ഓൺലൈൻ പ്രണയിനിയെ കാണാൻ അനധികൃതമായി അതിർത്തി കടന്നു; യു.പി സ്വദേശി പാകിസ്താനിൽ അറസ്റ്റിൽ
text_fieldsന്യൂഡൽഹി: ഫെയിസ്ബുക്ക് വഴി പരിചയപ്പെട്ട യുവതിയെ കാണാൻ അനധികൃതമായി അതിർത്തി കടന്ന് പാകിസ്താനിൽ എത്തിയ യുവാവ് അറസ്റ്റിൽ. ഉത്തർപ്രദേശിലെ അലിഗഢ് സ്വദേശി ബാദൽ ബാബു ആണ് അറസ്റ്റിലായത്. നഗ്ല ഖത്കാരി ഗ്രാമത്തിൽ താമസിക്കുന്ന 30 കാരനായ ബാദലിനെ മാണ്ഡി ബഹാവുദ്ദീൻ നഗരത്തിൽ നിന്നാണ് പാകിസ്താനിലെ പഞ്ചാബ് പൊലീസ് പിടികൂടിയത്.
സമൂഹമാധ്യമം വഴിയായിരുന്നു യുവതിയുമായി പ്രണയത്തിലായതെന്നും അവരെ നേരിൽ കാണണമെന്ന ആഗ്രഹത്തിൽ വിസയോ യാത്രാ രേഖകളോ ഇല്ലാതെയാണ് രാജ്യത്തേക്ക് കടന്നതെന്നും ചോദ്യം ചെയ്യലിൽ ബാദൽ ബാബു സമ്മതിച്ചതായി പാകിസ്താൻ അധികൃതർ പറഞ്ഞു.
യാത്രാരേഖകൾ ഹാജരാക്കാത്തതിനെ തുടർന്ന് ഡിസംബർ 27നാണ് ബാദലിനെ അറസ്റ്റ് ചെയ്തത്. 1946ലെ പാകിസ്താൻ ഫോറിനേഴ്‌സ് ആക്ടിൻ്റെ 13, 14 വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്. പിന്നീട് കോടതിയിൽ ഹാജരാക്കി. കോടതി ഇയാളെ 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. 2025 ജനുവരി 10ന് വീണ്ടും കോടതിയിൽ ഹാജരാകണം.
ബാദൽ മുമ്പ് രണ്ട് തവണ ഇന്ത്യ-പാക് അതിർത്തി കടക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടതായി പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി. തൻ്റെ മൂന്നാമത്തെ ശ്രമത്തിലാണ് പാകിസ്താൻ അതിർത്തി കടന്നത്. മണ്ടി ബഹാവുദ്ദീനിൽ എത്തി യുവതിയെ കണ്ടുമുട്ടുകയും ചെയ്തു. ബാദൽ ബാബുവിൻ്റെ പാകിസ്താനിലേക്കുള്ള അനധികൃത പ്രവേശനം പ്രണയബന്ധം കൊണ്ടാണോ അതോ അതിർത്തി കടന്നതിന് മറ്റെന്തെങ്കിലും പ്രേരണകൾ ഉണ്ടോയെന്നാണ് ഇപ്പോൾ അധികൃതർ അന്വേഷിക്കുന്നത്.
ഇത് ആദ്യമായല്ല തന്‍റെ പ്രണയിനിയെ കാണാൻ ഒരാൾ ഇന്ത്യൻ അതിർത്തി കടന്ന് പാകിസ്താനിൽ എത്താൻ ശ്രമിക്കുന്നത്. ഈ വർഷം ജൂലൈയിലും സമാനമായ ഒരു സംഭവം ഉണ്ടായി. ഓൺലൈനിൽ പരിചയപ്പെട്ട പാകിസ്താൻ യുവതിയെ വിവാഹം ചെയ്യാനായി യു.പി സ്വദേശി അതിർത്തി കടക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ ബി.എസ്.എഫ് ഉദ്യോഗസ്ഥർ ഇയാളെ തടയുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.