യു.പിയിൽ വനിതാ അഭിഭാഷകയെ പൊലീസ് സബ് ഇൻസ്‌പെക്ടർ ബലാത്സംഗം ചെയ്തു; കേസെടുത്തു
text_fieldsലഖ്നോ: ഉത്തർപ്രദേശിലെ മീററ്റ് ജില്ലയിൽ വനിതാ അഭിഭാഷകയെ ബലാത്സംഗം ചെയ്ത സംഭവത്തിൽ പൊലീസ് സബ് ഇൻസ്‌പെക്ടർക്കെതിരെ കേസ്. നിലവിൽ ഗാസിയാബാദ് ജില്ലയിലെ സബ് ഇൻസ്‌പെക്ടറായ അജയ് ശർമക്കെതിരെ അഭിഭാഷകയുടെ പരാതിയിൽ പല്ലവ്പുരം പൊലീസാണ് കേസെടുത്തത്.
മുമ്പ് മീററ്റിലെ ലിസാരി ഗേറ്റിലും കങ്കർഖേര ഏരിയയിലും ഇയാൾ ജോലിചെയ്തിരുന്ന സമയത്താണ് കുറ്റകൃത്യം നടന്നതെന്ന് പരാതിയിൽ പറയുന്നു. മീററ്റിലെ കോടതി വിചാരണയ്ക്കിടെയാണ് താൻ അജയ് ശർമയെ കണ്ടുമുട്ടിയതെന്ന് അഭിഭാഷക പറഞ്ഞു. പൊലീസ് ഉദ്യോഗസ്ഥനും സുഹൃത്തുക്കളും ചേർന്ന് ശീതളപാനീയം നൽകി മയക്കി കൂട്ടബലാത്സംഗം ചെയ്തുവെന്നും ദൃശ്യങ്ങൾ ഫോണിൽ പകർത്തിയെന്നും യുവതി പരാതിയിൽ ആരോപിച്ചു.
താൻ ഗർഭിണിയായപ്പോൾ കുഞ്ഞിനെ ഗർഭഛിദ്രം ചെയ്യാൻ ഇയാൾ നിർബന്ധിച്ചതായും അവർ പറഞ്ഞു. യുവതിയുടെ മൊഴി രേഖപ്പെടുത്തിയെന്നും അവരെ വൈദ്യപരിശോധനക്ക് അയച്ചതായും സ്റ്റേഷൻ ഹൗസ് ഓഫീസർ അവ്നിഷ് അസ്ത്വാൾ അറിയിച്ചു.
അതേസമയം, സബ് ഇൻസ്‌പെക്ടർക്കെതിരെ വകുപ്പുതല നടപടി ആവശ്യപ്പെട്ട് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ കത്തയച്ചു. അജയ് ശർമയെ സസ്‌പെൻഡ് ചെയ്യാനും ഉദ്യോഗസ്ഥർ ശിപാർശ ചെയ്തിട്ടുണ്ട്. സി.ആർ.പി.സി സെക്ഷൻ 161 പ്രകാരമാണ് യുവതിയുടെ മൊഴി രേഖപ്പെടുത്തിയിരിക്കുന്നത്. ഇരയുടെ മൊഴി കോടതിയിൽ രേഖപ്പെടുത്തുന്ന മുറയ്ക്ക് പൊലീസ് ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്യുമെന്ന് മീററ്റ് എ.എസ്.പി പ്രഭാകർ ചൗധരി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.