അംഗീകാരമില്ലാത്ത മദ്റസകളുടെ സർവേയുമായി യോഗി സർക്കാർ
text_fieldsലഖ്‌നോ: സംസ്ഥാനത്തെ അംഗീകാരമില്ലാത്ത മദ്റസകളുടെ വിശദ വിവരം ശേഖരിക്കുമെന്ന് ഉത്തർപ്രദേശിലെ യോഗി ആദിത്യ നാഥ് സർക്കാർ. മദ്റസകളിലെ അധ്യാപകരുടെ എണ്ണം, പാഠ്യപദ്ധതി, അടിസ്ഥാന സൗകര്യങ്ങൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കാനാണ് സർവേ നടത്തുക.
മദ്റസ വിദ്യാർഥികൾക്ക് അടിസ്ഥാന സൗകര്യങ്ങളുടെ ലഭ്യതയുമായി ബന്ധപ്പെട്ട് ദേശീയ ബാലാവകാശ സംരക്ഷണ കമ്മിഷന്റെ ആവശ്യപ്രകാരമാണ് സംസ്ഥാന സർക്കാർ സർവേ നടത്തുന്നതെന്ന് ന്യൂനപക്ഷകാര്യ സഹമന്ത്രി ഡാനിഷ് ആസാദ് അൻസാരി പറഞ്ഞു. സർവേ ഉടൻ ആരംഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
മദ്റസയുടെ പേര്, അധ്യാപകരുടെ എണ്ണം, പാഠ്യപദ്ധതി, വരുമാന സ്രോതസ്സ്, ഏതെങ്കിലും സർക്കാരിതര സ്ഥാപനവുമായുള്ള ബന്ധം, സ്വകാര്യ കെട്ടിടത്തിലാണോ വാടക കെട്ടിടത്തിലാണോ പ്രവർത്തിക്കുന്നത്, വിദ്യാർത്ഥികളുടെ എണ്ണം, കുടിവെള്ളം, ഫർണിച്ചർ, വൈദ്യുതി വിതരണം, ടോയ്‌ലറ്റ് തുടങ്ങിയ വിവരങ്ങൾ സർവേയിൽ ശേഖരിക്കും -അൻസാരി പറഞ്ഞു.
ഈ സർവേയ്ക്കുശേഷം സംസ്ഥാന സർക്കാർ പുതിയ മദ്റസകളെ അംഗീകരിക്കുന്നതിനുള്ള നടപടികൾ ആരംഭിക്കുമോയെന്ന ചോദ്യത്തിന്, നിലവിൽ അംഗീകാരമില്ലാത്ത മദ്റസകളുടെ വിവരങ്ങൾ മാത്രം ശേഖരിക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു. നിലവിൽ ഉത്തർപ്രദേശിൽ ആകെ 16,461 മദ്റസകളാണ് പ്രവർത്തിക്കുന്നത്. ഇതിൽ 560 എണ്ണത്തിന് സർക്കാർ ഗ്രാന്റ് നൽകുന്നുണ്ട്. സംസ്ഥാനത്ത് കഴിഞ്ഞ ആറ് വർഷമായി പുതിയ മദ്റസകൾ ഗ്രാന്റ് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടില്ല.
അസമിൽ മൂന്ന് മദ്റസകൾ ബി.ജെ.പി സർക്കാർ ബുൾഡോസർ ഉപയോഗിച്ച് പൊളിച്ചു നീക്കിയതിന് തൊട്ടുപിന്നാലെയാണ് യു.പി സർക്കാർ സർവെയുമായി രംഗത്തുവരുന്നത്. 'കെട്ടിടം തകർച്ചയിലാണെന്നും ആളുകൾക്ക് കഴിയാൻ സുരക്ഷിതമല്ലെ'ന്നും ചൂണ്ടിക്കാട്ടിയാണ് കഴിഞ്ഞ ദിവസം അസമിലെ ബൊംഗായ്ഗാവിൽ മദ്റസ തകർത്തത്. തീവ്രവാദ സംഘടനകൾക്ക് മതസ്ഥാപനങ്ങളുമായി ബന്ധമുണ്ടെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ ആരോപിച്ചതിന് പിന്നാലെയാണ് ഒരു മാസത്തിനിടെ മൂന്ന് മദ്റസകൾ തകർത്തത്.
ബംഗ്ലാദേശ് ആസ്ഥാനമായ തീവ്രവാദ സംഘടനയുമായുള്ള ബന്ധത്തിന്റെ പേരിൽ അഞ്ചുപേർ അറസ്റ്റിലായതിന് പിന്നാലെയാണ് അസമിൽ മതസ്ഥാപനങ്ങൾ ലക്ഷ്യമിട്ട് നടപടി തുടങ്ങിയത്. മദ്റസ കെട്ടിടം പൊതുമരാമത്ത് വകുപ്പിന്റെ മാനദണ്ഡങ്ങൾക്ക് അനുസരിച്ചല്ല നിർമിച്ചതെന്നും അതുകൊണ്ട് മനുഷ്യവാസത്തിന് യോഗ്യമല്ലെന്നും ജില്ലാ ഭരണകൂടത്തിന്റെ ഉത്തരവുണ്ടെന്ന് എസ്.പി സ്വപ്‌നനീൽ ദേഖയെ ഉദ്ധരിച്ച് എ.എൻ.ഐ റിപ്പോർട്ട് ചെയ്തു. ജില്ല ഭരണകൂടത്തിന്റെ നിർദേശപ്രകാരമാണ് മദ്റസ പൊളിച്ചുനീക്കിയതെന്നും എസ്.പി പറഞ്ഞു.
അതിനിടെ, മദ്റസകളിൽ ആശ്രിത ക്വാട്ടയിൽ നിയമനം നടത്താൻ മാനേജ്‌മെന്റ് കമ്മിറ്റിക്ക് പുറമേ പ്രിൻസിപ്പലിനും ജില്ലാ ന്യൂനപക്ഷ ക്ഷേമ ഓഫിസർക്കും അധികാരം നൽകുന്ന ഉത്തരവും ബുധനാഴ്ച യു.പി സർക്കാർ പുറത്തിറക്കി. എയ്ഡഡ് മദ്റസകളിലെ അധ്യാപക, അനധ്യാപക ജീവനക്കാർക്ക് ബന്ധപ്പെട്ട മദ്റസ മാനേജർമാരുടെ സമ്മതത്തോടെയും സംസ്ഥാന മദ്റസാ വിദ്യാഭ്യാസ കൗൺസിൽ രജിസ്ട്രാറുടെ അംഗീകാരത്തോടെയും സ്ഥലം മാറ്റാമെന്ന് അൻസാരി പറഞ്ഞു. വനിതാ ജീവനക്കാർക്ക് ചട്ടപ്രകാരം പ്രസവാവധി, ശിശു സംരക്ഷണ അവധി എന്നിവ ലഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.