കഫീൽ ഖാനെതിരായ യു.പി സർക്കാറിൻെറ ഹരജി സുപ്രീംകോടതി തള്ളി
text_fieldsന്യൂഡൽഹി: കഫീൽ ഖാനെതിരായി ഉത്തർപ്രദേശ് സർക്കാർ നൽകിയ ഹരജി സുപ്രീംകോടതി തള്ളി. കഫീലിനെതിരെ എൻ.എസ്.എ ചുമത്തുന്നത് തടഞ്ഞ അലഹബാദ് ഹൈകോടതി വിധിക്കെതിരായാണ് സുപ്രീംകോടതിയിൽ യു.പി സർക്കാർ ഹരജി നൽകിയത്. ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡയുടെ നേതൃത്വത്തിലുള്ള മൂന്നംഗ ബെഞ്ചാണ് ഹരജി തള്ളിയത്.
ഹൈകോടതിയിൽ നിന്നുണ്ടായ ഉത്തരവിൽ ഇടപെടേണ്ട സാഹചര്യമില്ലെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. അതേസമയം, ഇതുമായി ബന്ധപ്പെട്ട നിരീക്ഷണങ്ങൾ പ്രോസിക്യൂഷനെ സ്വാധീനിക്കരുതെന്നും സുപ്രീംകോടതി വ്യക്തമാക്കി.
കഴിഞ്ഞ സെപ്റ്റംബർ ഒന്നിന് കഫീൽ ഖാനെ ദേശീയ സുരക്ഷാ നിയമപ്രകാരം തടവിലിട്ട യു.പി സർക്കാറിൻെറ നടപടി അലഹാബാദ് ഹൈകോടതി റദ്ദാക്കിയിരുന്നു. കഫീലിൻെറ തടവ് നിയമവിരുദ്ധമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു അലഹാബാദ് ഹൈകോടതിയുെട നടപടി. അലിഗഢ് മുസ്ലിം യൂനിവേഴ്സിറ്റിയിൽ നടന്ന സി.എ.എ പ്രതിഷേധങ്ങളിൽ വിദ്വേഷ പ്രസംഗം നടത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് കഴിഞ്ഞ ജനുവരിയിൽ കഫീൽ ഖാനെ അറസ്റ്റ് ചെയ്തത്. തുടർന്ന് ദേശീയ സുരക്ഷാ നിയമം ചുമത്തുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.