ആം ആദ്മി നേതാവിനുനേരേ മഷിയൊഴിച്ച ഹിന്ദുയുവവാഹിനിക്ക് സാമ്പത്തിക സഹായവുമായി വിമത കോൺഗ്രസ് എം.എൽ.എ
text_fieldsറായ്ബറേലി: ആം ആദ്മി പാർട്ടി നേതാവ് സോംനാഥ് ഭാരതിക്കുനേരേ മഷിയൊഴിച്ച ഹിന്ദുയുവവാഹിനി പ്രവർത്തകന് സാമ്പത്തിക സഹായവുമായി വിമത കോൺഗ്രസ് എം.എൽ.എ. ഹിന്ദു യുവവാഹിനി നേതാവ് ജിതേന്ദ്ര സിങ് യോഗിയെ ആദരിക്കുകയും 50,000രൂപ പാരിതോഷികമായി നൽകുകയുമായിരുന്നു. റായ്ബറേലി മണ്ഡലത്തിൽ നിന്നുള്ള വിമത കോൺഗ്രസ് എംഎൽഎ രാകേഷ് സിങാണ് പണം നൽകിയത്. ഹിന്ദുക്കളുടെ അഭിമാനം കാത്തുസൂക്ഷിച്ചതിനാണ് സമ്മാനമെന്നും രാകേഷ് സിങ് പറയുന്നു.
യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സ്ഥാപിച്ച സംഘടനയാണ് ഹിന്ദു യുവവാഹിനി. സംഘടനയുടെ ജില്ലാ കൺവീനറാണ് ജിതേന്ദ്ര സിങ്. 2017ൽ യോഗി മുഖ്യമന്ത്രിയായ ശേഷം സംഘടന പിരിച്ചുവിട്ടിരുന്നു. എന്നാൽ സംഘടനയിലെ അംഗങ്ങൾ ഇപ്പോഴും സജീവമാണ്. റായ്ബറേലിയിലെ ഹർചന്ദ്‌പൂർ നിയോജകമണ്ഡലത്തിലെ എംഎൽഎയാണ് രാകേഷ് സിങ്. ആം ആദ്മി എംഎൽഎ സോംനാഥ് ഭാരതി തിങ്കളാഴ്ച റായ്ബറേലി സന്ദർശിച്ചിരുന്നു. ഈ സമയമാണ് ഹിന്ദുയുവവാഹിനി പ്രവർത്തകൻ അദ്ദേഹത്തിനുനേരേ മഷിയൊഴിച്ചത്.
സംഭവത്തിന്‍റെ വീഡിയോ പിന്നീട് സോഷ്യൽ മീഡിയയിൽ വൈറലായി. മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരേ മോശംഭാഷ ഉപയോഗിച്ചെന്ന് ആരോപിച്ചായിരുന്നു മഷിയൊഴിക്കൽ. യുവ വാഹിനി നേതാവിന്‍റെ നടപടി ഹിന്ദുക്കളുടെയും റായ്ബറേലി ജനതയുടെയും അഭിമാനം സംരക്ഷിച്ചെന്നും ഭാരതിക്ക് ഉചിതമായ മറുപടി നൽകിയെന്നും രാകേഷ് സിങ് എംഎൽഎ പറഞ്ഞു. അതേസമയം സംസ്ഥാനത്തെ ആശുപത്രികളുടെ അവസ്ഥയെക്കുറിച്ചുള്ള പ്രസ്താവനയിലൂടെ തേന്റയും സമൂഹത്തിേന്റയും വികാരം വ്രണപ്പെടുത്തിയതിന് രാധെ സാഹു നൽകിയ പരാതിയിൽ സോംസാഥ് ഭാരതിക്കെതിരേഅമേത്തി പോലീസ് കേസെടുക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്തു.
അദ്ദേഹത്തിന്‍റെ ജാമ്യാപേക്ഷ സുൽത്താൻപൂരിലെ പ്രത്യേക എംപി-എംഎൽഎ കോടതി നിരസിക്കുകയും 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിലേക്ക് അയക്കുകയും ചെയ്തിട്ടുണ്ട്. 2022 ലെ യു.പി നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് ആം ആദ്മി പാർട്ടി പ്രസ്താവിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.