'ഞങ്ങൾ നടപടിയെടുത്തത് നോക്കൂ'; യോഗിക്ക് ഉപദേശവുമായി അശോക് ഗെഹ്ലോട്ട്
text_fieldsജയ്പൂർ: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് ഉപദേശവുമായി രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്. ''രാജസ്ഥാനിൽ ക്ഷേത്ര പുരോഹിതനെ കൊലപ്പെടുത്തിയതിന് പിന്നാലെ മുഖ്യപ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഗോണ്ടയിൽ പൂജാരി കൊല്ലപ്പെട്ട സംഭവത്തിൽ ഉത്തർപ്രദേശ് സർക്കാറും വേഗത്തിൽ നടപടിയെടുക്കേണ്ടതുണ്ട്''- അശോക് ഗെഹ്ലോട്ട് ഉപദേശിച്ചു.
രാജസ്ഥാനിലെ കരൗലി ജില്ലയിൽ ഭൂമി തർക്കത്തിനെത്തുടർന്ന് അക്രമികൾ ക്ഷേത്ര പുരോഹിതനെ ജീവനോടെ കത്തിച്ചിരുന്നു.സപൊത്ര ഡിവിഷനിലെ ബോക്ന ഗ്രാമത്തിലെ രാധാകൃഷ്ണ ക്ഷേത്രത്തിലെ പുരോഹിതനായ ബാബുലാൽ വൈഷ്ണവ് എന്ന 50കാരനെയാണ് മീണ വിഭാഗത്തിൽപ്പെട്ടവർ ഭൂമി തർക്കത്തിനിടയിൽ പെട്രോൾ ഒഴിച്ച് കത്തിച്ചത്.
സംഭവം രാജസ്ഥാനിലെ കോൺഗ്രസ് സർക്കാറിനെതിരെ രാഷ്ട്രീയ ആയുധമാക്കി സംസ്ഥാനത്തൊട്ടാകെ ബി.ജെ.പി ഉയർത്തുന്നതിനിടെയാണ് ഉത്തർപ്രദേശിൽ സ്ഥലതർക്കത്തിെൻറ പേരിൽ ക്ഷേത്ര പൂജാരിക്ക് നേരെ വെടിവെപ്പുണ്ടായത്. ഗോണ്ട ജില്ലയിലാണ് സംഭവമുണ്ടായത്. റാം ജാനകി ക്ഷേത്രത്തിലെ പൂജാരിയായ സാമ്രാത് ദാസിന് നേരെയാണ് വെടിയുതിർത്തത്. ഇയാളുടെ നില ഗുരുതരമാണെന്ന് ഡോക്ടർമാർ അറിയിച്ചിരുന്നു. നാലുപേർ അറസ്റ്റിലായതായി ഉത്തർപ്രദേശ് പൊലീസ് അറിയിച്ചെങ്കിലും അന്വേഷണം പൂർത്തിയായിട്ടില്ല. ഈ സാഹചര്യത്തിലാണ് ഗെഹ്ലോട്ടിെൻറ ഉപദേശം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.