തുടർന്ന് 2022 ഒക്ടോബർ 10ന് വരന് സ്തീധനമായി യുവതിയുടെ വീട്ടുകാർ വാഗൺ ആർ ബുക്ക് ചെയ്തു. എന്നാൽ വരന്റെ ബന്ധു വധുവിന്റെ വീട്ടിലെത്തി വാഗൺ ആറിനു പകരം ഫോർച്യൂണർ ആവശ്യപ്പെട്ടു.
പക്ഷെ വധുവിന്റെ വീട്ടുകാർ ആവശ്യം നിരസിച്ചു. തുടർന്ന് നവംബർ 23ന് കല്യാണത്തിൽ നിന്ന് പിന്മാറുന്നതായി വരൻ അറിയിച്ചു. അധ്യാപകനും ഇയാളുടെ ബന്ധുക്കൾക്കുമെതിരെ ഐ.പി.സി 506 (ക്രിമിനൽ ഭീഷണിപ്പെടുത്തൽ), സ്ത്രീധന നിയമ വകുപ്പുകൾ എന്നിവ പ്രകാരമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.