യു.പിയിൽ ഗസ്സക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച യുവാവിനെ അറസ്റ്റ് ചെയ്തു
text_fieldsഅഅ്സംഗഡ്: ഗസ്സയിലെ ഇസ്രയേൽ അതിക്രമത്തിനെതിരെ ഫലസ്തീന് ഐക്യദാർഢ്യം പ്രഖ്യാപിച്ച യുവാവിനെ ഉത്തർപ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തു. ഇസ്രായേൽ കൂട്ടക്കുരുതിക്കെതിരെ വെള്ളിയാഴ്ച നമസ്കാരശേഷം വീടുകളിലും വാഹനങ്ങളിലും ഫലസ്തീൻ പതാക ഉയർത്തി പിതുണ പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഫേസ്ബുക് പോസ്റ്റിന്‍റെ പേരിലാണ് നടപടി. അഅ്സംഗഡ് സ്വദേശിയായ യാസിർ അക്തറി(34)നെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
ഫേസ്ബുക് പോസ്റ്റിന്‍റെ പേരിലാണ് യാസിറിനെ അറസ്റ്റ് ചെയ്തെതന്ന് അഅ്സംഗഡ് ജില്ല സീനിയർ പൊലീസ് സൂപ്രണ്ട് സുധീർ കുമാർ സിങ് സ്ഥിരീകരിച്ചതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വെള്ളിയാഴ്ച പ്രാർത്ഥനക്ക് ശേഷം പതാക ഉയർത്തണമെന്നായിരുന്നു പോസ്റ്റ്. "ഇത് ജനങ്ങൾ തിങ്ങിപ്പാർക്കുന്ന സ്ഥലമാണ്. വിവിധ മുസ്ലിം വിഭാഗങ്ങൾ ഇവിടെ താമസിക്കുന്നുണ്ട്. പൊതുജനങ്ങളോട് ഫേസ്ബുക്കിലൂടെ ഇത്തരമൊരു ആവശ്യമുന്നയിക്കുന്നത് അക്രമത്തിന് ഹേതുവാകും. യാസിറിന് ഒരു പതാക ഉയർത്തണമെന്നുണ്ടായിരുന്നെങ്കിൽ അത് ചെയ്യാം. പക്ഷേ, മറ്റുള്ളവരെ വിളിക്കുന്നത് ശരിയല്ല'' -എസ്.പി പറഞ്ഞു. ഫേസ്ബുക് പോസ്റ്റിനെ പലരും എതിർത്തതിനാലാണ് തങ്ങൾക്ക് നടപടിയെടുക്കേണ്ടിവന്നതെന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ, തനിക്ക് ലഭിച്ച ഫലസ്തീൻ ഐക്യദാർഢ്യ സന്ദേശം പകർത്തി ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്യുക മാത്രമാണ് യാസിർ ചെയ്തതെന്ന് സഹോദരൻ മുഹമ്മദ് ഷദാബ് 'അൽ ജസീറ'യോട് പറഞ്ഞു. 'രണ്ടാമത്തെ പോസ്റ്റിൽ അദ്ദേഹം ഇക്കാര്യം വിശദീകരിച്ചിരുന്നു. താൻ ഇത് ഗസ്സയിലുള്ളവർ ഷെയർ ചെയ്ത മെസേജ് പകർത്തി പോസ്റ്റ് ചെയ്തതാണെന്നും ഇന്ത്യക്കാരോടുള്ള ആഹ്വാനമല്ലെന്നും യാസിർ വ്യക്തമാക്കിയിരുന്നു" -ഷദാബ് പറഞ്ഞു. എവിടെയെങ്കിലും മുസ്‌ലിംകൾ ദുരിതമനുഭവിക്കുന്നുണ്ടെങ്കിൽ അവരെ പിന്തുണയ്ക്കുകയും അനീതിക്കെതിരെ സംസാരിക്കുകയും ചെയ്യുന്നത് തെറ്റല്ലെന്ന് തന്നെയാണ് താൻ വിശ്വസിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചെരുപ്പ് കച്ചവടക്കാരനായ യാസിറിനെ ജാമ്യത്തിലിറക്കാനുള്ള ശ്രമത്തിലാണ് കുടുംബം. ''യാസിർ ചെയ്തത് നിയമവിരുദ്ധമല്ല. പക്ഷേ, ഇത് ഉത്തർപ്രദേശാണ്. എല്ലാം രാഷ്ട്രീയക്കളിയാണ്" -യാസിറിന്‍റെ അഭിഭാഷകൻ പറഞ്ഞു. തന്‍റെ കക്ഷിക്കെതിരായ ആരോപണങ്ങൾ ഗുരുതരമല്ലെന്നും ജാമ്യത്തിലിറക്കാമെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ ഫലസ്തീന് ഐക്യദാർഢ്യം പ്രകടിപ്പിച്ചതിന് 21 പേരെ കശ്മീരിൽ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.