അനധികൃതമെന്ന് ആരോപണം; യു.പിയിൽ എം.എൽ.എയുടെ ഉടമസ്ഥതയിലുള്ള കെട്ടിടങ്ങൾ പൊളിച്ചുനീക്കി
text_fieldsലഖ്‌നൗ: സർക്കാർ ഭൂമി കൈയേറ്റം ചെയ്യുന്നതിനെതിരായ നടപടികളുടെ ഭാഗമായി ലക്‌നൗവിലെ ഡാലിബാഗ് പ്രദേശത്ത് എം.എൽ.എയുടെ ഉടമസ്ഥതയിലുള്ള കെട്ടിടങ്ങൾ ഇടിച്ചുനിരത്തി. ബി.എസ്.പിയുടെ മാവുവിൽ നിന്നുള്ള സിറ്റിങ് എം.എൽ.എയായ മുക്താർ അൻസാരിയുടെ ഉടമസ്ഥതയിലുള്ള രണ്ട് കെട്ടിടങ്ങളാണ് അധികൃതർ പൊളിച്ചുനീക്കിയത്.
കെട്ടിടങ്ങൾ പൊളിക്കുമ്പോൾ പ്രദേശത്ത് കനത്ത സുരക്ഷ ഏർപ്പെടുത്തിയിരുന്നു. ഗുണ്ടാനേതാവായിരുന്നു അൻസാരിയെന്നും പിന്നീടിയാൾ രാഷ്ട്രീയത്തിൽ പ്രവേശിക്കുകയായിരുന്നുവെന്നും അധികൃതർ പറയുന്നു.'ഗുണ്ടാ തലവൻ മുഖ്താർ അൻസാരിയുടെ അനധികൃത സ്വത്ത് യുപി പോലീസ് ഇന്ന് പൊളിച്ചുനീക്കി.
പൊളിക്കുന്നതിനുള്ള എല്ലാ ചെലവുകളും എം.എൽ.എയിൽ നിന്ന് യോഗി സർക്കാർ ഇൗടാക്കും. കുറ്റവാളികൾ കുറ്റകൃത്യങ്ങൾ ഉപേക്ഷിക്കുകയോ ഇത്തരം കടുത്ത നടപടികൾ നേരിടാൻ തയ്യാറാകുകയോ ചെയ്യണം'-ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിെൻറ മാധ്യമ ഉപദേഷ്ടാവ് മൃത്യുഞ്ജയ് കുമാർ ട്വിറ്ററിൽ പറഞ്ഞു. വിഭജനകാലത്ത് പാകിസ്ഥാനിലേക്ക് കുടിയേറിയ ആളുകളുടെ ഭൂമിയിലാണ് കെട്ടിടം നിർമിച്ചതെന്നും സർക്കാർ വക്താവ് പറഞ്ഞു.
പൊളിച്ചുമാറ്റിയ കെട്ടിടത്തിന് ലഖ്‌നൗ ഡവലപ്‌മെൻറ് അതോറിറ്റി (എൽഡിഎ) അനുമതി നൽകിയിരുന്നില്ലെന്നും ഉദ്യോഗസ്ഥർ പറയുന്നു. എം എൽ എ മുക്താർ അൻസാരിയുടെ സഹായികളുടെ സ്വത്തുക്കൾ സംസ്ഥാന സർക്കാർ അടുത്തിടെ പിടിച്ചെടുത്തിരുന്നു. ഗാസിപൂരിലെ അദ്ദേഹത്തിന്റെ നാല് സഹായികളുടെ ആയുധ ലൈസൻസും സസ്പെൻഡ് ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.