യു.പിയിൽ ജയ് ശ്രീറാം എന്ന് പരീക്ഷാപേപ്പറിൽ എഴുതിയ വിദ്യാർഥികളെ ജയിപ്പിച്ചു; അധ്യാപകർക്ക് സസ്‍പെൻഷൻ
text_fieldsലഖ്നോ: യു.പിയിൽ ജയ് ശ്രീറാം എന്ന് പരീക്ഷാപേപ്പറിൽ എഴുതിയ വിദ്യാർഥികളെ ജയിപ്പിച്ച സംഭവത്തിൽ രണ്ട് പ്രൊഫസർമാരെ സസ്‍പെൻഡ് ചെയ്തു. ഉത്തർപ്രദേശിലെ ജാവുൻപൂരിലാണ് സംഭവം. ജയ് ശ്രീറാമിനൊപ്പം ക്രിക്കറ്റ് താരങ്ങളുടെ പേരുകളുമാണ് വിദ്യാർഥികൾ ഉത്തരപേപ്പറിൽ എഴുതിയത്.
ദിവ്യാൻഷു സിങ് എന്ന മുൻ വിദ്യാർഥി നൽകിയ വിവരാവകാശ അപേക്ഷയാണ് ക്രമക്കേട് പുറത്ത് കൊണ്ട് വന്നത്. വീർ ബഹാദൂർ സിങ് പൂർവാഞ്ചൽ യൂനിവേഴ്സിറ്റിയിലെ വിദ്യാർഥിയായിരുന്ന ദിവ്യാൻഷു 18 ഫാർമസി വിദ്യാർഥികളുടെ ഉത്തരക്കടലാസുകൾ പുനഃപരിശോധന നടത്തണമെന്ന് വിവരാവകാശ അപേക്ഷയിലൂടെ ആവശ്യപ്പെട്ടു. വിദ്യാർഥികളുടെ റോൾ നമ്പർ അടക്കം നൽകിയായിരുന്നു ആവശ്യം ഉന്നയിച്ചത്.
തുടർന്ന് പ്രൊഫസർമാരായ വിനയ് വർമ്മ, ആശിഷ് ഗുപ്ത എന്നിവർ കൈക്കൂലി വാങ്ങി വിദ്യാർഥികളെ ജയിപ്പിച്ചുവെന്ന പരാതി ഗവർണർക്ക് നൽകുകയായിരുന്നു. സത്യവാങ്മൂലം സഹിതമാണ് ഗവർണർക്ക് പരാതി നൽകിയത്.
ദിവ്യാൻഷു സമർപ്പിച്ച തെളിവുകൾ പരീക്ഷയിലെ ക്രമക്കേടുകൾ പുറത്ത് കൊണ്ട് വരുന്നതായിരുന്നു. ജയ് ശ്രീറാം എന്നും ക്രിക്കറ്റ് താരങ്ങളായ വിരാട് കോഹ്‍ലി, രോഹിത് ശർമ്മ, ഹാർദിക് പാണ്ഡ്യ എന്നിവരുടേയും പേരുകൾ ഉത്തരക്കടലാസിൽ എഴുതിവെച്ചവർക്ക് 50 ശതമാനത്തിലേറെ മാർക്ക് നൽകി വിജയിപ്പിച്ചതായി കണ്ടെത്തി.
തുടർന്ന് യൂനിവേഴ്സിറ്റി ഇതുസംബന്ധിച്ച് അന്വേഷണം നടത്താൻ 2023 ഡിസംബർ 21ന് ഒരു സമിതിയെ നിയോഗിക്കുകയും ചെയ്തു. സമിതിയുടെ നേതൃത്വത്തിൽ വിദ്യാർഥികളുടെ ഉത്തരക്കടലാസുകൾ പരിശോധിച്ചതിൽ ക്രമക്കേട് കണ്ടെത്തുകയും രണ്ട് പ്രൊഫസർമാർക്കെതിരെ നടപടിയെടുക്കുകയുമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.