ഭാര്യക്കെതിരെ വിവാഹേതര ബന്ധം ആരോപിച്ച് കുട്ടികളുമായി ടവറിന് മുകളിൽ കയറി യുവാവിന്റെ ആത്മഹത്യ ഭീഷണി
text_fieldsകാൺപൂർ: ഭാര്യക്കെതിരെ വിവാഹേതര ബന്ധം ആരോപിച്ച് കുഞ്ഞുങ്ങളുമായി ടവറിന്റെ മുകളിൽ കയറി യുവാവിന്റെ ആത്മഹത്യ ഭീഷണി. കാൺപൂർ ഗാന്ധിനഗറിലെ അക്ബർപൂരിൽ തിങ്കളാഴ്ചയാണ് സംഭവം.
40 അടി ഉയരമുള്ള ടവറിൽനിന്ന് കുട്ടികളെ താഴേക്കെറിഞ്ഞശേഷം താനും ആത്മഹത്യ ചെയ്യുമെന്നായിരുന്നു ഭീഷണി. ഒരു മണിക്കൂറോളം ഇയാൾ ടവറിന് മുകളിലിരുന്ന് ഭീഷണി മുഴക്കി. നാട്ടുകാർ പൊലീസിനെ വിവരം അറിയിച്ചതിനെ തുടർന്ന് ഉടൻതന്നെ പൊലീസ് സംഭവ സ്ഥലത്തെത്തി. ഒരു മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിൽ യുവാവിനെ അനുനയിപ്പിച്ച് പൊലീസ് താഴെയിറക്കുകയായിരുന്നു.
അയൽവാസിയുമായി ഭാര്യക്ക് ബന്ധമുണ്ടെന്ന് യുവാവ് പൊലീസിനോട് പരാതി പറഞ്ഞു. എന്നാൽ, പൊലീസ് പരാതി സ്വീകരിക്കാൻ തയാറായില്ല. തന്റെ ഭാര്യ അയൽവാസിയുമായി വിവാഹേതര ബന്ധം പുലർത്തുന്നു. താനില്ലാത്ത സമയത്ത് ഇയാൾ വീട് സന്ദർശിക്കാറുണ്ടെന്നും നിരവധി തവണ വിലക്കിയിട്ടും ഇരുവരും ബന്ധത്തിൽനിന്ന് പിന്മാറുന്നില്ലെന്നുമായിരുന്നു യുവാവിന്റെ പരാതി. എന്നാൽ, യുവാവിന്റേത് അടിസ്ഥാന രഹിതമായ ആരോപണമാണെന്ന് ചൂണ്ടിക്കാട്ടി പൊലീസ് സംഭവ സ്ഥലത്തുനിന്ന് മടങ്ങുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.