കഫീൽ ഖാന്‍റെ പുസ്തകത്തിനെതിരെ യു.പി പൊലീസ് കേസെടുത്തു; സമൂഹത്തിൽ ഭിന്നത സൃഷ്ടിക്കുന്നതെന്ന്
text_fieldsലഖ്നോ: ഗൊരഖ്പൂർ ആശുപത്രിയിലെ ശിശുരോഗ വിദഗ്ധനായിരുന്ന ഡോ. കഫീൽ ഖാന്‍റെ പുസ്തകത്തിനെതിരെ യു.പി പൊലീസ് കേസെടുത്തു. കഫീൽ ഖാന്‍റെ പുസ്തകം ജനങ്ങളെ സർക്കാറിനെതിരെ തിരിയാൻ പ്രേരിപ്പിക്കുന്നതും സമൂഹത്തിൽ ഭിന്നത സൃഷ്ടിക്കുന്നതുമാണെന്നും ആരോപിച്ച് ലഖ്നോ പൊലീസാണ് കേസെടുത്തത്. ഒരു മതത്തെ അവഹേളിക്കൽ, മതവികാരം വൃണപ്പെടുത്തൽ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.
പുസ്തകം രണ്ടു വർഷമായി വിൽക്കുന്നതാണെന്നും കേസെടുത്തതിനെക്കുറിച്ച് ആരും ഒന്നും പറഞ്ഞിട്ടില്ലെന്നും കഫീൽ ഖാൻ പ്രതികരിച്ചു. 'സർക്കാരോ പൊലീസോ ഇതേക്കുറിച്ച് ഒന്നും പറഞ്ഞിട്ടില്ല. പുസ്തകം ആമസോണിൽ ലഭ്യമാണ്. രണ്ട് വർഷമായി വിൽപനക്കുണ്ട്. ഇംഗ്ലീഷിലുള്ള പുസ്തകം ഹിന്ദിയിലേക്കും ഉറുദുവിലേക്കും വിവർത്തനം ചെയ്തിട്ടുണ്ട്. എന്തിനാണ് ഇപ്പോൾ എനിക്കെതിരെ കേസെടുത്തതെന്ന് എനിക്കറിയില്ല -അദ്ദേഹം പറഞ്ഞു.
ഡോക്ടറെ കൂടാതെ അഞ്ചു പേരെ കൂടി കേസിൽ ചേർത്തിട്ടുണ്ട്. പ്രദേശവാസി നൽകിയ പരാതിയിലാണ് കേസെടുത്തതെന്ന് കൃഷ്ണ നഗർ സ്റ്റേഷൻ ഹൗസ് ഓഫീസർ പറഞ്ഞു.
2017ൽ ബി.ആർ.ഡി മെഡിക്കൽ കോളജിൽ 60ലേറെ കുഞ്ഞുങ്ങൾ മരിച്ചത് ഓക്സിജൻ ക്ഷാമത്തെ തുടർന്നാണെന്ന് വെളിപ്പെടുത്തിയതോടെ ശിശുരോഗ വിദഗ്ധനായ കഫീൽ ഖാൻ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ കണ്ണിലെ കരടായിരുന്നു. അടിയന്തര ഓക്സിജൻ സിലിണ്ടറുകൾ ക്രമീകരിച്ചതിന് ഒരു രക്ഷകനായി അദ്ദേഹം വാഴ്ത്തപ്പെട്ടപ്പോൾ മറ്റ് ഒമ്പത് ഡോക്ടർമാരും സ്റ്റാഫ് അംഗങ്ങളും അവരുടെ ഡ്യൂട്ടിയിലെ ക്രമക്കേടുകളുടെ പേരിൽ നടപടി നേരിട്ടു. എല്ലാവരെയും ജാമ്യത്തിൽ വിട്ടയച്ചു.
കഫീൽ ഖാനെ ഇതിന് പിന്നാലെ സസ്പെൻഡ് ചെയ്യുകയും അഴിമതിയും അനാസ്ഥയും ആരോപിച്ച് ഒമ്പത് മാസം ജയിലിൽ അടക്കുകയും ചെയ്തിരുന്നു. 2019 സെപ്റ്റംബറിൽ കഫീൽ ഖാനെ കുറ്റമുക്തനാക്കി പ്രിൻസിപ്പൽ സെക്രട്ടറി അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചു. 2019 ഒക്ടോബറിൽ കഫീൽ ഖാനെതിരെ യു.പി സർക്കാർ വീണ്ടും അന്വേഷണം പ്രഖ്യാപിച്ചു. 2020 ഫെബ്രുവരി 24നാണ് കഫീൽ ഖാനെതിരെ പുനരന്വേഷണം ആരംഭിച്ചു. കഫീൽ ഖാനെതിരായ തുടരന്വേഷണം പിൻവലിച്ചതായി സർക്കാർ പിന്നീട് കോടതിയിൽ വ്യക്തമാക്കി. അലിഗഢ് സർവകലാശാലയിൽ പൗരത്വ നിയമഭേദഗതിക്കെതിരേ പ്രസംഗിച്ചതിന് ദേശീയ സുരക്ഷാനിയമം പ്രകാരം കുറ്റം ചുമത്തി കഫീൽ ഖാനെ യു.പി സർക്കാർ തടവിലാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.