വരുൺ ഗാന്ധിക്ക് സീറ്റില്ല; ബി.ജെ.പിക്ക് 111 സ്ഥാനാർഥികൾ കൂടി
text_fieldsന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പിൽ കേരളത്തിലെ നാല് അടക്കം 111 സീറ്റുകളിലേക്കുകൂടി സ്ഥാനാർഥികളെ പ്രഖ്യാപിച്ച് ബി.ജെ.പി. അഞ്ചാം സ്ഥാനാർഥി പട്ടികയിൽ കേന്ദ്രമന്ത്രിമാരായ അശ്വിനി കുമാർ ചൗബേ, വി.കെ. സിങ് എന്നിവരും നിലവിലെ എം.പി വരുൺ ഗാന്ധിയും പുറത്തായ പ്രമുഖരാണ്. എന്നാൽ, വ്യവസായി നവീൻ ജിൻഡാൽ, കൽക്കത്ത ഹൈകോടതി മുൻ ജഡ്ജി അഭിജിത് ഗംഗോപാധ്യായ, നടി കങ്കണ റണൗത്ത്, രാമായണ സീരിയൽ നടൻ അരുൺ ഗോവിൽ എന്നിവർ പുതുതായി ഇടംപിടിച്ചവരിലുണ്ട്.
കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാൻ സംബൽപുരിൽനിന്നും പാർട്ടി വക്താവ് സാംബിത് പാത്ര പുരിയിൽനിന്നും ജനവിധി തേടും. മേനക ഗാന്ധി സുൽത്താൻപുരിൽനിന്ന് മത്സരിക്കുമ്പോൾ മകൻ വരുൺ ഗാന്ധിക്കു പകരം പിലിബിത്തിൽ യു.പി മന്ത്രിയും മുൻ കോൺഗ്രസ് നേതാവുമായ ജിതിൻ പ്രസാദയാകും അങ്കംകുറിക്കുക. ഉത്തര കന്നടയിൽ മുൻ കേന്ദ്രമന്ത്രി അനന്തകുമാർ ഹെഗ്ഡെയും പുറത്തായിട്ടുണ്ട്.
ജനപ്രിയ ടി.വി സീരിയൽ രാമായണിൽ രാമനെ അവതരിപ്പിച്ച അരുൺ ഗോവിൽ മീററ്റ് ലോക്സഭ മണ്ഡലത്തിലാണ് മത്സരിക്കുക.
ഹേമ മാലിനി പുറത്തായ ഒഴിവിലാണ് ഈ മണ്ഡലം അരുൺ ഗോവിലിന് ലഭിക്കുക.
കങ്കണക്ക് സ്വന്തം സംസ്ഥാനമായ ഹിമാചൽപ്രദേശിലെ മണ്ഡിയും സ്വയം വിരമിക്കൽ പ്രഖ്യാപിച്ച ജഡ്ജി ഗംഗോപാധ്യായക്ക് ബംഗാളിലെ തംലൂക്കുമാണ് മണ്ഡലങ്ങൾ. പുതുതായി പാർട്ടിയിലെത്തിയ സീത സോറൻ ഝാർഖണ്ഡിലെ ഡുംകയിലും കേന്ദ്രമന്ത്രി ഗിരിരാജ് സിങ് ബിഹാറിലെ ബേഗുസരായിലും ജനവിധി തേടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.