യു.പിയിൽ മാധ്യമങ്ങളെ നിയന്ത്രിക്കാൻ നീക്കം: സർക്കാറിനെതിരായ വാർത്തകൾ പരിശോധിച്ച് നടപടിയെടുക്കാൻ ജില്ലാ മജിസ്‌ട്രേറ്റുമാർക്ക് നിർദേശം
text_fieldsലഖ്നോ: മാധ്യമങ്ങളെ നിയന്ത്രിക്കാൻ നീക്കവുമായി ഉത്തർപ്രദേശ് സർക്കാർ. മാധ്യമങ്ങളിൽ പ്രസിദ്ധീകരിക്കുന്ന സർക്കാറിനെതിരായ വാർത്തകൾ പരിശോധിച്ച് ഉചിതമായ നടപടി സ്വീകരിക്കാൻ ഡിവിഷണൽ കമ്മീഷണർമാരോടും ജില്ലാ മജിസ്‌ട്രേറ്റുമാരോടും മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പ്രിൻസിപ്പൽ സെക്രട്ടറി സഞ്ജയ് പ്രസാദ് ഉത്തരവിട്ടു.
അവരവരുടെ അധികാരപരിധിയിലുള്ള ദിനപത്രങ്ങളിലും മാധ്യമ പ്ലാറ്റ്‌ഫോമുകളിലും പ്രസിദ്ധീകരിക്കുന്ന നെഗറ്റീവ് വാർത്തകളെക്കുറിച്ച് അന്വേഷിക്കാനാണ് നിർദേശം. അടിയന്തര പ്രാധാന്യമുള്ള നിർദേശം എന്ന നിലക്കാണ് കത്ത് കൈമാറിയത്. ദിനപത്രങ്ങളിലും മാധ്യമ പ്ലാറ്റ്‌ഫോമുകളിലും പ്രസിദ്ധീകരിക്കുന്ന നെഗറ്റീവ് വാർത്തകൾ ഇൻഫർമേഷൻ ഡിപ്പാർട്ട്‌മെന്റാണ് സമാഹരിക്കുക. ഇത്തരം വാർത്തകളിൽ പരാമർശിച്ചിരിക്കുന്ന കാര്യങ്ങൾ സർക്കാറിന് അപകീർത്തികരമാണെങ്കിൽ ഉടനടി അന്വേഷിക്കണം. “ഇന്റഗ്രേറ്റഡ് ഗ്രീവൻസ് റിഡ്രസൽ സിസ്റ്റത്തിൽ (ഐജിആർഎസ്) ഇത്തരം വാർത്തകൾ അപ്‌ലോഡ് ചെയ്ത് നടപടിക്കായി അതത് ഡിവിഷണൽ കമ്മീഷണർമാർക്കും ജില്ലാ മജിസ്‌ട്രേറ്റുകൾക്കും വകുപ്പ് മേധാവികൾക്കും കൈമാറണം’ -ആഗസ്റ്റ് 16ന് നൽകിയ കത്തിൽ പറയുന്നു.
ഏതെങ്കിലും സംഭവം വസ്തുതകൾ വളച്ചൊടിച്ചോ തെറ്റിദ്ധരിപ്പിച്ചോ സർക്കാരിന്റെയോ ജില്ലാ ഭരണകൂടത്തിന്റെയോ പ്രതിച്ഛായ തകർക്കാൻ അവതരിപ്പിച്ചതായി അറിഞ്ഞാൽ വ്യക്തത ആരാഞ്ഞ് ബന്ധപ്പെട്ട മാധ്യമങ്ങളുടെ മാനേജ്‌മെന്റിന് ജില്ലാ മജിസ്‌ട്രേറ്റ് നോട്ടീസ് നൽകണം. ഇൻഫർമേഷൻ ഡിപ്പാർട്ട്‌മെന്റിനും ഇതിന്റെ ഒരു പകർപ്പ് കൈമാറണം. ഇത്തരം വാർത്തകളുടെ വിശദാംശങ്ങൾ ജില്ലാ മജിസ്‌ട്രേറ്റുമാർ ഐജിആർഎസ് പോർട്ടലിൽ അപ്‌ലോഡ് ചെയ്യണമെന്നും പ്രിൻസിപ്പൽ സെക്രട്ടറി നിർദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.