'ഞാനൊരു ഭിന്നശേഷിക്കാരിയാണ്; എല്ലാ കുട്ടികളും എന്റെ മക്കളെ പോലെ' -മുസ്‍ലിം വിദ്യാർഥിയെ അടിച്ച സംഭവത്തിൽ വിശദീകരണവുമായി അധ്യാപിക
text_fieldsന്യൂഡൽഹി: ഉത്തർ പ്രദേശിലെ മുസഫർനഗർ കുബ്ബപൂരിലെ നേഹ പബ്ലിക് സ്കൂളിൽ സഹവിദ്യാർഥികളെ കൊണ്ട് ഏഴുവയസുള്ള മുസ്‍ലിം വിദ്യാർഥിയുടെ മുഖത്തടിപ്പിച്ച സംഭവത്തിൽ വിശദീകരണവുമായി അധ്യാപിക തൃപ്ത ത്യാഗി. വർഗീയത മൂലമാണ് താൻ കുട്ടിയെ അടിക്കാൻ നിർദേശം നൽകിയതെന്ന വാർത്തകൾ അധ്യാപിക തള്ളി. ഗൃഹപാഠം ചെയ്തുകൊണ്ടുവരാത്തതിനാലാണ് കുട്ടിയെ ശിക്ഷിക്കാൻ നിർദേശിച്ചത്.
''കുട്ടിയോട് കർശനമായി പെരുമാറാൻ മാതാപിതാക്കളിൽ നിന്ന് സമ്മർദ്ദം ഉണ്ടായിരുന്നു. ഞാനൊരു ഭിന്നശേഷിക്കാരിയാണ്. അതിനാൽ അവനെ ശിക്ഷിക്കാൻ മറ്റ് വിദ്യാർഥികളുടെ സഹായം തേടിയതാണ്. അങ്ങനെയെങ്കിലും ആ കുട്ടി ഗൃഹപാഠം ചെയ്തുകൊണ്ടുവരട്ടെ എന്ന് കരുതി.''-തൃപ്ത ത്യാഗി പറഞ്ഞു.
വിഡിയോ എഡിറ്റ് ചെയ്ത് വർഗീയമായി ചിത്രീകരിക്കുകയായിരുന്നു. കുട്ടിയുടെ ബന്ധു ക്ലാസിലിരിക്കുന്നുണ്ടായിരുന്നു. അവനാണ് വിഡിയോ ചിത്രീകരിച്ച് പ്രചരിപ്പിച്ചത്. എല്ലാകുട്ടികളും എന്റെ മക്കളെ പോലെയാണ്. എന്റെ തെറ്റ് അംഗീകരിക്കുന്നു. ചെറിയൊരു വിഷയം വലുതാക്കി പ്രചരിപ്പിക്കുകയായിരുന്നു. എല്ലാ രാഷ്ട്രീയക്കാരോടും പറയാനുള്ളത് ഇതാണ്. രാഹുൽ ഗാന്ധി അടക്കമുള്ള രാഷ്ട്രീയ നേതാക്കൾ ഇതേക്കുറിച്ച് ട്വീറ്റ് ചെയ്തു. ഇങ്ങനെയായാൽ അധ്യാപകർ കുട്ടികളെ എങ്ങനെ പഠിപ്പിക്കും?’-തൃപ്ത ത്യാഗി പറഞ്ഞു.
അധ്യാപികക്കെതിരെ കേസ് രജിസ്റ്റർ ചെയ്തതായി മുസഫർനഗർ ജില്ല മജിസ്ട്രേറ്റ് അരവിന്ദ് മല്ലപ്പ ബങ്കാരി പറഞ്ഞു. രക്ഷിതാക്കൾ ആദ്യം പരാതി നൽകാൻ തയാറായിരുന്നില്ല. എന്നാൽ, ഇന്നു രാവിലെ പരാതിയുമായി പൊലീസ് സ്റ്റേഷനിൽ എത്തി. അത് രജിസ്റ്റർ ചെയ്തു. -ബങ്കാരി പറഞ്ഞു.
നേഹ പബ്ലിക് സ്കൂളിലെ ക്ലാസ് മുറിയിൽ മുസ്‍ലിം വിദ്യാർഥിയെ എഴുന്നേൽപിച്ച് നിർത്തിയ അധ്യാപിക, മറ്റു വിദ്യാർഥികളെ കൊണ്ട് ഈ കുട്ടിയുടെ മുഖത്ത് അടിപ്പിക്കുകയായിരുന്നു. ഇത് മറ്റൊരാൾ വിഡിയോയിൽ പകർത്തി പ്രചരിപ്പിച്ചു. വ്യാഴാഴ്ചയാണ് സംഭവം നടന്നതെന്ന് മർദനത്തിനിരയായ കുട്ടി പറഞ്ഞു. മുമ്പും വിദ്യാർഥികളെ സഹപാഠികളെ കൊണ്ട് തല്ലിക്കുന്ന ശീലം തൃപ്ത ത്യാഗി എന്ന അധ്യാപികയ്ക്ക് ഉണ്ടായിരുന്നതായി മർദനമേറ്റ കുട്ടിയുടെ മാതാവ് റുബീന മാധ്യമങ്ങളോാട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.