‘നീ പൊക്കോ, പോയി സന്തോഷിക്ക്, മക്കളെ ഞാൻ നോക്കും’ -ഭാര്യയെ കാമുകന് വിവാഹംചെയ്ത് കൊടുത്ത് ഭർത്താവ്
text_fieldsലഖ്നോ: ഭാര്യയുടെ വിവാഹേതര ബന്ധം പിടികൂടിയ ഭർത്താവിന്റെ പ്രതികരണത്തിൽ ഞെട്ടിത്തരിച്ചിരിക്കുകയാണ് ഉത്തർപ്രദേശിലെ സന്ത് കബീർ നഗർ ജില്ലയിലെ കതർ ജോട്ട് ഗ്രാമവാസികൾ. ബന്ധം കൈയോടെ പിടികൂടിയ ബബ്‍ലു എന്ന യുവാവ് ഭാര്യയെ ഉടനടി ക്ഷേത്രത്തിൽ കൊണ്ടുപോയി ആചാരപ്രകാരം കാമുകന് വിവാഹം ചെയ്തുകൊടുക്കുകയായിരുന്നു. ഈ അത്യപൂർവ വിവാഹത്തിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്.
‘രണ്ട് മക്കളുടെയും പൂർണ്ണ ഉത്തരവാദിത്തം ഞാൻ ഏറ്റെടുക്കാം, നിങ്ങൾ പോയി സന്തോഷത്തോടെ ജീവിച്ചു കൊള്ളൂ’ എന്ന് ബബ്‍ലു ഭാര്യയോട് പറയുന്നത് വിഡിയോയിൽ കാണാം. കതർ ജോട്ട് ഗ്രാമവാസിയായ ബബ്‍ലുവും ഗോരഖ്പൂർ സ്വദേശിനിയായ രാധികയും തമ്മിൽ 2017ലാണ് വിവാഹിതരായത്. ദമ്പതികൾക്ക് ആര്യൻ (7), ശിവാനി (2) എന്നീ രണ്ട് കുട്ടികളുണ്ട്. ജോലിയാവശ്യാർഥം ബബ്‍ലു പലപ്പോഴും ദൂരസ്ഥലങ്ങളിൽ പോകാറുണ്ട്. ഈ അവസരം മുതലെടുത്താണ് രാധിക പ്രദേശവാസിയായ വികാസുമായി ഇഷ്ടത്തിലായത്.
ബബ്‍ലു ഇതേക്കുറിച്ചറിഞ്ഞതോടെ അസാധാരണമായ തീരുമാനം കൈക്കൊള്ളുകയായിരുന്നു. ഉടൻ തന്നെ രാധികയെയും കൂട്ടി ധനഘ്ത തഹസിൽദാരുടെ അടുത്തേക്ക് പോയി സത്യവാങ്മൂലം തയ്യാറാക്കി. തുടർന്ന് ദാനീനാഥ് ശിവക്ഷേത്രത്തിൽ കാമുകൻ വികാസിനെയും വിളിച്ചുവരുത്തി നാട്ടുകാരുടെ സാന്നിധ്യത്തിൽ ചടങ്ങുകളോടെ വിവാഹം നടത്തി. ഇരുവരും പരസ്പരം വരണമാല്യം ചാർത്തി. ചടങ്ങിനിടെ, തന്റെ നെറ്റിയിൽ വികാസ് സിന്ദൂരം പുരട്ടിയപ്പോൾ രാധിക കരഞ്ഞു. ഈ സമയത്ത് എന്തിനാണ് കരയുന്നതെന്നും നിങ്ങൾ വിവാഹിതരായതല്ലേ സന്തോഷിക്കൂ എന്നും കൂടിനിന്നവർ പറയുന്നുണ്ടായിരുന്നു. സംഭവത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് സോഷ്യൽ മീഡിയയിൽ രംഗത്തുവരുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.