ഉത്തരവുകൾ അനുസരിച്ചില്ല; പൊലീസ് മേധാവിയെ തൽസ്ഥാനത്ത് നിന്ന് നീക്കം ചെയ്ത് യു.പി സർക്കാർ
text_fieldsലഖ്നോ: സംസ്ഥാന സർക്കാറിന്‍റെ ഉത്തരവുകൾ അനുസരിക്കാത്ത പൊലീസ് മേധാവിയെ തൽസ്ഥാനത്ത് നിന്ന് നീക്കം ചെയ്തതായി ഉത്തർപ്രദേശ് സർക്കാർ അറിയിച്ചു. ഡയറക്ടർ ജനറൽ ഓഫ് പൊലീസായിരുന്ന മുകുൾ ഗോയലിനെ സിവിൽ ഡിഫൻസ് ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ ജനറലിലേക്കാണ് മാറ്റിയത്. ഗോയലിന് പകരം പ്രശാന്ത് കുമാറിനെ തൽസ്ഥാനത്തേക്ക് നിയമിക്കും. കഴിഞ്ഞ മാസം സംസ്ഥാനത്തെ ക്രമസമാധാന നില സംബന്ധിച്ച് മുഖ്യമന്ത്രി നടത്തിയ ചർച്ചയിൽ ഗോയൽ പങ്കെടുത്തിരുന്നില്ല. ഇത് യോഗി ആദിത്യനാഥിന് അതൃപ്തിയുണ്ടാക്കിയെന്ന് വാർത്തകൾ വന്നതിന് പിന്നാലെയാണ് സ്ഥലമാറ്റം.
1987 ബാച്ചിലെ ഐ.പി.എസ് ഓഫീസറായ മുകുൾ ഗോയൽ 2021 ജൂലൈയിലാണ് ഉത്തർപ്രദേശിലെ ഡി.ജി.പിയായി ചുമതലയേൽക്കുന്നത്. സംസ്ഥാനത്തെ കുറ്റകൃത്യങ്ങൾ നിയന്ത്രിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും പൊലീസുകാരെ സംവേദനക്ഷമതയുള്ളവരായി മാറ്റുമെന്നും ഉറപ്പ് നൽകിയാണ് അദ്ദേഹം അധികാരത്തിലേറിയത്.
നേരത്തെ അൽമോറ, ജലൗൺ, മെയിൻപുരി, ഹത്രാസ്, അസംഗഢ്, ഗോരഖ്പൂർ, വാരണാസി, സഹാറൻപൂർ, മീററ്റ് ജില്ലകളിൽ എസ്.പി, എസ്.എസ്.പി എന്നീ നിലകളിൽ മുകുൾ ഗോയൽ പ്രവർത്തിച്ചിട്ടുണ്ട്. കൂടാതെ ഇൻഡോ-ടിബറ്റൻ ബോർഡർ പൊലീസിലും ദേശീയ ദുരന്ത നിവാരണ സേനയിലും അദ്ദേഹം നിയമിതനായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.