ആശുപത്രികൾക്ക് പകരം യു.പി സർക്കാർ വികസിപ്പിക്കുന്നത് ശ്മശാനങ്ങൾ -പ്രിയങ്ക ഗാന്ധി
text_fieldsന്യൂഡൽഹി: ഉത്തർപ്രദേശിൽ കോവിഡ് ബാധിതരുടെ എണ്ണം കുത്തനെ ഉയരുന്ന സാഹചര്യത്തിൽ യോഗി ആദിത്യനാഥ് സർക്കാറിനെതിരെ വിമർശനവുമായി കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. ആശുപത്രികൾക്ക് പകരം യു.പി സർക്കാർ ശ്മശാനങ്ങളുടെ ശേഷിയാണ് വികസിപ്പിക്കുന്നതെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു.
യു.പിയിൽ രോഗവ്യാപനം രൂക്ഷമായ സാഹചര്യത്തിൽ സംസ്ഥാനത്തെ കോൺഗ്രസ് നേതാക്കളുമായി നടത്തിയ അടിയന്തര കൂടിക്കാഴ്ചയിൽ സംസാരിക്കുകയായിരുന്നു അവർ. സംസ്ഥാനത്തെ ജനങ്ങൾക്ക് എല്ലാവിധ സഹായങ്ങളും നൽകാൻ കോൺഗ്രസ് തയാറാണെന്നും അവർ കൂട്ടിച്ചേർത്തു.
സംസ്ഥാനത്തിന്റെ എല്ലാ ഭാഗങ്ങളിൽനിന്നും പുറത്തുവരുന്ന വാർത്തകൾ സങ്കടപ്പെടുത്തുന്നതും ഞെട്ടിക്കുന്നതുമാണ്. എല്ലാ വഴികളിലൂടെയും ജനങ്ങളെ ദുരന്തത്തിൽനിന്ന് രക്ഷിക്കാൻ കോൺഗ്രസ് പിന്തുണക്കും. കൊറോണ വൈറസ് ബാധിതരായവർക്ക് മികച്ച ചികിത്സ ഉറപ്പാക്കാൻ സർക്കാർ തയാറാകണമെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.
കൊറോണ വൈറസ് മഹാമാരി പടർന്നുപിടിച്ചതു മുതൽ യു.പി സർക്കാർ ഉണർന്നു പ്രവർത്തിക്കുകയാണെങ്കിൽ ഇന്ന് ഇത്തരമൊരു അവസ്ഥ കാണേണ്ടിവരില്ലായിരുന്നു. തുടക്കം മുതൽ മികച്ച ആരോഗ്യസംവിധാനം പ്രവർത്തിച്ചിരുന്നെങ്കിൽ രോഗബാധിതരുടെ എണ്ണവും മരണനിരക്കും കുറക്കാൻ കഴിയുമായിരുന്നു. കോവിഡിനെ നേരിടാൻ സർക്കാറിന് കൃത്യമായ പദ്ധതികളില്ലെന്നും യോഗി ആദിത്യനാഥ് സർക്കാർ കോവിഡ് പ്രതിരോധത്തിൽ പരാജയപ്പെട്ടതായും കോൺഗ്രസ് നേതാക്കൾ പ്രതികരിച്ചു.
യു.പിയിൽ 20,000ത്തിൽ അധികം പേർക്കാണ് പ്രതിദിനം കോവിഡ് സ്ഥിരീകരിക്കുന്നത്. കഴിഞ്ഞദിവസം 20,510 പേർക്ക് രോഗം സ്ഥിരീകരിച്ചു. 67 മരണവും റിപ്പോർട്ട് ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.