യു.പി: ബി.ജെ.പി സഖ്യകക്ഷിയുടെ ആദ്യ സ്ഥാനാർഥി മുസ്ലിം
text_fieldsലഖ്നോ: ഉത്തർപ്രദേശിൽ ബി.ജെ.പിയുടെ സഖ്യകക്ഷിയായ അപ്നദളിന്റെ ആദ്യ സ്ഥാനാർഥി മുസ്ലിം. രാംപുർ ജില്ലയിലെ സുവാറിൽനിന്ന് മത്സരിക്കാൻ ഹൈദർ അലി ഖാനെയാണ് പാർട്ടി നിയോഗിച്ചത്. തടവിൽ കഴിയുന്ന സമാജ്വാദി പാർട്ടി എം.പി അഅ്സം ഖാന്റെ മകൻ അബ്ദുല്ല അഅ്സം ഹൈദർ അലി ഖാന്റെ എതിർ സ്ഥാനാർഥിയാകുമെന്നാണ് കരുതുന്നത്.
അതേസമയം, സംസ്ഥാനത്ത് ബി.ജെ.പിയുടെ സഖ്യകക്ഷികളായ അപ്ന ദൾ, നിഷാദ് പാർട്ടി എന്നിവരുമായി ഇതുവരെ ഔദ്യോഗിക സീറ്റ് ധാരണയുണ്ടായിട്ടില്ല. അതിനു മുമ്പേ അപ്ന ദൾ സ്വന്തം സ്ഥാനാർഥിയെ പ്രഖ്യാപിക്കുകയായിരുന്നു. സുവാർ മണ്ഡലത്തിൽനിന്ന് മത്സരിക്കാൻ കോൺഗ്രസ് പ്രഖ്യാപിച്ചതും ഹൈദർ അലി ഖാനെയാണ്. കോൺഗ്രസ് പട്ടികയിൽ ഇടംപിടിച്ചശേഷമാണ് ഹൈദർ അലി ഖാൻ കൂറുമാറി അപ്ന ദളിലെത്തിയത്. യു.പി തെരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ സഖ്യകക്ഷി മുസ്ലിമിനെ സ്ഥാനാർഥിയാക്കുന്നത് അപൂർവതയായാണ് വിലയിരുത്തപ്പെടുന്നത്.
രാംപുർ രാജകുടുംബാംഗമാണ് ഹൈദർ അലി ഖാൻ. ഇദ്ദേഹത്തിന്റെ മുത്തച്ഛൻ സുൾഫിക്കർ അലി ഖാൻ രാംപുറിൽനിന്ന് അഞ്ചുവട്ടം കോൺഗ്രസ് എം.പിയായിരുന്നു. ഹൈദറിന്റെ പിതാവ് നവാബ് കാസിം അലി ഖാൻ നാലുവട്ടം എം.എൽ.എയായി. ഇത്തവണ സുവാറിന് തൊട്ടടുത്ത രാംപുറിൽനിന്ന് കോൺഗ്രസ് സ്ഥാനാർഥിയായി അദ്ദേഹം മത്സരിക്കുന്നുമുണ്ട്.
ഡൽഹിയിൽ അപ്ന ദൾ നേതാവ് അനുപ്രിയ പട്ടേലിനെ സന്ദർശിച്ചശേഷമാണ് ഹൈദർ അലി ഖാൻ കോൺഗ്രസ് വിട്ടത്. 2017ൽ എസ്.പി ടിക്കറ്റിൽ സുവാറിൽനിന്ന് വിജയിച്ച അബ്ദുല്ല അഅ്സമിന്റെ തെരഞ്ഞെടുപ്പ് അലഹാബാദ് ഹൈകോടതി പിന്നീട് റദ്ദാക്കിയിരുന്നു. പത്രിക നൽകുമ്പോൾ അബ്ദുല്ല അഅ്സമിന് 25 വയസ്സ് തികഞ്ഞിരുന്നില്ലെന്ന് കണ്ടെത്തിയതിനെ തുടർന്നായിരുന്നു ഇത്. 2020 ഫെബ്രുവരിക്കുശേഷം പല കേസുകളിലായി അബ്ദുല്ല അഅ്സം നിരവധി തവണ ജയിൽശിക്ഷയും അനുഭവിച്ചിട്ടുമുണ്ട്. ഏതാനും ദിവസം മുമ്പ് ജാമ്യം ലഭിച്ച അദ്ദേഹത്തിന് വീണ്ടും എസ്.പി സ്ഥാനാർഥിയായി സീറ്റ് ലഭിച്ചേക്കും.
അബ്ദുല്ലയുടെ പിതാവ് അഅ്സം ഖാൻ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങാൻ ഇടക്കാല ജാമ്യം തേടി സുപ്രീംകോടതിയെ സമീപിച്ചിരിക്കുകയാണ്. മകനുവേണ്ടി വ്യാജ ജനന സർട്ടിഫിക്കറ്റുണ്ടാക്കിയതിനാണ് അഅ്സം ഖാന് ജയിൽശിക്ഷ ലഭിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.