ദലിത് പെൺകുട്ടിയുടെ ബലാത്സംഗക്കൊല: ഹാഥറസിൽ അഞ്ച് പൊലീസുകാർക്ക് സസ്പെൻഷൻ
text_fieldsലഖ്നോ: ഉത്തർ പ്രദേശിലെ ഹാഥറസിൽ ദലിത് പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പൊലീസുകാർക്കെതിരെ നടപടി. ഹാഥറസ് എസ്.പി, ഡി.എസ്.പി, സ്റ്റേഷൻ ഇൻസ്പെക്ടർ, മറ്റു രണ്ട് ഉദ്യോഗസ്ഥർ എന്നിവരെ സസ്പെൻഡ് ചെയ്തു.
എസ്.പി വിക്രാന്ത് വിർ, ഡി.എസ്.പി റാം ശബ്ദ്, ഇൻസ്പെക്ടർ ദിനേശ് വെർമ, സബ് ഇൻസ്പെക്ടർ ജഗ് വീർ സിങ്, ഹെഡ് കോൺസ്റ്റബിൾ മഹേഷ് പാൽ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. അതേസമയം, കൊല്ലപ്പെട്ട 19കാരിയുടെ കുടുംബത്തെ ഭീഷണിപ്പെടുത്തിയ ഹാഥറസ് ജില്ലാ മജിസ്ട്രേറ്റിനെതിരെ ഉത്തർ പ്രദേശ് സർക്കാർ നടപടിയൊന്നും സ്വീകരിച്ചിട്ടില്ല.
കൊല്ലപ്പെട്ട പെൺകുട്ടിയുടെ പിതാവിനെ ജില്ലാ മജിസ്ട്രേറ്റ് പ്രവീൺ ലസ്കർ ഭീഷണിപ്പെടുത്തുന്ന ദൃശ്യം നേരത്തെ മാധ്യമങ്ങളിലൂടെ പുറത്തുവന്നിരുന്നു. 'ഇവിടെയുള്ള മാധ്യമപ്രവർത്തകർ പകുതിയും പോയി, ബാക്കിയുള്ളവർ വൈകാതെ പോകും. പിന്നെ ഞങ്ങൾ മാത്രമേ നിങ്ങൾക്കൊപ്പം ഉണ്ടാകൂ. മൊഴി തിരുത്തണോ വേണ്ടയോ എന്ന് നിങ്ങൾ തീരുമാനിക്കണം' -എന്നായിരുന്നു മജിസ്ട്രേറ്റിൻെറ ഭീഷണി.
പ്രതിഷേധം പടരുന്നു
ദലിത് പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തിയ സംഭവത്തിൽ രാജ്യത്ത് പ്രതിഷേധം പടരുകയാണ്. വെള്ളിയാഴ്ച വൈകുന്നേരം ഡൽഹി ജന്തർ മന്തറിൽ വിവിധ സംഘടനകൾ ആഹ്വാനം ചെയ്ത പ്രതിഷേധ സംഗമം നടന്നു. നൂറുകണക്കിനാളുകൾ എത്തിയ സംഗമത്തിൽ, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍, സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, സി.പി.ഐ നേതാവ് ഡി. രാജ, ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദ് തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.