ലോക്ഡൗൺ ഏർപ്പെടുത്തണമെന്ന് ഹൈകോടതി; ഉത്തരവിനെതിരെ യോഗി സർക്കാർ സുപ്രീംകോടതിയിൽ
text_fieldsലഖ്നോ: ഉത്തർപ്രദേശില അഞ്ചുനഗരങ്ങളിൽ ലോക്ഡൗൺ ഏർപ്പെടുത്തണമെന്ന അലഹബാദ് ഹൈകോടതി നിർദേശത്തിനെതിരെ സുപ്രീംകോടതിയെ സമീപിച്ച് യോഗി ആദിത്യനാഥ് സർക്കാർ. കോവിഡ് 19 കുതിച്ചുയരുന്ന സാഹചര്യത്തിൽ ഏപ്രിൽ 26 വരെ ലോക്ഡൗൺ പ്രഖ്യാപിക്കണമെന്നായിരുന്നു നിർദേശം.
സംസ്ഥാന സർക്കാറിന്‍റെ ഹരജി ഫയലിൽ സ്വീകരിച്ച സുപ്രീംകോടതി ഇന്ന് വാദം കേൾക്കും. ലഖ്നോ, അലഹബാദ്, കാൺപുർ, വാരാണസി, ഗൊരഖ്പുർ നഗരങ്ങളിൽ ലോക്ഡൗൺ ഏർപ്പെടുത്തണമെന്നായിരുന്നു അലഹബാദ് ഹൈകോടതിയുടെ ഉത്തരവ്. എന്നാൽ ലോക്ഡൗൺ ഏർപ്പെടുത്തില്ലെന്നായിരുന്നു സർക്കാർ നിലപാട്.
യു.പി സർക്കാർ കോവിഡ് വ്യാപനം ചെറുക്കുന്നതിൽ പരാജയപ്പെട്ടുവെന്ന് നേരത്തേ ആരോപണം ഉയർന്നിരുന്നു. യു.പിയിൽ 30,000ത്തിൽ അധികംപേർക്കാണ് പ്രതിദിനം കോവിഡ് സ്ഥിരീകരിക്കുന്നത്. തുടർന്നാണ് കോടതിയുടെ ഇടപെടൽ.
ലോക്ഡൗണിന് പുറമെ, എല്ലാ മത -സാംസ്കാരിക ചടങ്ങുകളും നിർത്തിവെക്കണമെന്നും എല്ലാ ഷോപ്പിങ് മാളുകളും അടച്ചിടണമെന്നും കോടതി വ്യക്തമാക്കിയിരുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങൾ പൂർണമായും അടച്ചിടണമെന്നും നിർദേശിച്ചു.
അവശ്യ സ്ഥാപനങ്ങളും സേവനങ്ങളും ഒഴികെ എല്ലാ സർക്കാർ സ്വകാര്യ സ്ഥാപനങ്ങളും അടച്ചിടണം, കൂടിച്ചേരലുകൾ- വിവാഹം പോലെയുള്ള ചടങ്ങുകൾ പരമാവധി ഒഴിവാക്കണം തുടങ്ങിയവയായിരുന്നു നിർദേശങ്ങൾ.
യു.പിയിൽ പ്രതിദിനം 30,000ത്തിൽ അധികം പേർക്കാണ് കോവിഡ് പോസിറ്റീവാകുന്നത്. രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായ സംസ്ഥാനങ്ങളിലൊന്നാണ് ഇത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.