പരോളിലിറങ്ങി മുങ്ങിയ ബലാത്സംഗ കേസ് പ്രതി 33 വർഷങ്ങൾക്ക് ശേഷം അറസ്റ്റിൽ
text_fieldsനോയിഡ: ബലാത്സംഗ കേസിൽ അറസ്റ്റിലായതിന് ശേഷം പരോളിലിറങ്ങി മുങ്ങിയ പ്രതിയെ 33 വർഷത്തിന് ശേഷം പിടികൂടി. ഹത്രാസ് സ്വദേശി 56 വയസുകാരനായ രഘുനന്ദൻ സിങിനെ ഡൽഹിയിൽ നിന്നാണ് ഹത്രാസ് പൊലീസ് അറസ്റ്റ് ചെയ്തത്.
1987ൽ ശിക്ഷിക്കപ്പെട്ട പ്രതി ഭാര്യയോടൊപ്പം ഡൽഹിയിൽ മൂന്ന് പതിറ്റാണ്ടിലേറെയായി താമസിച്ചുവരികയാണെന്നും നഗരത്തിലെ ഒരു വസ്ത്രവ്യാപാര സ്ഥാപനത്തിൽ ജോലി ചെയ്യുകയാണെന്നും ഹത്രാസ് പൊലീസ് സൂപ്രണ്ട് വിനീത് ജയ്‌സ്വാൾ പറഞ്ഞു.
കേസിൽ ശിക്ഷിക്കപ്പെട്ടതിന് ശേഷം ഇയാൾക്ക് പരോൾ അനുവദിച്ചു. പക്ഷെ പരോളിലിറങ്ങിയതിന് ശേഷം 33 വർഷമായി പ്രതി ഒളിവിലായിരുന്നെന്ന് പൊലീസ് സൂപ്രണ്ട് പറഞ്ഞു.
1986ലാണ് സിങിനെതിരെ ബലാത്സംഗ കേസ് രജിസ്റ്റർ ചെയ്യുന്നത്. അടുത്ത വർഷം ഇയാൾ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ പ്രാദേശിക കോടതി ജീവപര്യന്തം തടവിന് ശിക്ഷിക്കുകയായിരുന്നു. തുടർന്ന് 1989ൽ അലഹബാദ് ഹൈകോടതിയിൽ നൽകിയ അപ്പീൽ പ്രകാരം ഇയാൾക്ക് പരോൾ അനുവദിക്കുകയായിരുന്നു.
പരോളിലിറങ്ങിയ ശേഷം ഹത്രാസിലെ തന്‍റെ സ്വത്തുക്കളെല്ലാം വിറ്റ് ഒളിവിൽ പോവുകയായിരുന്നു. പിന്നീട് വ്യാജ ഐഡന്‍റിറ്റി ഉണ്ടാക്കി വിവാഹിതനായി കുടുംബത്തോടെ ഡൽഹിയിലേക്ക് താമസം മാറുകയായിരുന്നുവെന്ന് പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.
മൂന്ന് പതിറ്റാണ്ടിലേറെയായി ഡൽഹിയിലെ ബുരാരി ഏരിയയിൽ താമസിക്കുന്ന പ്രതിയെ അറസ്റ്റ് ചെയ്യാൻ ഹൈക്കോടതി ഉത്തരവിട്ടു. ഇയാളുടെ അറസ്റ്റിന് 25,000 രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. അവനെ കണ്ടെത്തുന്നതിന് സിക്കന്ദ്ര റാവു ഏരിയയിലെ സർക്കിൾ ഓഫീസറുടെ നേതൃത്വത്തിൽ ഒന്നിലധികം ടീമുകൾ രൂപീകരിച്ചിരുന്നുവെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
1989-ൽ പരോളിലിറങ്ങി കാണാതായതിന് ശേഷം ഇയാളെ കുറിച്ച് ഒരു വിവരവുമില്ലാത്തതിനാൽ സിങ് മരിച്ചെന്നാണ് ബന്ധുക്കളും ഗ്രാമ പ്രദേശത്തുള്ളവരും കരുതിയത്. കോടതി ഉത്തരവിന്‍റെ അടിസ്ഥാനത്തിൽ ലോക്കൽ പൊലീസിന്റെ അന്വേഷണത്തിനിടെ ഇയാൾ മരിച്ചതായി ഗ്രാമത്തലവന്മാർ ഉദ്യോഗസ്ഥരെ അറിയിച്ചിരുന്നുവെങ്കിലും അറസ്റ്റ് ചെയ്ത വാർത്ത ഗ്രാമവാസികളെയും ബന്ധുക്കളെയും ഞെട്ടിച്ചുവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.