പ്രിയങ്കക്കൊപ്പം സെൽഫിയെടുത്ത വനിത പൊലീസുകാർക്കെതിരെ നടപടിക്ക് യു.പി സർക്കാർ
text_fieldsലഖ്നോ: കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിക്കൊപ്പം സെൽഫിയെടുത്ത വനിത പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിക്ക് യു.പി സർക്കാർ നിർദേശം നൽകിയതായി റിപ്പോർട്ടുകൾ. ആഗ്രയില്‍ പൊലീസ് കസ്റ്റഡിയില്‍ മരിച്ച ശുചീകരണ തൊഴിലാളിയുടെ കുടുംബത്തെ സന്ദർശിക്കാനായി പോകുന്നതിനിടെ ലക്നോ-ആഗ്ര എക്സ്പ്രസ് ഹൈവേയിലെ ടോൾ പ്ലാസയിൽ പ്രിയങ്കയെ തടഞ്ഞിരുന്നു. ഈ സമയത്താണ് ഏതാനും വനിത പൊലീസ് ഉദ്യോഗസ്ഥർ പ്രിയങ്കക്കൊപ്പം സെൽഫിയെടുത്തത്.
പൊലീസുകാർ പ്രിയങ്കയുടെ കൂടെ സെൽഫിയെടുക്കുന്ന ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. പ്രിയങ്ക തന്നെ ഈ ചിത്രം ട്വീറ്റ് ചെയ്യുകയുമുണ്ടായി. ഇതോടെ പൊലീസുകാർക്കെതിരെ നടപടിക്ക് ലഖ്നോ പൊലീസ് കമീഷണർ ഡി.കെ. താക്കൂർ നിർദേശം നൽകിയതായാണ് റിപ്പോർട്ടുകൾ.
അതേസമയം, തനിക്കൊപ്പം ഫോട്ടോയെടുത്ത പൊലീസുകാർക്കെതിരെ നടപടിയെടുക്കുന്നതിനെതിരെ രൂക്ഷ പ്രതികരണവുമായി പ്രിയങ്ക ഗാന്ധി രംഗത്തെത്തി. എന്‍റെയൊപ്പം ഫോട്ടോയെടുക്കുന്നത് കുറ്റകരമാണെങ്കിൽ എന്നെയാണ് ശിക്ഷിക്കേണ്ടത്. എന്തിന് പൊലീസുകാരെ കുറ്റപ്പെടുത്തണം. വിശ്വസ്തരും ഉത്സാഹികളുമായ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കുന്നത് ശരിയല്ലെന്നും പ്രിയങ്ക പറഞ്ഞു.
ഇന്നലെ ആദ്യം തടഞ്ഞുവെങ്കിലും മരിച്ചയാളുടെ കുടുംബത്തെ കാണാൻ പിന്നീട് അനുമതി നൽകിയിരുന്നു. തന്നെ തടഞ്ഞതിനെയും പ്രിയങ്ക വിമർശിച്ചു. ഞാൻ വീട്ടിലാണ്ടെങ്കിൽ പ്രശ്നമില്ല, എന്‍റെ ഓഫിസിലേക്ക് പോകുകയാണെങ്കിലും പ്രശ്നമില്ല. എന്നാൽ, മറ്റെവിടെയെങ്കിലും പോയാൽ ഇവർ ഈ 'തമാശ' തുടരുന്നു. എന്താണിത്? തീർത്തും പരിഹാസ്യമാണ് നടക്കുന്നത് -പ്രിയങ്ക പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.